കോഴിക്കോട്: സംഗീതത്തിനൊത്ത് വര്‍ണങ്ങള്‍ നൃത്തംചെയ്തിരുന്ന സംഗീതജലധാര വര്‍ഷങ്ങള്‍ക്കുശേഷം മാനാഞ്ചിറയില്‍ തിരിച്ചെത്തുന്നു. ആരും പരിപാലിക്കാതെ തുരുമ്പെടുത്ത് നശിച്ചതിനുപകരം പുതിയ സംഗീതജലധാര സ്ഥാപിക്കാനായി സംസ്ഥാന ടൂറിസം വകുപ്പ് 2.4 കോടിരൂപ അനുവദിച്ചു.

To advertise here,

പത്തുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടൂറിസംവകുപ്പറിയിച്ചു. നിര്‍മാണത്തിനൊപ്പം നാലുവര്‍ഷത്തെ അറ്റകുറ്റപ്പണിയുടെ ചുമതലയും സ്ഥാപിക്കുന്നവര്‍ക്കുതന്നെയായിരിക്കും. സംഗീതജലധാര സ്ഥാപിക്കുന്നതോടെ മാനാഞ്ചിറ കൂടുതല്‍ ആകര്‍ഷകമാവുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സൗന്ദര്യവത്കരിച്ച മിഠായിത്തെരുവിനൊപ്പം ഇതുകൂടിയാവുമ്പോള്‍ നഗരത്തിന്റെ നൈറ്റ് ലൈഫ് കൂടുതല്‍ മികച്ചതാകുമെന്നും മന്ത്രി പറഞ്ഞു.

1994 നവംബര്‍ നാലിന് അന്നത്തെ കളക്ടറും ഇന്നത്തെ മാനാഞ്ചിറയുടെ ശില്പിയുമായ അമിതാഭ് കാന്ത് മുന്‍കൈയെടുത്താണ് ജലധാര തുടങ്ങിയത്. അത് മാനാഞ്ചിറയുടെ പ്രധാന ആകര്‍ഷണീയതയായിരുന്നു. ഇതിനോടുചേര്‍ന്ന് പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്ക്കല്‍ ഒരുക്കിയ പടയാളിയുടെ ശില്പവുമുണ്ടായിരുന്നു. അന്ന് നഷ്ടക്കണക്കുപറഞ്ഞാണ് നടത്തിപ്പുകാര്‍ ജലധാരയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചുപോയത്. പിന്നീട് മാനാഞ്ചിറ മോടികൂടിയപ്പോഴൊന്നും ജലധാര നന്നാക്കിയില്ല.

വര്‍ഷങ്ങള്‍ക്കുശേഷം മാനാഞ്ചിറ മൈതാനം വീണ്ടും കാണാനെത്തിയ കോഴിക്കോടിന്റെ മുന്‍ കളക്ടര്‍കൂടിയായ അമിതാഭ്കാന്ത് തുരുമ്പെടുത്ത ജലധാരയടക്കമുള്ള മാനാഞ്ചിറയുടെ അവസ്ഥകണ്ട് ദുഃഖം തോന്നുന്നുവെന്ന് ഞായറാഴ്ച പറഞ്ഞിരുന്നു.

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നാണ് അമിതാഭ്കാന്ത് പറഞ്ഞത്. അത് നടക്കാതെപോയതിലുള്ള നിരാശയും അദ്ദേഹം പങ്കുവെച്ചിരുന്നു.