വെള്ളിയാഴ്ച തുടങ്ങാനിരിക്കുന്ന ടൂറിസം വകുപ്പിന്റെ നിശാഗന്ധി ഡാൻസ് ഫെസ്റ്റിവലിന്റെ ഇ- ബ്രോഷർ കവർപേജിൽ മുഖ്യമന്ത്രിയുടേയും വകുപ്പ് മന്ത്രിയുടേയും ചിത്രം നൽകിയതിൽ വിമർശനവുമായി മുൻ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് നായർ. ദേശീയ പ്രാധാന്യമുള്ള നൃത്തോത്സവത്തിന്റെ ബ്രോഷറിന്റെ കവർ പേജിൽ വരേണ്ടത് അതിലെ പ്രധാന നർത്തകരുടെ ഫോട്ടോയല്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഇപ്പോഴത്തെ കവർ പേജ് കണ്ടാൽ ഇവരാണ് പ്രധാന നർത്തകർ എന്നല്ലേ ഒരു വിദേശിക്ക് തോന്നുക. മുൻവർഷങ്ങളിൽ ഇതുപോലെ മന്ത്രിമാരുടെ ചിത്രങ്ങൾ കൊടുത്തിരുന്നില്ലെന്നാണ് തന്റെ ഓർമയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

To advertise here,

പ്രശാന്ത് വാസുദേവ് നായരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഈ പോസ്റ്റിനോടൊപ്പം ഉള്ള ചിത്രം നോക്കൂ.

എന്നെപ്പോലെ സർവീസിൽ ഉണ്ടായിരുന്ന, ഇപ്പോഴുമുള്ള, ഇനിയും വരാൻ പോകുന്ന ഉദ്യോഗസ്ഥരുടെ ഒരു ദുര്യോഗമാണിത് !

ഇത് സംസ്ഥാന ടൂറിസം വകുപ്പ് നടത്തുന്ന,

ദേശീയ പ്രാധാന്യമുള്ള ഒരു 'ടൂറിസം ഫെസ്റ്റിവലി'ന്റെ ഇ-ബ്രോഷറിന്റെ കവർ പേജാണ് !

'നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ'.

ഇതൊരു പുതിയ പരിപാടിയല്ല.

പല വർഷങ്ങളിലും ഞാൻ ഈ ഫെസ്റ്റിവലിന്റെ പ്രധാന കോഡിനേറ്റർ ആയിരുന്നു.

അതൊക്കെ ഇവിടെ മുമ്പ് എഴുതിയിട്ടുമുണ്ട്.

നോക്കൂ ,

ദേശീയ പ്രാധാന്യമുള്ള, ടൂറിസം പ്രാധാന്യമുള്ള

ഒരു നൃത്തോത്സവത്തിന്റെ കവർ പേജിൽ വരേണ്ടത് അതിലെ പ്രധാനപ്പെട്ട നർത്തകരുടെ ഫോട്ടോ അല്ലേ?

അല്ലാതെ മുഖ്യമന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും ഫോട്ടോ ആണോ?

ഇത് കണ്ടാൽ ഇവരാണ് പ്രധാന നർത്തകർ എന്നല്ലേ ഇത് കാണുന്ന ഒരു വിദേശിക്ക് തോന്നുക !

ആ ഫോട്ടോകൾക്ക് താഴെ പേരുപോലും കൊടുത്തിട്ടില്ല എന്ന് ഓർക്കുക!

അല്ലെങ്കിൽ എന്തിന് ഈ ഫോട്ടോകൾ എന്നാവും അവർ ചിന്തിക്കുക!

ദുര്യോഗം എന്ന് ഞാൻ എഴുതിയെങ്കിലും

നിശാഗന്ധിയുടെ ബ്രോഷറുകളുടെ കവർ

പേജിൽ ഇതുപോലെ മന്ത്രിമാരുടെ ചിത്രങ്ങൾ കൊടുത്തിരുന്നില്ല എന്നാണ് എന്റെ ഓർമ്മ.

ശ്രീ കോടിയേരി ടൂറിസം മന്ത്രിയായിരുന്നപ്പോൾ

ഇത്തരം കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന,

അദ്ദേഹത്തിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന ശ്രീ സി.എം. രവീന്ദ്രൻ

( ഇപ്പോൾ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി) അങ്ങനെ ഒരിക്കലും

നിഷ്‌കർഷിച്ചിട്ടുമില്ല.

ഒരു സർക്കാർ പ്രധാനപ്പെട്ട വികസന പദ്ധതികൾ നടപ്പാക്കി അവ ഉദ്ഘാടനം ചെയ്യുമ്പോൾ, അല്ലെങ്കിൽ അവയ്ക്ക് തറക്കല്ലിടുമ്പോൾ,

തീർച്ചയായും മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ അല്ലെങ്കിൽ ബന്ധപ്പെട്ട മന്ത്രിയുടെയോ ഫോട്ടോ ഇതുപോലെ പ്രാധാന്യത്തോടെ കൊടുക്കണം.

അത് അവരുടെ നേട്ടമാണ് എന്ന് ജനത്തെ അറിയിക്കുന്നതിൽ തെറ്റില്ല.

നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ എന്നത്

ഒരു ഭരണ നേട്ടമല്ല.

അത് ടൂറിസം പ്രമോഷന്റെ ഭാഗമായി വർഷാവർഷം നടത്തപ്പെടുന്ന ഒരു സാംസ്‌കാരിക പരിപാടി മാത്രമാണ് .

ഈ ഇ - ബ്രോഷർ ഒരുപക്ഷേ ലോകമെമ്പാടും ഷെയർ ചെയ്യപ്പെടുന്നതാണ്.

അവിടെ പ്രസക്തി അതിൽ പങ്കെടുക്കുന്ന

കലാകാരന്മാർക്കാണ് .

അല്ലാതെ മന്ത്രിമാർക്കല്ല.

ഇത്തരത്തിൽ ഫോട്ടോകൾ വയ്ക്കാതെ ഒരു നോട്ടീസും ഒരു ബ്രോഷറും പുറത്തിറങ്ങാൻ പൊതുവേ മന്ത്രി ആഫീസുകൾ സമ്മതിക്കാറില്ല.

എന്തിന്, ഏതു ഫോട്ടോ വേണമെന്നു പോലും

അവർ നിഷ്‌കർഷിക്കും!

അവരോട് ചോദിക്കാതെ ഇഷ്ടമില്ലാത്ത ഫോട്ടോ കൊടുത്താൽ ശകാരവും വേണമെങ്കിൽ സ്ഥാനമാറ്റവും വരെ കിട്ടാം .

ഈ പ്രത്യേക വിഷയം ശ്രദ്ധയിൽപ്പെട്ടാൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും അത് നിരുത്സാഹപ്പെടുത്തും എന്നു തന്നെയാണ് എന്റെ വിശ്വാസം.

സ്‌നേഹം

നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും

പ്രശാന്ത് വാസുദേവ്

മുൻ ഡപ്യൂട്ടി ഡയറക്ടർ

കേരള ടൂറിസം വകുപ്പ്

ടൂറിസം കൺസൾട്ടന്റ്‌