
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിൽ തലയെടുപ്പോടെ നിന്ന രണ്ട് പൈതൃക ഗോപുരങ്ങളുടെ ഭംഗി ആസ്വദിച്ചവർ ഏറെയുണ്ടാകും. എന്നാൽ, ആ തലയെടുപ്പിനു പിന്നിൽ ബുദ്ധിപരമായ ഒരു കാര്യം കൂടിയുണ്ടെന്ന് ഇന്നത്തെ തലമുറയ്ക്ക് അധികം അറിയാനിടയില്ല.
സിഗ്‌നൽസംവിധാനങ്ങളും മറ്റും വളരെയേറെ വികസിക്കുന്നതിനു മുൻപത്തെ കാര്യമാണത്. തീവണ്ടികൾ അക്ഷരാർത്ഥത്തിൽ തീയും പുകയും തുപ്പി വരുന്ന കാലഘട്ടത്തിൽ അവ വരുന്നത് ദൂരെനിന്ന് കാണാനുള്ള ഒരു സംവിധാനം കൂടിയായിരുന്നു ഇത്. ഈ ഗോപുരത്തിന് ഉള്ളിലെ കോണിയിലൂടെ മുകളിൽക്കയറി നോക്കിയാൽ വളരെ ദൂരെ നിന്നുതന്നെ തീവണ്ടിയുടെ പുകച്ചുരുൾ കാണാനാവുമായിരുന്നു. റെയിൽവേ സ്റ്റേഷന്റെ വടക്കു ഭാഗത്തും തെക്കു ഭാഗത്തും രണ്ട് ഗോപുരങ്ങൾ പണിതത് ഈ ഒരു ലക്ഷ്യത്തോട് കൂടിയായിരുന്നു.
1888 ജനുവരിയിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. എസ് ആകൃതിയിലായിരുന്ന ട്രാക്കുകളിലൂടെ ദൂരെ നിന്ന് ട്രെയിനുകൾ വരുന്നതു കാണാൻ പ്രയാസമായിരുന്നു. അക്കാലത്ത് ട്രെയിൻ തൊട്ടുമുൻപത്തെ സ്റ്റേഷൻ വിട്ടാൽ അടുത്ത സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചു പറയുകയാണ് ചെയ്തിരുന്നത്.
''ട്രെയിനുകളുടെ എണ്ണം അന്ന് വളരെ കുറവായിരുന്നു. ഫോൺവിളി എത്തിക്കഴിഞ്ഞാൽ ഉടൻ ജീവനക്കാരിലൊരാൾ ഗോപുരത്തിൽക്കയറി നിരീക്ഷിക്കുകയാണ് ചെയ്തിരുന്നത്. വണ്ടിയുടെ പുക കാണുമ്പോൾ ബെല്ലടിക്കുന്നതായിരുന്നു രീതി''-എഴുത്തുകാരനും ഗവ. അംഗീകൃത ഗൈഡുമായ കെ. മോഹനൻ പറയുന്നു.
ഓർമ്മയിൽ മായാതെ ക്ലോക്ക് ടവറും
കോഴിക്കോട് സ്റ്റേഷന്റെ മുഖച്ഛായയായി ഈ രണ്ടു ടവറുകൾ കൂടാതെ ഒന്നാം പ്ലാറ്റ്ഫോമിന് മുൻപിൽ ക്ലോക്കോടു കൂടിയ യഥാർഥ ക്ലോക്ക് ടവറുമുണ്ടായിരുന്നു.
ബ്രിട്ടീഷുകാരുടെ കാലത്തു സ്ഥാപിച്ച വലിയ ക്ലോക്കാണ് അതിലുണ്ടായിരുന്നത്. സ്റ്റേഷൻപ്രവർത്തനം തുടങ്ങുമ്പോൾ അത് കെട്ടിടത്തിന്റെ മുൻഭാഗത്തെ ചുമരിൽ തൂക്കിയ നിലയിലായിരുന്നു. പിന്നീടാണ് ടവർ സ്ഥാപിച്ച് ക്ലോക്ക് അതിലേക്കു മാറ്റിയത്.
മിന്നലേറ്റിട്ടും വീഴാതെ...
: 100 വർഷത്തിലേറെ പഴക്കമുള്ള ഈ ഗോപുരങ്ങൾക്ക് മറ്റൊരു ചരിത്രം കൂടിയുണ്ട്. തെക്കേ അറ്റത്തുള്ള ഗോപുരം തകർന്നു വീണത് ജൂലായ് ഒൻപതിനാണെങ്കിൽ 46 വർഷങ്ങൾക്കു മുൻപ് 1980 ജൂലായ് ഒൻപതിന്റെ മാതൃഭൂമി പത്രം ഇറങ്ങിയത് ഇതേ ഗോപുരങ്ങളെക്കുറിച്ചുള്ള മറ്റൊരു വാർത്തയുമായായിരുന്നു. ഇന്നു തകർന്നത് തെക്കേ ഗോപുരമാണെങ്കിൽ അന്ന് വടക്കേ ഗോപുരത്തിന് മിന്നലേറ്റ് വിള്ളൽവീണ വാർത്തയായിരുന്നു അത്.
തെക്കേ ഗോപുരത്തിന്റെ സിമന്റ് തേപ്പുകൾ നേരത്തെ പൊളിഞ്ഞിരുന്നതായും ആ വാർത്തയിൽ പറയുന്നു. ചില മിനുക്കുപണികൾ ചെയ്ത് ഗോപുരം ഉറപ്പിച്ചു നിർത്താനാണ് അധികൃതരുടെ തീരുമാനമെന്നും വാർത്തയിലുണ്ട്. പിന്നീട് പുറംമോടിയിലല്ലാതെ കാര്യമായ അറ്റകുറ്റപ്പണികൾ ഗോപുരത്തിൽ നടന്നിട്ടില്ല.
Content Highlights: Kozhikode Railway Station began operations in January 1888., The two towers were built as observation points to spot steam train smoke from a distance., Staff monitored train arrivals from the towers and signaled by ringing bells., The station originally featured a historic British-era clock tower., The towers have survived over 100 years despite structural challenges and lightning strikes.
Published: 10 Jul 2026, 09:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented