യുകെയിൽ നിന്നുള്ള യുവതിയുടെ തലച്ചോറിൽ 38 പാരസൈറ്റുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. 42-കാരിയായ ലൗറി ഡെൻമാനാണ് അപൂർവ രോഗാവസ്ഥയുണ്ടായത്. 2007-ൽ ലൗറി ഇന്ത്യ സന്ദർശിച്ചിരുന്നു. മൂന്ന് മാസത്തെ സന്ദർശനത്തിനുശേഷം ഇവർ നാട്ടിലേക്ക് തിരിച്ചുപോകുകയും പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയുമായിരുന്നു. ഇന്ത്യയിൽ നിന്നാകാം ഈ രോഗബാധയുണ്ടായതെന്നാണ് ഡോക്ടർമാരുടെ നിഗമനം. 

To advertise here,

ഒരു റസ്റ്ററന്റിലെ ശൗചാലയം ഉപയോഗിക്കുന്നതിനിടെ ഒരു മീറ്ററോളം നീളമുള്ള വിര ഇവരുടെ ശരീരത്തിൽനിന്ന് പുറത്തുപോയി. അന്ന് മലപരിശോധന നടത്തിയെങ്കിലും ഫലം തൃപ്തികരമായിരുന്നു. പിന്നീട് കഠിനമായ തലവേദന അനുഭവപ്പെടാൻ തുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ന്യൂറോസിസ്റ്റിസെർക്കോസിസ് എന്ന രോഗമാണ് ലൗറിയെ ബാധിച്ചതെന്ന് കണ്ടെത്തി. ആദ്യം ടോക്‌സോപ്ലാസ്‌മോസിസ് എന്ന രോഗമാണെന്നായിരുന്നു ഡോക്ടർമാർ കരുതിയിരുന്നത്. എന്നാൽ ടേപ്പ് വേമിന്റെ കാര്യം അമ്മ സൂചിപ്പിച്ചപ്പോഴാണ് ന്യൂറോസിസ്റ്റിസെർക്കോസിസ് ആണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്.

ഇന്ത്യാ സന്ദർശനത്തിനിടെ ഭക്ഷ്യവിഷബാധയുണ്ടാകാതിരിക്കാനായി ലൗറി മാംസാഹാരം ഒഴിവാക്കിയിരുന്നു. എന്നാൽ ഇതിനിടയിൽ പന്നിയിറച്ചി കഴിച്ചു. അതിലുണ്ടായിരുന്ന ടേപ് വേം (നാടവിര) എന്ന ഇനം വിരയുടെ മുട്ടകളാകാം ഈ രോഗബാധയ്ക്ക് കാരണമായതെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇത് ന്യൂറോസിസ്റ്റിസെർക്കോസിസ് എന്ന അവസ്ഥയിലെത്തിക്കുകയായിരുന്നു. തുടർന്ന് തുടർച്ചയായ തലകറക്കം, വിഭ്രാന്തി എന്നിവ അനുഭവപ്പെടുകയും ചെയ്തു.

പിന്നാലെ തനിക്ക് അപസ്മാരമുണ്ടായെന്നും വാക്കുകൾപോലും ഉച്ചരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും ലൗറി പറയുന്നു. ഓർമക്കുറവും ശരീരത്തിൽ തരിപ്പും അനുഭവപ്പെട്ടിരുന്ന അവർ പലപ്പോഴും ചെറിയ കുട്ടികളെപ്പോലെ പെരുമാറുകയും ചെയ്തു. നിലത്ത് ഇഴഞ്ഞുനടക്കുകയും ജനൽ കർട്ടന് പിന്നിൽ ഒളിക്കുകയും ചെയ്തിരുന്നുവെന്ന് അന്ന് ലൗറിയെ സന്ദർശിച്ച സുഹൃത്ത് പറയുന്നു. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം 2022-ലാണ് ലൗറി ആരോഗ്യം വീണ്ടെടുത്തത്. ആന്റി പാരസൈറ്റിക് മരുന്നുകളും സ്റ്റീറോയ്ഡുകളും കഴിച്ചു. തലച്ചോറിൽവെച്ചുതന്നെ വിരകളെ നശിപ്പിക്കുന്ന രീതിയിലുള്ള ചികിത്സയാണ് സ്വീകരിച്ചത്. ജോലി ഉപേക്ഷിച്ച് ആറു മാസം ന്യൂറോ സൈകാട്രിക് ആശുപത്രിയിലും കഴിയേണ്ടി വന്നു.

2017-ന് ശേഷം ലൗറിക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കണം. ജീവിതത്തിൽ എപ്പോൾ എന്തുവേണമെങ്കിലും സംഭവിക്കാമെന്നും ഈ രോഗത്തെ കുറിച്ച് ആളുകൾക്കിടയിൽ അവബോധമുണ്ടാക്കാനാണ് തന്റെ ശ്രമമെന്നും ലൗറി പറയുന്നു.

എന്താണ് ന്യൂറോസിസ്റ്റിസെർക്കോസിസ്

പന്നികളിലുണ്ടാകുന്ന ടേനിയ സോളിയം എന്ന ടേപ്പ് വേം മൂലം കേന്ദ്ര നാഡീവ്യൂഹത്തിനുണ്ടാകുന്ന അണുബാധയാണ് ന്യൂറോസിസ്റ്റിസെർക്കോസിസ്. നന്നായി വേവിക്കാത്ത മാംസം കഴിക്കുന്നതിലൂടെയോ വിരയുടെ മുട്ടകൾ കലർന്ന വെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ഇത് പകരാം. വേവിക്കാത്ത പന്നിയിറച്ചി കഴിക്കുമ്പോൾ കുടലിൽ ടേപ്പ് വേം വളരാൻ സാധ്യതയുണ്ട്. പിന്നീട് ഇവയുടെ മുട്ടകളോ ലാർവകളോ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ചില സാഹചര്യങ്ങളിൽ തലച്ചോറിലേക്കുമെത്തി ന്യൂറോസിസ്റ്റിസെർക്കോസിസിന് കാരണമാകാം.

ലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം. തലച്ചോറിലുള്ള സിസ്റ്റുകളുടെ എണ്ണം, വലിപ്പം, അവ സ്ഥിതിചെയ്യുന്ന ഭാഗം, രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം എന്നിവയെ ആശ്രയിച്ചാണ് ലക്ഷണങ്ങളുടെ തീവ്രത നിർണയിക്കപ്പെടുന്നത്. പലർക്കും മാസങ്ങളോ വർഷങ്ങളോ യാതൊരു ലക്ഷണങ്ങളും പ്രകടമാകാതിരിക്കാം. എന്നാൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നവരിൽ സാധാരണയായി കണ്ടുവരുന്നവ ഇവയാണ്.

അപസ്മാരം

കടുത്തതോ ആവർത്തിച്ചുള്ളതോ ആയ തലവേദന

ഛർദ്ദിയും ഓക്കാനവും

ശരീരഭാഗങ്ങളിൽ മരവിപ്പ് അല്ലെങ്കിൽ ബലക്കുറവ്

കാഴ്ച പ്രശ്‌നങ്ങൾ

ആശയക്കുഴപ്പം, ഓർമക്കുറവ് തുടങ്ങിയ മാനസിക പ്രശ്‌നങ്ങൾ

നടക്കാനും ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനും ബുദ്ധിമുട്ട്

ഗുരുതരമായ സാഹചര്യങ്ങളിൽ മാനസിക വിഭ്രാന്തി അല്ലെങ്കിൽ ബോധക്ഷയം

ചികിത്സ

ന്യൂറോസിസ്റ്റിസെർക്കോസിസിനുള്ള ചികിത്സ ഓരോ രോഗിയുടെയും ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. സാധാരണയായി അപസ്മാരം നിയന്ത്രിക്കുന്ന മരുന്നുകൾ, കോർട്ടിക്കോസ്റ്റിറോയിഡുകൾ, ആന്റിപാരസൈറ്റിക് മരുന്നുകൾ , ആവശ്യമായ സാഹചര്യങ്ങളിൽ ശസ്ത്രക്രിയ എന്നിവയാണ് ചികിത്സ. ലൗറിയുടെ കാര്യത്തിൽ, തലച്ചോറിലുണ്ടായിരുന്ന പാരസൈറ്റുകൾ പിന്നീട് കാത്സിഫൈ (കാത്സ്യം അടിഞ്ഞ് കട്ടിയാകുക) ചെയ്തതിനാൽ ശസ്ത്രക്രിയയുടെ ആവശ്യമുണ്ടായില്ല.