ദുബായ്: സന്ദര്‍ശകവിസയില്‍ എത്തി യു.എ.ഇ.യില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാന്‍ ദുബായിയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രത്യേക വിമാന സര്‍വീസ് ആരംഭിക്കുന്നു. ഏപ്രില്‍ ആറിന് സര്‍വീസുകള്‍ ആരംഭിക്കും. കൊറോണ വൈറസ് വ്യാപനം കാരണം അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിലച്ചതോടെ യു.എ.ഇ.യില്‍ ഒറ്റപ്പെട്ടുപോയവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സര്‍വീസുകള്‍.
ഇന്ത്യയില്‍ നെടുമ്പാശ്ശേരിയും തിരുവനന്തപുരവും ഉള്‍പ്പെടെ ഏഴ് നഗരങ്ങളിലേക്കായിരിക്കും സര്‍വീസുകള്‍. ദുബായ് എയര്‍പോര്‍ട്‌സ് ചെയര്‍മാന്‍ കൂടിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂമാണ് ട്വിറ്ററിലൂടെ എമിറേറ്റ്‌സ് നല്‍കുന്ന പ്രത്യേകസൗകര്യം പ്രഖ്യാപിച്ചത്. സാധാരണ രീതിയിലുള്ള വിമാന സര്‍വീസുകളല്ലായിതെന്നും യു.എ.ഇ.യില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് മാത്രമായുള്ളതാണ് ഇതെന്നും എമിറേറ്റ്‌സ് അധികൃതര്‍ അറിയിച്ചു.
നെടുമ്പാശ്ശേരിയിലേക്കും തിരുവനന്തപുരത്തേക്കും നിത്യവും രണ്ട് സര്‍വീസുകളുണ്ടാവും. ദുബായില്‍നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരിയിലെത്തും. രാവിലെ പത്തരയ്ക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 12.55ന് രണ്ടാം സര്‍വീസും നെടുമ്പാശ്ശേരിയിലെത്തും. വൈകീട്ട് 5.15ന് ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനം രാത്രി പതിനൊന്നിന് അവിടെയെത്തും. രാത്രി 12.30ന് മറ്റൊരു വിമാനവും തിരുവനന്തപുരത്തേക്ക് പറക്കും. പുലര്‍ച്ചെ മൂന്നിന് അവിടെയെത്തും.
ഈ വിമാനങ്ങളില്‍ തിരിച്ചുവരുമ്പോള്‍ യു.എ.ഇയിലേക്കുള്ള ചരക്കുകളും കയറ്റും. ഡല്‍ഹി , മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കും സര്‍വീസുണ്ട്. ലണ്ടന്‍, കറാച്ചി, ലഹോര്‍, ഇസ്‌ലാമാബാദ്, ധാക്ക, കൊളംബോ, കയ്‌റോ എന്നിവിടങ്ങളിലേക്കും ഇത്തരത്തില്‍ എമിറേറ്റ്‌സ് സര്‍വീസുണ്ടാകും. അതത് രാജ്യങ്ങളിലെ നിബന്ധനകള്‍ക്ക് വിധേയമായിട്ടാവും ഈ സര്‍വീസുകള്‍.
Content Highlights: Emirates special airline service Covid 19
Published: 03 Apr 2020, 10:17 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented