ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട 'ട്രാവല്‍ ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് ഇന്‍ഡക്സ് 2024'ല്‍ കോവിഡിന് ശേഷം മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യ. അമേരിക്ക ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ ഇന്ത്യ ഇത്തവണ 39ാം സ്ഥാനത്താണ്. 2021ല്‍ 54-ാം സ്ഥാനത്തായിരുന്നു. ദക്ഷിണേഷ്യയിലെ ഇടത്തരം സാമ്പത്തിക രാജ്യങ്ങളില്‍ ഇന്ത്യ മികച്ച നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ വികസനത്തിനു കാരണമാവുന്ന അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ നയങ്ങളും അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് 119 രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
സ്പെയിന്, ജപ്പാന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഈ വര്‍ഷത്തെ പട്ടികയില്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലുള്ളത്. ഓസ്ട്രേലിയ (5), ജര്‍മനി (6), ബ്രിട്ടന് (7), ചൈന (8), ഇറ്റലി (9), സ്വിറ്റ്സര്‍ലന്‍ഡ് (10) എന്നീ രാജ്യങ്ങള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളും സ്വന്തമാക്കി. ബ്രിട്ടന് ആസ്ഥാനമായുള്ള സര്‍റേ സര്‍വകലാശാലയുമായി സഹകരിച്ചാണ് ലോക സാമ്പത്തിക ഫോറം ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
കോവിഡിനു മുമ്പുള്ള 2019 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്ത് സ്ഥാനം ഇന്ത്യ താഴോട്ടു വന്നാണ് നിലവിലെ 39ലെത്തിയിരിക്കുന്നത്. ചെലവ് കുറഞ്ഞ വിനോദസഞ്ചാരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 18ാമതും മികച്ച വ്യോമഗതാഗതത്തില്‍ 26ാമതും കരമാര്‍ഗവും തുറമുഖങ്ങളിലൂടെയുമുള്ള ഗതാഗത സൗകര്യങ്ങളുടെ കാര്യത്തില്‍ ഇരുപത്തഞ്ചാം സ്ഥാനത്തുമാണ് ഇന്ത്യ. പ്രകൃതിഭംഗിയിലും (6), സാംസ്കാരിക വൈവിധ്യത്തിലും (9), ഒഴിവുസമയ വിനോദങ്ങളിലും (9) ഇന്ത്യ മികച്ച നേട്ടമാണ് സ്വന്തമാക്കിയത്.
യൂറോപ്പിലേയും ഏഷ്യ പസഫിക് മേഖലയിലേയും സാമ്പത്തികമായി മുന്നിലുള്ള രാജ്യങ്ങളാണ് ഈ സൂചികയിലും മുന്നിലുള്ളത്. ആഗോള ടൂറിസം മാര്‍ക്കറ്റില്‍ ഏറെ സ്വാധീനമുള്ളതായാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് ഇന്‍ഡക്സ് പരിഗണിക്കപ്പെടുന്നത്. വിനോദസഞ്ചാരം രാജ്യാന്തര ജിഡിപിക്ക് നല്കിയ സംഭാവന കോവിഡിന് മുമ്പ് എത്രയായിരുന്നോ അതേ നിലയിലേക്ക് ഈ വര്‍ഷം എത്തുമെന്നാണ് കരുതുന്നതെന്ന് റിപ്പോര്‍ട്ടില്‍ നിരീക്ഷിക്കുന്നുണ്ട്.
Content Highlights: world economic forum, travel tourism development index
Published: 28 May 2024, 08:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented