എയർ ബിഎൻബി പോലുള്ള താമസ സൗകര്യങ്ങൾക്ക് കർശനമായ നിയമങ്ങൾ നടപ്പാക്കിയിരിക്കുകയാണ് ഇൻഡൊനീഷ്യ. ഉയർന്ന നിലവാരം, നിയമം പാലിക്കൽ, സന്ദർശകർക്ക് സുരക്ഷിതമായ താമസസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. "ഗുണമേന്മയുള്ള വിനോദസഞ്ചാരം" എന്നത് സന്ദർശകരുടെ എണ്ണത്തെ മാത്രമല്ല, നല്ല ഭരണനിർവഹണത്തെയും ഉത്തരവാദിത്തമുള്ള താമസരീതികളെയും ആശ്രയിച്ചിരിക്കുന്നു എന്നായിരുന്നു ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ടൂറിസം മന്ത്രി വിഡിയാന്റി പുട്രി വർധാന ഇതുസംബന്ധിച്ച് പറഞ്ഞത്.

To advertise here,

നിയമം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി ടൂറിസം മന്ത്രാലയം ഇൻഡൊനീഷ്യയിൽ പ്രവർത്തിക്കുന്ന പ്രമുഖ ദേശീയ, അന്താരാഷ്ട്ര ഓൺലൈൻ ട്രാവൽ ഏജൻസികളുമായി (OTA) ചേർന്ന് പ്രവർത്തിക്കുകയാണെന്നും മന്ത്രി വെളിപ്പെടുത്തി. Traveloka, Tiket.com, Airbnb, Trip.com, BVRMA, Booking.com, Agoda, RedDoorz, Expedia എന്നിവയാണവ. പരമ്പരാഗത ഹോട്ടലുകളോ സ്വതന്ത്രമായി പ്രവർത്തിക്കുന്ന വില്ലകളോ ആകട്ടെ, താമസസൗകര്യം യാത്രക്കാർക്ക് വാഗ്ദാനം ചെയ്യുന്നതിന് മുൻപ് ലൈസൻസിങ് ആവശ്യകതകൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഈ സഹകരണം ലക്ഷ്യമിടുന്നത്.

 

പുതിയ നിയന്ത്രണങ്ങൾ  

മന്ത്രിയുടെ പോസ്റ്റ് അനുസരിച്ച്, ഇൻഡൊനീഷ്യയുടെ പുതുക്കിയ താമസസൗകര്യ നിരീക്ഷണം പ്രധാന സർക്കാർ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഒടിഎകളും ഉടമകളും പാലിക്കണം.

1. ഇൻഡോനേഷ്യൻ നിയമം നിശ്ചയിച്ചിട്ടുള്ള നിയമപരമായ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്ത ആഭ്യന്തര അല്ലെങ്കിൽ അന്താരാഷ്ട്ര താമസസൗകര്യ ദാതാക്കളെ സ്വീകരിക്കുന്നതിൽ നിന്ന് ഒടിഎകൾക്ക് വിലക്കുണ്ട്. ഇതിൽ ശരിയായ ഡോക്യുമെന്റേഷൻ, രജിസ്ട്രേഷൻ, സാധുവായ ബിസിനസ്സ് അനുമതികൾ എന്നിവ ഉൾപ്പെടുന്നു. ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത ലിസ്റ്റിംഗുകൾ പ്ലാറ്റ്‌ഫോമുകളിൽനിന്ന് നീക്കം ചെയ്യാൻ സാധ്യതയുണ്ട്.

2. എല്ലാ താമസസൗകര്യ നടത്തിപ്പുകാരും ഒരു ബിസിനസ്സ് ലൈസൻസ് (PB) കൈവശം വെക്കണം. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, താമസസൗകര്യ ബിസിനസ്സ് താൽക്കാലികമായി നിർത്തിവെക്കുന്നതുൾപ്പെടെയുള്ള ഭരണപരമായ നടപടികൾക്ക് കാരണമായേക്കാം. ഈ നിയന്ത്രണം ഒഫിഷ്യൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന വില്ലകൾ, ഗസ്റ്റ് ഹൗസുകൾ, ഹോംസ്റ്റേകൾ, ഹ്രസ്വകാല വാടക സൗകര്യങ്ങൾ എന്നിവയെ നേരിട്ട് ബാധിക്കുന്നു.

യാത്രക്കാർക്ക് ഇവ പ്രതീക്ഷിക്കാം

1. ലൈസൻസിങ് നിയമങ്ങൾ പാലിക്കുന്ന പ്രോപ്പർട്ടികൾ മാത്രം പ്രദർശിപ്പിക്കാൻ ഒടിഎകളോട് ആവശ്യപ്പെടും. ഇതിലൂടെ യാത്രക്കാർക്ക് കൂടുതൽ മികച്ചതും സുരക്ഷിതവുമായ സൗകര്യങ്ങൾ ലഭിക്കും.

2. ലൈസൻസില്ലാത്ത വില്ലകളും ഹോംസ്റ്റേകളും നീക്കം ചെയ്യാൻ സാധ്യതയുണ്ട്.

3. നടത്തിപ്പുകാർക്ക് ഉയർന്ന നിലവാരം പാലിക്കേണ്ടതിനാൽ, യാത്രക്കാർക്ക് കൂടുതൽ ഉത്തരവാദിത്തത്തോടയും വിശ്വസനീയവുമായ താമസസൗകര്യങ്ങൾ പ്രതീക്ഷിക്കാം.

എന്തുകൊണ്ടാണ് ഇൻഡൊനീഷ്യ ഈ നിയമങ്ങൾ കർശനമാക്കുന്നത്

  • നഷ്ടപ്പെട്ട പ്രാദേശിക നികുതി വരുമാനം തിരിച്ചുപിടിക്കുക, പ്രത്യേകിച്ച് ബാലിയിൽ
  • മേൽനോട്ടമില്ലാതെ പ്രവർത്തിക്കുന്ന അനധികൃത വാടക സൗകര്യങ്ങളെ നിയന്ത്രിക്കുക
  • സഞ്ചാരികളുടെ സുരക്ഷയുടെയും ഉത്തരവാദിത്തത്തിന്റെയും ആവശ്യകത

ഇത് നിങ്ങളുടെ ബാലി യാത്രയെ എങ്ങനെ ബാധിക്കും

വില്ലകളും ഹോംസ്റ്റേകളും ലഭിക്കാൻ ഏറ്റവും പ്രചാരമുള്ള ബാലി ദ്വീപിൽ, പുതിയ എയർബിഎൻബി നിയമങ്ങൾ കൂടുതൽ പ്രതിഫലനമുണ്ടാക്കും. കാരണം പല പ്രോപ്പർട്ടികളും പൂർണ അനുമതികളില്ലാതെയാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഉടമകൾ അവരുടെ ലൈസൻസുകൾ പുതുക്കുമ്പോൾ യാത്രക്കാർക്ക് ചില വില്ലകൾ താൽക്കാലികമായി ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അപ്രത്യക്ഷമാകുന്നത് കാണാം. ഈ മാറ്റങ്ങൾ ബാലിയുടെ എല്ലാ ഭാഗത്തും സുരക്ഷിതവും കൂടുതൽ വിശ്വസനീയവും നിയമം പാലിക്കുന്നതുമായ താമസസൗകര്യങ്ങൾ നൽകുമെന്നും, മൊത്തത്തിലുള്ള സന്ദർശക അനുഭവം മെച്ചപ്പെടുത്തുമെന്നും സർക്കാർ പറയുന്നു.

ബുക്ക് ചെയ്യുന്നതിന് മുൻപ് യാത്രക്കാർ ശ്രദ്ധിക്കേണ്ടത്

  • ഒരു എയർബിഎൻബി അല്ലെങ്കിൽ വില്ല ലിസ്റ്റിങ്ങിൽ ലൈസൻസിങ് അല്ലെങ്കിൽ മറ്റ് പരിശോധനകളെക്കുറിച്ച് പരാമർശിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക
  • പുതിയ നിയമങ്ങൾ പാലിക്കുന്ന വിശ്വസനീയമായ ഒടിഎകളിലൂടെ ബുക്ക് ചെയ്യുക
  • മാർച്ച് 31-ാം തീയതിയോടെ പാലിക്കേണ്ട നിയമങ്ങളുടെ വ്യക്തമായ സൂചകങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്
  • മാസങ്ങൾക്ക് മുൻപ് ബുക്ക് ചെയ്ത റിസർവേഷനുകൾ വീണ്ടും ഉറപ്പാക്കുക. പ്രത്യേകിച്ച് ബാലിയിലും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും