സൗത്ത് ഇന്ത്യൻ സിനിമകളിൽ വരെ സാന്നിധ്യമറിയിച്ചിട്ടുള്ള ബോളിവുഡ് നടിയാണ് ഹുമ ഖുറേഷി. വാലിമൈ, കാല തുടങ്ങിയ തമിഴ്ചിത്രങ്ങളിലൂടെയും വൈറ്റ് എന്ന മലയാള സിനിമയിലൂടെയും അവർ സുപരിചിതയാണ്. വാഹനങ്ങളേയും യാത്രകളേയും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം, ഭൂട്ടാൻ യാത്രയുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. പച്ചപ്പ് നിറഞ്ഞ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്നത് മുതൽ പരമ്പരാഗത ഭൂട്ടാനീസ് വിഭവങ്ങൾ രുചിക്കുന്നത് വരെയുള്ള ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
പ്രാദേശികമായി 'ലുങ്-താ' എന്ന് വിളിക്കപ്പെടുന്ന വർണാഭമായ പ്രാർഥനാ പതാകകൾ തൂക്കിയ ഒരു പാലത്തിൽ നിൽക്കുന്ന ചിത്രമാണ് ഹുമ ആദ്യം പങ്കുവെച്ചിരിക്കുന്നത്. വിദൂരമായ കുന്നിൻ ചെരുവുകൾ ഫോട്ടോയുടെ ഭംഗി കൂട്ടുന്നു. കൊതിയൂറുന്ന പ്രാദേശിക ഭൂട്ടാനീസ് വിഭവങ്ങൾക്കൊപ്പം രുചികരമായ ബട്ടർ ടീയും നടി ആസ്വദിച്ചു.
കുത്തിയൊഴുകുന്ന പുഴകളുടെയും മനോഹരമായ യാത്രയുടെയും ചിത്രങ്ങൾ ഹുമയുടെ പോസ്റ്റിൽ ഉണ്ടായിരുന്നു. 'പോസ്റ്റ്കാർഡ് പോലെ മനോഹരമായ ഭൂട്ടാൻ, ഞാൻ പ്രണയത്തിലാണ്. ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള സ്ഥലം. ഞാനും തെളിഞ്ഞ ആകാശവും എൻ്റെ ബട്ടർ ചായയും മാത്രം.' ചിത്രങ്ങളോടൊപ്പം അവർ കുറിച്ചു.
ഹുമ ഖുറേഷിയെപ്പോലെ നിങ്ങളും ഒരു ഭൂട്ടാൻ യാത്ര സ്വപ്നം കാണുന്നുവെങ്കിൽ, താഴെ പറയുന്ന സ്ഥലങ്ങൾ നിങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ മറക്കരുത്.
പാറോ
പരമ്പരാഗത വീടുകളും സമൃദ്ധമായ നെൽവയലുകളും പാറോയിൽ അങ്ങിങ്ങായി കാണാം. ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രി അഥവാ തക്ത്സാങ് നിർബന്ധമായും സന്ദർശിക്കേണ്ട ഒരിടമാണ്. മനോഹരമായ ചെലെ ലാ പാസ്, ഭൂട്ടാൻ്റെ ദേശീയ മ്യൂസിയം, ആകർഷകമായ റിൻപുങ് സോങ് എന്നിവയാണ് മറ്റ് പ്രധാന ആകർഷണങ്ങൾ.
തിംഫു
ആൽപൈൻ വനങ്ങളിലൂടെയും ശാന്തമായ തടാകങ്ങളിലൂടെയും കടന്നുപോകുന്ന ഡ്രൂക് പാത്ത്-ജിലി സോങ് ട്രെക്ക് മുതൽ, താഷിചോ സോങ്, ചാങ്കാങ്ഖ ലഖാങ് ക്ഷേത്രം പോലുള്ള വാസ്തുവിദ്യാ വിസ്മയങ്ങൾ വരെ ഇവിടെയുണ്ട്. ഭൂട്ടാൻ്റെ തലസ്ഥാന നഗരിയായ തിംഫു പുരാതന പാരമ്പര്യങ്ങളുടെയും മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെയും സംസ്കാരത്തിൻ്റെയും അതുല്യമായ ഒരു സംഗമം വാഗ്ദാനം ചെയ്യുന്നു.
ഫോബ്ജിക്ക വാലി
പ്രകൃതിസ്നേഹികളുടെ പറുദീസയാണ് ഈ ഹിമ താഴ്‌വര. ശാന്തത തേടുന്ന സഞ്ചാരികൾക്ക് ഗാങ്‌തേ ഗോമ്പ, കുംഭു ലഖാങ് തുടങ്ങിയ സന്യാസിമഠങ്ങൾ സന്ദർശിക്കാം. ഭാഗ്യമുണ്ടെങ്കിൽ, ശൈത്യകാലത്ത് ഇവിടേക്ക് ദേശാടനം നടത്തുന്ന വംശനാശഭീഷണി നേരിടുന്ന കരിങ്കഴുത്തൻ കൊക്കുകളെയും കാണാൻ സാധിക്കും.
ട്രോങ്‌സ
ഒരു കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്ന ട്രോങ്‌സ, ബ്ലാക്ക് മൗണ്ടൻസിൻ്റെയും ചുറ്റുമുള്ള താഴ്‌വരകളുടെയും വിശാലമായ കാഴ്ചകൾ നൽകുന്നു. ട്രോങ്‌സ സന്ദർശിക്കുകയോ ജിഗ്മെ സിംഗ്യെ വാങ്ചുക്ക് ദേശീയോദ്യാനത്തിൻ്റെ വന്യതയിലേക്ക് യാത്ര ചെയ്യുകയോ ചെയ്യാം.
ലായ ഗാസ ട്രെക്ക്
പാറോയിലെ ഡ്രൂക്ഗ്യെലിൽനിന്ന് ആരംഭിക്കുന്ന ഈ മനോഹരമായ ട്രെക്കിങ് പാത, ഹിമാലയത്തിലെ നിരവധി ചുരങ്ങൾ കടന്ന്, ആൽപൈൻ പുൽമേടുകളിലൂടെ ലായ എന്ന മനോഹരമായ നാടോടി ഗ്രാമത്തിലേക്ക് നിങ്ങളെ എത്തിക്കും. സമീപത്തുള്ള ഗാസ ചൂടുനീരുറവകൾ കാണാൻ മറക്കരുത്. മനോഹരമായ പുനാഖ താഴ്‌വരയിൽ നിങ്ങളുടെ ഈ സാഹസികയാത്ര അവസാനിപ്പിക്കാം.
Content Highlights: huma-qureshi-bhutan-travel-guide
Published: 04 Aug 2025, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented