സീതത്തോട്: നീണ്ട ഇടവേളയ്ക്കുശേഷം ഗവി ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധിയെത്തുടര്‍ന്നാണ് ആറുമാസത്തിലധികമായി ഗവിയിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വീണ്ടും സന്ദര്‍ശനാനുമതി നല്‍കിയത്.

To advertise here,

മുമ്പുണ്ടായിരുന്നതുപോലെ ഓണ്‍ലൈനായി ബുക്ക് ചെയ്ത് മാത്രമേ സന്ദര്‍ശകര്‍ക്ക് ഗവിയിലേക്ക് പോകാന്‍ കഴിയൂ. ഗവിയിലെ ടൂറിസം പരിപാടികള്‍ നിര്‍ത്തിവെച്ചത് പ്രദേശവാസികള്‍ക്കുള്‍പ്പെടെ ജില്ലയുടെ മലയോരമേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ടാക്സി സര്‍വീസ്, ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ എന്നിവയെല്ലാം നിശ്ചലമായിരുന്നു. വനമധ്യത്തിലുള്ള ഗവിയില്‍ തുച്ഛമായ കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഗവിയിലേക്കുള്ള സഞ്ചാരികളുടെ വരവ് നല്ലവരുമാനമാണ് നല്‍കിയിരുന്നത്.

ഗവിയിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ ഈ മേഖല ഏറെക്കുറെ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട സ്ഥിതിയായിരുന്നു.

നിയന്ത്രണങ്ങള്‍ ഇവ

  • പത്തുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും 65 വയസ്സിന് മുകളിലുള്ളവര്‍ക്കും പ്രവേശനാനുമതിയില്ല.
  • കാര്‍, ജീപ്പ് ഇനങ്ങളില്‍പെട്ട വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളൂ.
  • ബുക്ക് ചെയ്‌തെത്തുന്നവര്‍ക്ക് രാവിലെ 11.30വരെ മാത്രമേ കിളിയെറിഞ്ഞാംകല്ല് ചെക്ക് പോസ്റ്റിലൂടെ ഗവിയിലേക്ക് പ്രവേശനമുള്ളൂ. 

ഗവിയിലെത്തുന്ന സഞ്ചാരികളെ ഏറ്റവും സുന്ദരമായ കാഴ്ചകള്‍ കാത്തിരിക്കുന്ന കാലമാണിത്. മഴയും മഞ്ഞുമെല്ലാം ചേര്‍ന്ന കാലാവസ്ഥ പ്രത്യേക അനുഭൂതിയാണ്. നിറഞ്ഞ ഡാമുകളും നിറഞ്ഞൊഴുകുന്ന കാട്ടരുവികളുമെല്ലാം മനോഹരമാണ്. അതേസമയം, മാസങ്ങളായി അടച്ചിട്ടിരുന്നതിനാല്‍ വന്യമൃഗങ്ങളുയര്‍ത്തുന്ന ഭീഷണിയും ചെറുതായിരിക്കില്ല. എല്ലാംകൊണ്ടും ഒരു സാഹസിക യാത്രയായാകും. ഓണ്‍ലൈന്‍ ബുക്കിങ്ങിന്: www.gavikakkionline.com

Content Highlights: Gavi Eco Tourism Center, Gavi Travel, Gavi Tourism, Kerala Tourism, Travel News