കോഴിക്കോട്: പുരാതനകാലം മുതലേ നിർമാണത്തിനുപയോഗിക്കുന്ന സുർക്കിയുടെ ബലത്തെക്കുറിച്ച് ഇനി ആരോട് തർക്കിച്ചാലും കോഴിക്കോട്ടെ റെയിൽവേ ഉദ്യോഗസ്ഥരോട് തർക്കിക്കരുത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞദിവസം തകർന്നുവീണ ഗോപുരത്തിന്റെ ബാക്കി പൊളിച്ചുനീക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റി മുട്ടുമടക്കേണ്ടിവന്നു റെയിൽവേയ്ക്ക്.

To advertise here,

തകർന്ന് മണിക്കൂറുകൾക്കകംതന്നെ ഗോപുരത്തിന്റെ ബാക്കിഭാഗം പൊളിച്ചുനീക്കാൻ റെയിൽവേ ശ്രമംതുടങ്ങി. എന്നാൽ, ചെങ്കല്ലും (വെട്ടുകല്ല്) സുർക്കിയും ഉപയോഗിച്ച് നിർമിച്ച 138 വർഷം പഴക്കമുള്ള ഗോപുരം കുലുങ്ങാതെനിന്നു. ഒടുവിൽ തൊഴിലാളികൾ കെട്ടിടത്തിന് മുകളിൽക്കയറി ഡ്രിൽചെയ്ത് ഒരോ കല്ലായി ഇളക്കിമാറ്റേണ്ടിവന്നു.

പകുതിയോളമെത്തിയപ്പോഴാണ് വടംകെട്ടി കെട്ടിടഭാഗങ്ങൾ വലിച്ചിട്ടത്. അതോടെ പണ്ടുകാലംമുതൽ കെട്ടിടനിർമാണത്തിന് ഉപയോഗിച്ചിരുന്ന ചുണ്ണാമ്പുമിശ്രിതമായ സുർക്കി (സുർഖി) ആളുകൾക്കിടയിൽ താരവുമായി. വെന്ത കളിമണ്ണ് അല്ലെങ്കിൽ ഇഷ്ടിക പൊടിച്ചെടുത്ത പൊടി (സുർഖി), ചുണ്ണാമ്പ്, വെള്ളം എന്നിവ ചേർത്താണ് ഈ മിശ്രിതം ഉണ്ടാക്കുന്നത്.

സിമന്റുംമറ്റും ഇത്ര പ്രചാരത്തിലാവുന്നതിന് മുൻപ് പടവുകെട്ടാനും തേക്കാനും മറ്റും ഉപയോഗിച്ചിരുന്നത് ഈ സുർഖി മിശ്രിതമാണ്. കല്ലുകളോ, ഇഷ്ടികകളോ പരസ്പരം ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന പേസ്റ്റായ മോർട്ടാറിൽ മണലിനുപകരം സുർക്കി ഉപയോഗിച്ചാൽ ചെലവുകുറയുമെന്നും ഉറപ്പും ജലപ്രതിരോധശേഷിയും കൂടുമെന്നുമാണ് വിദഗ്ധർ പറയുന്നത്.

ഇത്രകാലമായിട്ടും തലയോടുപ്പോടെനിന്ന ഗോപുരം തകരാൻകാരണം റെയിൽവേ സ്റ്റേഷന്റെ ഇരുഭാഗങ്ങളിലും കെട്ടിടനിർമാണത്തിനായി നടന്ന പൈലിങ്ങാണെന്നാണ് നിഗമനം.

അന്വേഷണസമിതിയെ നിയോഗിച്ചു; രണ്ട് ദിവസത്തിനകം പൊളിച്ച് നീക്കും

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ 138 വർഷം പഴക്കമുള്ള ഗോപുരം തകർന്നുവീണ സംഭവം അന്വേഷിക്കാൻ റെയിൽവേ അന്വേഷണസമിതിയെ നിയോഗിച്ചു. സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട്ടെത്തി പരിശോധനകൾ തുടങ്ങി.

ഗോപുരത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങൾ രണ്ടുദിവസത്തിനകം പൊളിച്ചുനീക്കും. വ്യാഴാഴ്ച രാത്രി ആരംഭിച്ച ജോലികൾ ഊർജിതമായി നടക്കുന്നുണ്ടെന്ന് പാലക്കാട് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ജെറിൻ ആനന്ദ് അറിയിച്ചു.

രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകൾ അടച്ചിട്ടാണ് ജോലികൾ പുരോഗമിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടോടെ പകുതിയോളംഭാഗം താഴെയിറക്കിയിരുന്നു. പ്ലാറ്റ്ഫോമിലെ അവശിഷ്ടങ്ങൾ നീക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. റെയിൽവേയുടെ യൂട്ടിലിറ്റി മെഷീൻ ഉപയോഗിച്ച് നീക്കുന്ന അവശിഷ്ടങ്ങൾ ട്രക്കിൽ കയറ്റിയാണ് കൊണ്ടുപോകുന്നത്.

ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിനുകൾ വരുകയും പോവുകയും ചെയ്യുമ്പോൾ ഭാഗികമായി നിർത്തിവെച്ചശേഷമാണ് ജോലികൾ തുടരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തുള്ള നിർമിതിയായതിനാൽ പൊളിക്കുന്നതിന് ഏറെ പ്രയാസം നേരിടുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

മറ്റ് പ്ലാറ്റ്ഫോമുകളിലെ തിരക്കുകാരണമാണ് സംഭവദിവസം കോഴിക്കോട്-കണ്ണൂർ എക്‌സ്പ്രസ് രണ്ടിൽ നിർത്തിയിടേണ്ടിവന്നതെന്നും എ.ഡി.ആർ.എം പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഈ ട്രെയിൻ പോയശേഷം ജോലിതുടങ്ങാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, അടിയന്തരസാഹചര്യം കണക്കിലെടുത്ത് രാവിലെതന്നെ തുടങ്ങുകയായിരുന്നു.

സ്റ്റേഷൻ പുനരുദ്ധാരണത്തിന്റെ ഭാഗമായി മൂന്നാം പ്ലാറ്റ്ഫോം പൊളിച്ചുതുടങ്ങാൻ രണ്ടുമാസമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊളിക്കുന്നതിന്റെ ഭാഗമായി മൂന്നിൽനിന്ന് ഓഫീസ് കെട്ടിടങ്ങൾ നാലാം പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വേണ്ടതിനാലാണ് ഇത്.

സ്റ്റേഷൻ സൂപ്രണ്ട്, ആർ.ടി.എഫ്., സ്റ്റേഷൻ മാനേജർ, ചീഫ് കൊമേഴ്സ്യൽ മാനേജർ എന്നിവരുടെ ഓഫീസുകൾ ഉൾപ്പെടെയുള്ളവയാണ് നാലിലേക്ക് മാറ്റുന്നത്. എല്ലാ സ്റ്റേഷനുകളിലേക്കുമുള്ള സിഗനൽസംവിധാനവും ഉപകരണങ്ങളും നാലിലേക്കാണ് മാറ്റുന്നത്.

ട്രെയിനുകൾ പഴയപടി; യാത്രക്കാർക്ക് ആശ്വാസം

 ഗോപുരം പൊളിഞ്ഞുവീണ് രണ്ടാംദിനം ട്രെയിനുകൾ പഴയപടി ഓടിത്തുടങ്ങി. സുരക്ഷാവലയം ഒരുക്കിയിരുന്ന രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളിൽ സാധാരണയായി പോകുന്ന എല്ലാ ട്രെയിനുകളും ഒന്ന്, നാല് പ്ലാറ്റ്ഫോമുകളിലൂടെയാണ് വെള്ളിയാഴ്ച പോയത്.

ട്രെയിനുകൾ അരമണിക്കൂറിൽ കൂടുതൽ വൈകിയില്ലെന്നും യാത്രക്കാർക്ക് വ്യാഴാഴ്ച കാത്തിരുന്നപോലെ ബുദ്ധിമുട്ടേണ്ടിവന്നില്ലെന്നും റെയിൽവേ അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.05-ന് കോഴിക്കോട്ടുനിന്നും യാത്രതിരിക്കേണ്ട കണ്ണൂർ പാസഞ്ചർ ട്രെയിൻമാത്രമാണ് വെസ്റ്റ്ഹിലിൽനിന്ന് ആരംഭിച്ചത്.

ശനിയാഴ്ചമുതൽ കണ്ണൂർ പാസഞ്ചറും കോഴിക്കോട്ടുനിന്നാകും യാത്ര ആരംഭിക്കുകയെന്ന് സ്റ്റേഷൻമാസ്റ്റർ പറഞ്ഞു.

ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ ഏകദേശം കൃത്യസമയത്തുതന്നെ ഒന്നിലും നാലിലുംകൂടെ കടത്തിവിടാൻ കഴിഞ്ഞു. കെ.എസ്.ആർ. ബെംഗളൂരു എക്‌സ്പ്രസ് 12.20-ന് കോഴിക്കോട്ടെത്തി 3.30-നാണ് എടുക്കാറുള്ളത്.

എന്നാൽ, പ്ലാറ്റ്ഫോമുകളുടെ പരിമിതിമൂലം കല്ലായി റെയിൽവേ സ്റ്റേഷനിലാണ് വെള്ളിയാഴ്ച നിർത്തിയിട്ടത്. 3.15-ന് കോഴിക്കോട് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന വണ്ടി 3.30-നുതന്നെ പുറപ്പെട്ടു.