ദുബായിലെ പ്രധാന ആകര്‍ഷണമായ ദുബായ് ഫ്രെയിം വന്‍ നവീകരണത്തിന് ഒരുങ്ങുന്നു. ഫ്രെയിം ഉടന്‍ നവീകരിക്കുമെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാര്‍ക്സ് ആന്‍ഡ് റിക്രിയേഷണല്‍ ഫെസിലിറ്റീസ് വകുപ്പ് മേധാവി അഹമ്മദ് ഇബ്രാഹിം അല്‍ സറൂനി പറഞ്ഞു. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. അടുത്ത 50 വര്‍ഷത്തെ ദുബായ് നഗരത്തിന്റെ മാറ്റങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഫ്രെയിമില്‍ പ്രദര്‍ശിപ്പിക്കും. അടുത്ത വര്‍ഷാവസാനത്തോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

To advertise here,

സന്ദര്‍ശകര്‍ ഇതുവരെ കണ്ടതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും പുതിയ മാറ്റമെന്നും അല്‍ സറൂനി പറഞ്ഞു. 150 മീറ്റര്‍ ഉയരവും 93 മീറ്റര്‍ വീതിയുമുള്ള ദുബായ് ഫ്രെയിം സബീല്‍ പാര്‍ക്കിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്.

എമിറേറ്റിന്റെ ചരിത്രത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഫ്രെയിം 2018 -ലാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞവര്‍ഷം 16 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് ഇവിടെയെത്തിയത്. ദുബായ് നഗരത്തിന്റെ അവിസ്മരണീയ കാഴ്ചകളാണ് 48 നിലകളിലുള്ള ഫ്രെയിം സമ്മാനിക്കുന്നത്. ദുബായിയുടെ ചരിത്രവും വര്‍ത്തമാനകാലവും ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്നും നോക്കിക്കാണാനുള്ള അപൂര്‍വ അവസരമാണ് ഫ്രെയിം ഒരുക്കുന്നത്.

സബീല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്രെയിമിനു മുകളിലെ കാഴ്ചകള്‍ വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആകാശം പോലെ തോന്നുന്ന ഫ്രെയിമിനു മുകളിലെ ഗ്ലാസിട്ട തറയിലൂടെ നടക്കാന്‍ നല്ല മനക്കട്ടി വേണം. ചൈനയിലെ ഗ്ലാസ് പാലത്തിനു സമാനമാണ് ഈ അനുഭവം. ദുബായ് നഗരത്തിന്റെ പഴയ കാലം അതേപടി പകര്‍ത്തിയ ചെറിയ മ്യൂസിയവും ഫ്രെയിമിനുള്ളിലുണ്ട്. 2018 ജനുവരിയിലാണ്  ദുബായ് ഫ്രെയിം തുറന്നത്. ദുബായ് ബര്‍വാസ് എന്നാണ് അറബിയിലെ പേര്. 16 കോടി ദിര്‍ഹമാണ് ഇതിന്റെ നിര്‍മ്മാണ ചെലവ്.