
മുംബൈ: കോവിഡിനുശേഷം രാജ്യത്ത് വിദേശസഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്. 2024-ലും കോവിഡിനു മുൻപുണ്ടായിരുന്ന നിലയിലേക്ക് വിദേശസഞ്ചാരികളുടെ എണ്ണം എത്തിയിട്ടില്ലെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡിനുമുൻപ് 2019-ൽ 3.14 കോടി വിദേശ സഞ്ചാരികളായിരുന്നു ഇന്ത്യ സന്ദർശിച്ചത്. 2024-ലിത് 2.09 കോടി മാത്രമാണ്. ഇപ്പോഴും 1.05 കോടി പേരുടെ കുറവാണുള്ളത്. ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രമാണ് കോവിഡിനു മുൻപുണ്ടായിരുന്നതിനെക്കാൾ സഞ്ചാരികളുടെ എണ്ണം കൂടിയത്.
26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 2019-നെ അപേക്ഷിച്ച് വിദേശസഞ്ചാരികൾ കുറഞ്ഞു. 2024-ൽ ഏറ്റവും കൂടുതൽ വിദേശസഞ്ചാരികളെത്തിയത് മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമാണ്. മഹാരാഷ്ട്രയിൽ 37 ലക്ഷംപേരും പശ്ചിമബംഗാളിൽ 31.24 ലക്ഷം പേരും.
ഗുജറാത്ത് (22.74 ലക്ഷം), ഉത്തർപ്രദേശ് (22.69 ലക്ഷം), രാജസ്ഥാൻ (20.72 ലക്ഷം), ഡൽഹി (19.99 ലക്ഷം) എന്നിവയാണ് വിദേശസഞ്ചാരികളുടെ എണ്ണത്തിൽ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ. ഇതിൽ കോവിഡിനു മുൻപുണ്ടായിരുന്നതിനെക്കാൾ എണ്ണം കൂടിയത് ഗുജറാത്ത്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ മാത്രമാണ്.
എക്കാലത്തും വിദേശസഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളായിരുന്നു കേരളവും ഗോവയും. രണ്ടിടത്തും വിദേശസഞ്ചാരികളുടെ എണ്ണത്തിലെ വർധനയ്ക്കു വേഗംകുറവാണ്. കായലുകളും മലനിരകളും നിറഞ്ഞ് സഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിൽ 2019-ൽ 11.89 ലക്ഷം വിദേശ സഞ്ചാരികളായിരുന്നു സന്ദർശിച്ചത്. 2024 -ലിത് 7.38 ലക്ഷം മാത്രമാണ്. ഇനിയും 4.5 ലക്ഷം പേരുടെ വ്യത്യാസമാണ് നിലനിൽക്കുന്നത്.
ബീച്ചുകൾകൊണ്ടു സമൃദ്ധമായ ഗോവയിൽ 2019-ൽ 9.37 ലക്ഷം പേരെത്തിയിരുന്നു. ഇപ്പോഴിത് 4.68 ലക്ഷം മാത്രമാണ്. പുരാതന ക്ഷേത്രങ്ങളുടെ തട്ടകമായ തമിഴ്നാട്ടിൽ 2019-ൽ 68.66 ലക്ഷം വിദേശ സഞ്ചാരികളെത്തിയിരുന്നു. 2024-ലിത് 11.61 ലക്ഷം മാത്രമാണ്. സഞ്ചാരികളെ ഏറ്റവുമധികം നഷ്ടമായിരിക്കുന്നതും തമിഴ്നാടിനാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ആഭ്യന്തരസഞ്ചാരികൾ കൂടുന്നു
വിദേശസഞ്ചാരികളുടെ വരവു കുറഞ്ഞെങ്കിലും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ എല്ലാ സംസ്ഥാനങ്ങളിലും വർധനയുണ്ടായിട്ടുണ്ട്. 2019-ൽ 232.19 കോടി ആഭ്യന്തര സഞ്ചാരികളാണുണ്ടായിരുന്നതെങ്കിൽ 2024-ലിത് 294.82 കോടിയായി കൂടി. 62.6 കോടി പേരുടെ വർധന.
ചുരുക്കംചില സംസ്ഥാനങ്ങളിൽ മാത്രമാണ് എണ്ണത്തിൽ കുറവുള്ളത്. ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിലെ വർധനയിൽ രാജസ്ഥാനും ഗുജറാത്തുമാണ് മുന്നിൽ. രാജസ്ഥാനിൽ 2019-നെ അപേക്ഷിച്ച് 17.79 കോടി പേർ കൂടുതലായെത്തി. ഗുജറാത്തിലിത് 12.52 കോടിയാണ്. 11.1 കോടിയുമായി ഉത്തർപ്രദേശ് മൂന്നാമതുണ്ട്.
പശ്ചിമബംഗാൾ (9.2 കോടി), കർണാടക (7.66 കോടി), ആന്ധ്രപ്രദേശ് (5.32 കോടി) എന്നിവ തുടർന്നുവരുന്നു. എന്നാൽ, 2024-ൽ ഏറ്റവും കൂടുതൽ ആഭ്യന്തര വിനോദസഞ്ചാരികളെത്തിയത് ഉത്തർപ്രദേശിലാണ്- 64.68 കോടി. തമിഴ്നാട് 30.68 കോടി), കർണാടക (30.46 കോടി), ആന്ധ്രപ്രദേശ് (29.03 കോടി), രാജസ്ഥാൻ (23.01 കോടി) എന്നിവ തുടർന്നുവരുന്നു.
കേരളത്തിൽ 2.23 കോടി ആഭ്യന്തര സഞ്ചാരികളാണ് 2024-ലെത്തിയത്. 2019 -ലെ 1.84 കോടിയെക്കാൾ 38.7 ലക്ഷം പേരുടെ വർധനയുണ്ടായിട്ടുണ്ട്. അതേസമയം, ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിലും തമിഴ്നാട്ടിൽ ഇടിവാണുള്ളത്. 2019-ൽ 49.48 കോടി ആഭ്യന്തരസഞ്ചാരികളെത്തിയിരുന്ന തമിഴ്നാട്ടിൽ 2024-ലെത്തിയത് 30.68 കോടി പേർ മാത്രം. 18.8 കോടിയുടെ കുറവ്. തമിഴ്നാട്ടിൽ ആഭ്യന്തര-വിദേശ സഞ്ചാരികളുടെ എണ്ണം കുറയാനുണ്ടായ കാരണം വ്യക്തമല്ല.
Content Highlights: India sees significant drop in foreign tourists post-COVID. Kerala & Goa see slow recovery. See stats & why domestic tourism is booming.
Published: 16 Dec 2025, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented