ജപ്പാനിലെ ഏറ്റവും ഉയരമേറിയതും പ്രശസ്തവുമായ പര്‍വതമാണ് ഫുജി. എല്ലാ വര്‍ഷവും നിരവധി പര്‍വതാരോഹകരും സഞ്ചാരികളും ഈ പര്‍വതം കയറാനായി എത്താറുണ്ട്. സമീപകാലത്ത് ഫുജി പര്‍വതം കയറാനെത്തുന്നവരുടെ എണ്ണം കുത്തനെ വര്‍ധിച്ചിരുന്നു. ഇത് പല പ്രതിസന്ധികളിലേക്കും നയിച്ചതോടെ ഫുജി കയറുന്നതിന് ജപ്പാന്‍ പല നിയന്ത്രണങ്ങളുമേര്‍പ്പെടുത്തി. ഇപ്പോഴിതാ ഫുജി കയറാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നിര്‍ബന്ധമാക്കിയിരിക്കുകയാണ് അധികൃതര്‍.

To advertise here,

ജാപ്പനീസ്‌ സംസ്‌കാരത്തില്‍ ഏറെ പ്രാധാന്യമുള്ള പര്‍വതമായ ഫുജിയിലെ അമിത ടൂറിസം പൊതുജനങ്ങള്‍ക്കും സര്‍ക്കാരിനും തലവേദനയാകാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായിരുന്നു. പരിസ്ഥിതി നശീകരണവും അപകടങ്ങളും മുതല്‍ വിനോദസഞ്ചാരികളുടെ അപമര്യാദയോടെയുള്ള പെരുമാറ്റങ്ങള്‍ വരെയുള്ള നിരവധി പ്രശ്‌നങ്ങള്‍ നിരന്തരമെന്നോണം ഉണ്ടായി. ഇതേ തുടര്‍ന്ന് ഓരോ ദിവസവും പര്‍വതത്തില്‍ കയറുന്ന സഞ്ചാരികളുടെ എണ്ണം സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്നു. പര്‍വതത്തിലേക്ക് പ്രവേശിക്കാന്‍ ഫീസും ഏര്‍പ്പെടുത്തി. ഇതിന് പുറമെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്.

കൂടുതല്‍ പര്‍വതാരോഹകരെത്തുന്ന യോഷിദ ട്രയലിലാണ് ഈ നിയന്ത്രണങ്ങളുള്ളത്. സീസണ്‍ സമയത്ത് ഒരു ദിവസത്തെ സഞ്ചാരികളുടെ എണ്ണം നാലായിരത്തില്‍ താഴെയാക്കി പരിമിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. 13 ഡോളറാണ് ഒരാള്‍ ഫീസായി അടയ്‌ക്കേണ്ടി വരിക. പുതുതായി ഏര്‍പ്പെടുത്തിയ ഫീസിലൂടെ ലഭിക്കുന്ന വരുമാനം ഹൈക്കിങ് ട്രയലുകള്‍ മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് ഉപയോഗിക്കുകയെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി. ഫുജിയില്‍ സഞ്ചാരികള്‍ക്ക് നില്‍ക്കാനായി ഷെല്‍ട്ടറുകളും സ്ഥാപിക്കും.ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്ന സീസണിലാണ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുക.

ജൂലൈ-ഒക്ടോബര്‍ ഹൈക്കിങ് സീസണിന്റെ രജിസ്‌ട്രേഷന്‍ മെയ് 20 ന് ആരംഭിക്കും.  പുതിയ നിയന്ത്രണങ്ങളെ ജപ്പാനിലെ പരിസ്ഥിതി സംഘടനകളും സേവ് ഫുജി മൂവ്മെന്റുകളും സ്വാഗതം ചെയ്തു. ഫുജിയില്‍ കയറാനും പശ്ചാത്തലത്തില്‍ ചിത്രങ്ങളെടുക്കാനും സഞ്ചാരികള്‍ നടത്തുന്ന സാഹസങ്ങള്‍ സമീപകാലത്ത് എല്ലാ പരിധികളും വിട്ടിരുന്നു. ഇതേ തുടര്‍ന്ന് പര്‍വതങ്ങളുടെ താഴ്‌വാരത്ത് ജിവിക്കുന്ന മനുഷ്യരുടെ ജീവിതം ദുസഹമാവുകയായിരുന്നു. 

2023 ല്‍ മാത്രം 221,322 സഞ്ചാരികള്‍ ഫുജി കയറാനെത്തിയിരുന്നു. ശാസ്ത്രീയമല്ലാത്ത പര്‍വതാരോഹണം കാരണം പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതില്‍ പകുതിയിലേറെ പേരും എത്തിയ യോഷിദ ട്രയലിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളത്. പുതിയ നിയന്ത്രണങ്ങള്‍ വരുന്നതോടെ ഈ സാഹചര്യങ്ങള്‍ മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജപ്പാന്റെ സംസ്‌കാരത്തില്‍ ഏറെ പ്രധാനപ്പെട്ട പര്‍വതമാണ് 3,776 മീറ്റര്‍ ഉയരമുള്ള മൗണ്ട് ഫുജി. ചില വിഭാഗങ്ങള്‍ക്ക് ഇതൊരു തീര്‍ഥാടന കേന്ദ്രം കൂടിയാണ്. വര്‍ഷത്തില്‍ പകുതിയും മഞ്ഞുമൂടിക്കിടക്കുന്ന ഫുജി ഒരു സജീവ അഗ്‌നിപര്‍വതം കൂടിയാണ്.