തൊടുപുഴ: സാഹസ ടൂറിസത്തിന്റെ പേരിൽ ഇടുക്കിയിൽ നടക്കുന്നത് ജനത്തിന്റെ ജീവൻ പണയംവെച്ചുള്ള അതിസാഹസം. ടൂറിസം അടിസ്ഥാനമാക്കി ജില്ലയിൽ പ്രവർത്തിക്കുന്ന 25 സാഹസ കേന്ദ്രങ്ങളിൽ 21 എണ്ണത്തിനും പഞ്ചായത്തിന്റെപോലും അനുമതിയില്ലെന്ന് സർക്കാർ റിപ്പോർട്ട്.

To advertise here,

ജില്ലയിലെ സാഹസിക ടൂറിസം കേന്ദ്രങ്ങളുടെ അനുമതി സംബന്ധിച്ച് റിപ്പോർട്ട് തേടിയ ജില്ലാ കളക്ടർക്ക് തദ്ദേശ സ്വയംഭരണ ജോയന്റ് ഡയറക്ടർ നൽകിയ കത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഡി.ടി.പി.സി.ക്ക് കീഴിൽ പ്രവർത്തിക്കുന്ന വാഗമൺ അഡ്വഞ്ചർ പാർക്കിലെ പാരാ ഗ്ലൈഡിങ്, സിപ്പ് ലൈൻ തുടങ്ങിയവയ്ക്കുപോലും യാതൊരു അനുമതിയും ലഭിച്ചിട്ടില്ല. ആനച്ചാലിൽ പ്രവർത്തിച്ചിരുന്ന സ്‌കൈ ഡൈനിങ്ങിൽ സഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചത്.

വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിഞ്ഞ രണ്ടുവർഷക്കാലത്തിനിടെയാണ് ജില്ലയിൽ വ്യാപകമായി സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നത്. ഇതിൽ ഈട്ടിസിറ്റിയിലെ ആനച്ചാൽ സിപ്പ് ലൈനിന് ടൂറിസം വകുപ്പിന്റെ അനുമതി മാത്രമാണുള്ളത്. 

ആനച്ചാൽ ഹോട്ട് എയർ ബലൂൺ, അഡ്വഞ്ചർ പാർക്ക്, ചുനയംമാക്കൽ റോളർ കോസ്റ്റർ എന്നിവയ്ക്ക് മാത്രമാണ് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുമതിയുള്ളത്. ദിവസവും നൂറ് കണക്കിന് ആളുകളാണ് സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്നത്.

പരിശോധിക്കാൻ സമിതി

സാഹസിക വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സുരക്ഷാ സംവിധാനങ്ങളും, രേഖകളും പരിശോധിക്കാൻ ജില്ലാ കളക്ടർ പ്രത്യേക സമിതിയെ നിയോഗിച്ചു. സാങ്കേതിക വിദഗ്ധരും റവന്യൂ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സമിതിയിൽ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ, പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻജിനിയർ, ഹസാർഡ് അനലിസ്റ്റ്, ജില്ലാ ഡി.എം. പ്ലാൻ കോഡിനേറ്റർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ, ഡി.ടി.പി.സി. സെക്രട്ടറി, എൻജിനിയറിങ് കോളേജ് അസി. പ്രൊഫസർ ബിജോയ് ദാസ് എന്നിവരാണുള്ളത്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.