തൊടുപുഴ: ഏഷ്യയിലെ രണ്ടാമത്തെ വലിയ ആർച്ച് ഡാമായ ഇടുക്കിയുടെ ഒരു കിലോമീറ്ററിലേറെ നീളമുള്ള പ്രതലത്തിൽ ഇനി ലേസർ വെളിച്ചം ചരിത്രംപറയും. ഇടുക്കി കാണാനെത്തുന്ന സഞ്ചാരികൾക്കായി രാത്രിയിലായിരിക്കും ഇവിടെ ലേസർ ഷോ നടത്തുക. പദ്ധതിയുടെ നിർമാണ ഉദ്ഘാടനം വൈദ്യുതമന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.

To advertise here,

ഇടുക്കിയിലെത്തുന്ന സഞ്ചാരികൾക്ക് ലേസർ ഷോ പുത്തൻ വിസ്മയമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി. വൈദ്യുതി വകുപ്പിന്റെയും ഹൈഡൽ ടൂറിസം പദ്ധതിയുടെയും നേതൃത്വത്തിലാണ് ചെറുതോണി കട്ടപ്പന റോഡിന് അഭിമുഖമായി നിൽക്കുന്ന ഇടുക്കി ഡാമിന്റെ ഭിത്തിയിൽ ലേസർ ഷോ ഒരുക്കുന്നത്.

ഇടുക്കിയുടെയും ഇടുക്കി ഡാമിന്റെയും ചരിത്രമായിരിക്കും അരമണിക്കൂറോളം നീണ്ടുനിൽക്കുന്ന ഷോയിൽ അവതരിപ്പിക്കുക. ഇടുക്കി ഡാമിന്റെ ഭിത്തിക്ക് 1.2 കിലോമീറ്റർ നീളമുണ്ട്. ഇതിൽ ഒരുകിലോമീറ്ററോളം ഭാഗത്തായിരിക്കും ലേസർ ഷോ. പദ്ധതി യാഥാർഥ്യമായാൽ ഇന്ത്യയിലെതന്നെ ഏറ്റവുംവലിയ ലേസർ ഷോകളിൽ ഒന്നായി ഇതുമാറും.

നേരേ എതിർവശത്തുള്ള പരേഡ് ഗ്രൗണ്ടിൽനിന്ന് ഷോ ആസ്വദിക്കാനാകും. ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളെ കൂടുതൽസമയം ഇവിടെത്തന്നെ പിടിച്ചുനിർത്താനും അതുവഴി ടൂറിസം, വ്യാപാരമേഖലയ്ക്ക് നേട്ടമുണ്ടാക്കാനും കഴിയുമെന്നാണ് കരുതുന്നത്.

ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി, ഹൈദരാബാദിലെ ലുംബിനി പാർക്ക്, അക്ഷർധാം ക്ഷേത്രം, ഉദയ്പൂരിലെ സിറ്റി പാലസ്, ഹൈദരാബാദിലെ ഗോൽകൊണ്ട ഫോർട്ട് എന്നിവിടങ്ങളിൽ നിലവിൽ ലേസർ ഷോ നടക്കുന്നുണ്ട്.