
‘റെന്റ് എ ബൈക്ക്’ സർവീസിന്റെ ഉദ്ഘാടനം സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷ് സ്കൂട്ടർ ഓടിച്ച് ബുധനാഴ്ച ഉദ്ഘാടനംചെയ്യുന്നു
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലിറങ്ങി ഉല്ലാസത്തിനോ ബന്ധുവീട് സന്ദർശനത്തിനോ ചികിത്സയ്ക്കോ ഇന്റർവ്യൂവിനോ ഒക്കെ പോകണോ? ബസ് കാത്തുനിന്ന് വലയേണ്ട. ഓട്ടോചേട്ടന്മാരും ടാക്സിക്കാരും അമിതചാർജ് വാങ്ങുമെന്ന പേടിവേണ്ട. സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റെന്റ് എ ബൈക്ക് സർവീസ് തുടങ്ങി.
ഈ സർവീസിൽ 30 ഇലക്‌ട്രിക് സ്കൂട്ടറുകളാണുള്ളത്. ആദ്യഘട്ടത്തിൽ ഏതറിന്റെ എട്ട് ഇലക്‌ട്രിക് സ്കൂട്ടറുകളാണുള്ളത്. ഒരുമണിക്കൂറിന് 50 രൂപമാത്രമേ വാടകവരൂ. ഒരുദിവസത്തേക്ക് 750 രൂപയും 12 മണിക്കൂറിന് 500 രൂപയുമാണ് ചാർജ്. റെന്റ് എ ബൈക്ക് സർവീസിന്റെ ഉദ്ഘാടനം ബുധനാഴ്ച സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷ് ഇലക്‌ട്രിക് സ്കൂട്ടർ ഓടിച്ച് ഉദ്ഘാടനംചെയ്തു.
മംഗളൂരുവിനും തിരൂരിനും പിന്നാലെയാണ് ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽ കോഴിക്കോട് സ്റ്റേഷനിൽ ഈ സൗകര്യമൊരുങ്ങുന്നത്. നാലാം പ്ലാറ്റ്ഫോമിലാണ് ടൂവീലറുകൾ പാർക്കുചെയ്യുക. പെരിന്തൽമണ്ണ എഫ്ജെ ബിസിനസ് ആൻഡ് ഇനവേഷൻസാണ് സ്ഥാപനം നടത്തുന്നത്. നാലാം പ്ലാറ്റ്‌ഫോമിനരികിലാണ് ഇതിന്റെ ഓഫീസും വെഹിക്കിൾ പാർക്കിങ് ഷെഡും സജ്ജീകരിച്ചിട്ടുള്ളത്.
ഈ സേവനം പ്രയോജനപ്പെടുത്താൻ: ആധാറിന്റെയും രണ്ടുവർഷമെങ്കിലും മുൻപെടുത്ത ഡ്രൈവിങ് ലൈസൻസിന്റെയും ഒറിജിനൽ ഹാജരാക്കണം. 1000 രൂപ സെക്യൂരിറ്റിയായി നൽകണം. വാഹനം തിരികെ ഏൽപ്പിക്കുമ്പോൾ സെക്യൂരിറ്റി തുക മടക്കിനൽകും. റെയിൽവേ അനുവദിച്ചിട്ടുള്ള നിരക്കുകൾ മാത്രമേ ഈടാക്കൂ. വണ്ടി ഉപയോഗിച്ച് ഏതെങ്കിലും നിയമലംഘനങ്ങൾ നടത്തിയാൽ വാടകയ്ക്കെടുക്കുന്നയാൾ മാത്രമായിരിക്കും ഉത്തരവാദി.
അപകടമുണ്ടായാൽ ഇൻഷുറസ് തുക ക്ലെയിംചെയ്ത് ലഭിക്കുന്നതുവരെയുള്ള ദിവസവാടക നൽകണം. എല്ലാ വാഹനങ്ങളും ഫുൾകവർ ഇൻഷുറൻസ് ഉള്ളവയാണ്. ചാർജിങ് സ്റ്റേഷനും വാഹനം സൂക്ഷിച്ചിട്ടുള്ള ഷെഡിലുണ്ട്. ഫുൾചാർജോടെയായിരിക്കും വാഹനം നൽകുക. വഴിയിൽ വീണ്ടും ചാർജ് ചെയ്യേണ്ടിവന്നാൽ അതിന്റെ ചെലവ് ഉപയോക്താവ് വഹിക്കേണ്ടിവരും.
24 മണിക്കൂർ ദിവസവാടകയ്ക്ക് എടുക്കുന്നവർക്ക് ചാർജർ നൽകും. 130 കിലോമീറ്റർവരെയുള്ള യാത്രയ്ക്ക് ഇത് ആവശ്യമില്ല. ഹെൽമെറ്റ് ഒരെണ്ണം സൗജന്യ ഉപയോഗത്തിന് നൽകും. രണ്ടാമതൊന്നുകൂടി വേണമെങ്കിൽ 50 രൂപ നൽകണം. എത്രദിവസത്തേക്കുവേണമെങ്കിലും വാടകയ്ക്കെടുക്കാം.
Content Highlights: Kozhikode Railway Station now offers `Rent-a-Bike` service. No more waiting for buses/autos. Affordable electric scooter rentals for 24/7 convenience. Learn more!
Published: 11 Dec 2025, 09:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented