ചെറുതോണി: ഇടുക്കി ആര്‍ച്ച് ഡാം കാണാന്‍ രണ്ട് മാസത്തിനിടെ ഒഴുകിയെത്തിയത് 27,700 സഞ്ചാരികള്‍. സെപ്റ്റംബര്‍ ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് അണക്കെട്ട് തുറന്നുകൊടുത്തത്. ഒക്ടോബര്‍ 24 വരെയുള്ള കണക്കുകള്‍ പ്രകാരം 25,060 മുതിര്‍ന്നവരും 2640 കുട്ടികളും ഇവിടം കാണാനെത്തി.

To advertise here,

കുറവന്‍, കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഇടുക്കി ഡാമും സമീപത്തെ ചെറുതോണി അണക്കെട്ടും സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് അപൂര്‍വമായ ദൃശ്യാനുഭവമാണ്. ഓണം, വിജയദശമി, ദീപാവലി തുടങ്ങിയ അവധിദിനങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്കായിരുന്നു.

നിലവില്‍ നിയന്ത്രണങ്ങളോടെയാണ് സന്ദര്‍ശനം. ഡാമില്‍ പരിശോധനകള്‍ നടക്കുന്ന ബുധനാഴ്ചകളിലും റെഡ്, ഓറഞ്ച് അലര്‍ട്ട് ദിവസങ്ങളിലും പ്രവേശനമില്ല. സുരക്ഷാ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ അണക്കെട്ടുകള്‍ക്കുമുകളിലൂടെ കാല്‍നടയാത്ര അനുവദിക്കില്ല. ഹൈഡല്‍ ടൂറിസം അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ബഗ്ഗി കാറില്‍ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഓണ്‍ലൈന്‍ ബുക്കിങ് വഴി സന്ദര്‍ശനത്തിന് ടിക്കറ്റ് എടുക്കാം. www.keralahydeltourism.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിനു സമീപം ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങിനുശേഷം സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ ഇവിടെനിന്ന് ടിക്കറ്റ് കരസ്ഥമാക്കാം.

ചെറുതോണി തൊടുപുഴ റോഡില്‍ പാറേമാവില്‍ കൊലുമ്പന്‍ സമാധിക്കുമുന്നിലുള്ള പാതയിലൂടെ പ്രവേശന കവാടത്തിലേക്ക് എത്താം. മെഡിക്കല്‍ കോളജിനു മുന്നിലൂടെയുള്ള വഴിയിലൂടെ തിരികെ പോകാം.