കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു കാളിദാസ് ജയറാമിന്റേയും തരിണി കലിംഗരായരുടേയും വിവാഹം. ഗുരുവായൂരില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇതിന് പിന്നാലെ ചെന്നൈയില്‍ മെഹന്ദി, സംഗീത് ആഘോഷങ്ങളും റിസപ്ഷനും ഒരുക്കിയിരുന്നു. തമിഴ് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ രാഷ്ട്രീയ-സിനിമാരംഗത്തെ പ്രമുഖരാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ബുധനാഴ്ച്ച നടന്ന റിസപ്ഷന് പിന്നാലെ ജയറാമും കുടുംബവും അവധിക്കാലം ആഘോഷിക്കാന്‍ ഫിന്‍ലന്‍ഡിലേക്ക് പറന്നു.

To advertise here,

ഇപ്പോഴിതാ തണുത്തുറയ്ക്കുന്ന ഫിന്‍ലന്‍ഡില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് കാളിദാസ്. കാളിദാസിനും തരിണിക്കുമൊപ്പം ജയറാം, പാര്‍വതി, മാളവിക, നവനീത് എന്നിവരേയും ചിത്രങ്ങളിലും വീഡിയോയിലും കാണാം.

ഫിന്‍ലന്‍ഡിലെ ലാപ്‌ലാന്‍ഡില്‍ നിന്നുള്ള വീഡിയോയാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. -24 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. ലാപ് ലാന്‍ഡിലെ പ്രശസ്തമായ ലെവിയിലെ സ്‌കി റിസോര്‍ട്ടില്‍ നിന്നുള്ള ബാല്‍ക്കണി കാഴ്ച്ച തരിണിയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. 

കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കായുള്ള ആകാംക്ഷയിലാണ് താനെന്ന് ഗുരുവായൂരിലെ വിവാഹത്തിനുശേഷം കാളിദാസിന്റെ സഹോദരി മാളവിക പറഞ്ഞിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായാണ് ഈ യാത്രയെന്നും മാളവിക സൂചിപ്പിച്ചിരുന്നു. 

ഫിന്‍ലന്‍ഡ് എന്ന സന്തോഷ തീരം

യു.എന്നിന്റെ വേള്‍ഡ് ഹാപ്പിനസ് സര്‍വെ പ്രകാരം തുടര്‍ച്ചയായ ഏഴാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തുഷ്ടരാജ്യമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യമാണ് ഫിന്‍ലന്‍ഡ്. വായുവും വെള്ളവും പോലെ പ്രിയപ്പെട്ടതാണ് ഫിന്‍ലന്‍ഡുകാര്‍ക്ക് സന്തോഷവും. എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ശീലിച്ചവരാണ് ഫിന്നിഷ് ജനത. 

അതിമനോഹരമായ ഭൂപ്രകൃതിയുള്ള രാജ്യമാണ് ഫിന്‍ലന്‍ഡ്. അമൂല്യമായ പ്രകൃതി സമ്പത്ത് വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതില്‍ ഫിന്‍ലന്‍ഡുകാര്‍ പ്രഥമ പരിഗണന നല്‍കുന്നു. വനപ്രദേശങ്ങളും തടാകങ്ങളും സംരക്ഷിത പ്രദേശങ്ങളുമെല്ലാം അതിന്റെ സ്വാഭാവികതയോടെ തന്നെ പരിപാലിക്കുന്നു. പ്രകൃതിയോടിണങ്ങിയാണ് ഭൂരിപക്ഷം ജനങ്ങളും ജീവിക്കുന്നത്. എത്രവലിയ പണക്കാരായാലും പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള ജീവിതരീതികള്‍ ഒഴിവാക്കുന്നു. ജീവിതത്തില്‍ സമ്മര്‍ദ്ദങ്ങളുണ്ടാവുമ്പോള്‍ കൂടുതല്‍ പ്രകൃതിയിലേക്കിറങ്ങുക എന്നതാണ് ഫിന്‍ലന്‍ഡുകാരുടെ തന്ത്രം.

വര്‍ഷത്തില്‍ ഏത് സമയത്തെത്തിയാലും സഞ്ചാരികള്‍ക്ക് ഫിന്‍ലന്‍ഡ് ആസ്വദിക്കാന്‍ സാധിക്കും. ശൈത്യകാലത്ത് സ്‌കീയിങ്, സ്‌കേറ്റിങ്, ഐസ് ബാത്ത് തുടങ്ങിയ അതിസാഹസിക വിനോദങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. പരമ്പരാഗതമായ ഇഗ്ലു വീടുകളിലെ താമസമാണ് മറ്റൊരാകര്‍ഷണം. നോര്‍ത്തേണ്‍ ലൈറ്റ്സ് അഥവാ ധ്രുവദീപ്തി കാണാനും നിരവധി സഞ്ചാരികള്‍ ഫിന്‍ലന്‍ഡിലെത്താറുണ്ട്. വേനലില്‍ സൂര്യന്‍ അസ്തമിക്കാത്തത് കൊണ്ടുതന്നെ എപ്പോളും പ്രകാശം നിറഞ്ഞിരിക്കും. മഞ്ഞുകാലത്താകട്ടെ സൂര്യനെ കാണാന്‍ കിട്ടുക പോലുമില്ല. നിരവധി ദ്വീപുകളും നാല്‍പ്പതോളം ദേശീയോദ്യാനങ്ങളും ഫിന്‍ലന്‍ഡിലുണ്ട്. കടലിന്റെയും കരയുടെയും അതിമനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഇവിടങ്ങളിലേക്ക് പോകാം. 

യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ ഭൂമിയുടെ വടക്കേ അറ്റത്തായാണ് ഫിന്‍ലന്‍ഡ് സ്ഥിതി ചെയ്യുന്നത്. ജനസാന്ദ്രത കൂടുതല്‍ തെക്കന്‍ ഫിന്‍ലന്‍ഡിലാണ്. കൂടുതല്‍ സമയവും മഞ്ഞുമൂടിക്കിടക്കുന്ന വടക്കന്‍ ഫിന്‍ലന്‍ഡില്‍ ജനവാസം കുറവാണ്.