നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ എപ്പോഴെങ്കിലും താമസിച്ചിട്ടുണ്ടോ? ട്രെയിൻ വരുന്നതുവരെ കാത്ത്, ഇടുങ്ങിയ ബെഞ്ചിൽ കിടന്ന് നിങ്ങളുടെ ബാഗ് തലയിണയാക്കുന്ന തരത്തിലുള്ളതല്ല. മറിച്ച്, സ്റ്റേഷന് അകത്ത് തന്നെ താമസം.
ഈയിടെ ഓൺലൈനിൽ പ്രചരിച്ച ഒരു വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെയൊരു ചോദ്യത്തോടെയാണ്: ‘നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ താമസിച്ചിട്ടുണ്ടോ’? പിന്നീട് കണ്ട കാഴ്ചകൾ പല യാത്രക്കാരെയും അത്ഭുതപ്പെടുത്തി. തമിഴ്നാട്ടിലെ കൂനൂർ റെയിൽവേ സ്റ്റേഷന് അകത്ത് താമസിച്ച അനുഭവമാണ് വീഡിയോയിലെ സ്ത്രീ പങ്കുവെച്ചത്.
‘ഇത് കൂനൂർ റെയിൽവേ സ്റ്റേഷനാണ്. യുനെസ്കോയുടെ ലോക പൈതൃക റെയിൽവേ ലൈൻ ആണിത്. 12 മണിക്കൂർ നേരം 750 രൂപയ്ക്കും 24 മണിക്കൂർ നേരം 1500 രൂപയ്ക്കും ഇവിടെ താമസ സൗകര്യം ബുക്ക് ചെയ്യാം’. താമസ സൗകര്യം കാണിച്ചുകൊണ്ട് അവർ പറയുന്നു.
വീഡിയോയിലൂടെ സ്ത്രീ തന്റെ അഭിപ്രായം സത്യസന്ധമായി പങ്കുവെക്കുന്നുമുണ്ട്. താമസം ആഡംബരമാണെന്ന് ഞാൻ പറയുന്നില്ല. താമസം അടിസ്ഥാന സൗകര്യങ്ങളോടെയുള്ളതും വൃത്തിയുള്ളതും വളരെ സുഖപ്രദവുമാണ്. എന്നാൽ റിസർവ് ചെയ്ത ടോയ് ട്രെയിൻ ടിക്കറ്റ് ഉള്ളവർക്ക് മാത്രമേ ഈ സൗകര്യം ഉപയോഗിക്കാൻ കഴിയൂ’, അവർ കൂട്ടിച്ചേർത്തു.
വൈകുന്നേരം നാല് മണിക്ക് ശേഷമുള്ള നിശ്ശബ്ദത
അനുഭവം സവിശേഷമാക്കിയത് സമയമായിരുന്നുവെന്നാണ് യാത്രികയായ സ്ത്രീ പറയുന്നത്. "രസകരമായ കാര്യം എന്തെന്നാൽ, ഈ സ്റ്റേഷനിലെ അവസാന ട്രെയിൻ വൈകുന്നേരം നാല് മണിക്ക് പുറപ്പെടുന്നു എന്നതാണ്. ഞങ്ങൾ രാവിലെ ആദ്യത്തെ ട്രെയിനിനാണ് റിസർവേഷൻ ചെയ്തത്. രാത്രിയിൽ ഇവിടെ പൂർണ്ണ നിശ്ശബ്ദത, പർവതങ്ങൾ, തണുത്ത കാറ്റ്, സമാധാനം മാത്രം.
"തെക്കേ ഇന്ത്യയിലെ യാത്രയ്ക്കിടെ എനിക്ക് ലഭിച്ച ഏറ്റവും മികച്ച അനുഭവങ്ങളിൽ ഒന്നായിരുന്നു ഇത്. സത്യം പറഞ്ഞാൽ, ഒരു പ്രദേശവാസിയുമായി സംസാരിക്കുന്നതിനിടയിലാണ് ഞങ്ങൾ ഇവിടെ താമസിക്കാൻ തീരുമാനിച്ചത്. രാത്രി വളരെ ഓർമിക്കത്തക്കതായിരുന്നു. കൂടാതെ രാവിലെ ഏഴ് മണിക്ക് പുറപ്പെടുന്ന ട്രെയിൻ യാത്രയ്ക്ക് സ്റ്റേഷന് സമീപം താമസിച്ചതിനാൽ സമയവും ഊർജ്ജവും ലാഭിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. രാവിലെ യാത്ര ചെയ്യുന്നവർക്ക്, സ്റ്റേഷനിൽ തന്നെ താമസിക്കുന്നത് കൃത്യസമയത്ത് എത്താനുള്ള സമ്മർദ്ദം ഒഴിവാക്കുന്നു, അവർ പറഞ്ഞു.
കൂനൂർ റെയിൽവേ സ്റ്റേഷൻ
യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ നീലഗിരി മൗണ്ടൻ റെയിൽവേയുടെ (NMR) ഭാഗമാണ് കൂനൂർ റെയിൽവേ സ്റ്റേഷൻ. ഇത് ഇന്ത്യയിലെ ഏറ്റവും മനോഹരവും ചരിത്രപ്രധാന്യവുമുള്ള റെയിൽ പാതകളിൽ ഒന്നാണ്.
മൂടൽമഞ്ഞുള്ള കുന്നുകളിലൂടെയും തുരങ്കങ്ങളിലൂടെയും തേയില തോട്ടങ്ങളിലൂടെയുമുള്ള ടോയ് ട്രെയിൻ യാത്രകൾക്ക് പേരുകേട്ട ഈ സ്റ്റേഷൻ പഴയകാല ചാരുതയോടെ ഇപ്പോഴും നിലകൊള്ളുന്നു. എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യം, റെയിൽവേ യാത്രക്കാർക്കായി ഇവിടെ ഔദ്യോഗിക റിട്ടയറിങ് റൂമുകളും ഡോർമെറ്ററികളും ലഭ്യമാണ് എന്നതാണ്.
കൂനൂർ റെയിൽവേ സ്റ്റേഷനിൽ താമസിക്കാൻ
- കൂനൂരിൽനിന്ന് ആരംഭിക്കുന്നതോ അവസാനിക്കുന്നതോ ആയ യാത്രയ്ക്ക് സ്ഥിരീകരിച്ചതോ അല്ലെങ്കിൽ RAC ടിക്കറ്റോ ഉണ്ടായിരിക്കണം.
- ബുക്ക് ചെയ്യാൻ സാധുവായ 10 അക്ക PNR നമ്പർ ആവശ്യമാണ്.
- വെയിറ്റിങ് ലിസ്റ്റിൽ ഉള്ളവർക്കോ റിസർവ് ചെയ്യാത്തതോ ആയ ടിക്കറ്റുകൾക്ക് മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യാൻ അർഹതയില്ല.
- താമസത്തിന്റെ കാലാവധി കുറഞ്ഞത് മൂന്ന് മണിക്കൂർ മുതൽ പരമാവധി 48 മണിക്കൂർ വരെയാകാം.
എങ്ങനെ ബുക്ക് ചെയ്യാം?
IRCTC റിട്ടയറിങ് റൂം പോർട്ടൽ വഴിയോ IRCTC മൊബൈൽ ആപ്പ് വഴിയോ ഓൺലൈനായും സ്റ്റേഷൻ കൗണ്ടറിൽ നേരിട്ട് ബുക്ക് ചെയ്താൽ, മുറികൾ ലഭ്യമാണെങ്കിൽ സാധുവായ ടിക്കറ്റ് ഉണ്ടെങ്കിൽ ഓഫ്‌ലൈനായും ബുക്ക് ചെയ്യാം.
താമസ സൗകര്യങ്ങളും ഏകദേശ ചിലവുകളും
- കുന്നിൻപുറത്തെ സ്റ്റേഷൻ ആയതുകൊണ്ട്, കാലാവസ്ഥ സുഖകരമായതിനാൽ മിക്കവാറും നോൺ-എസി മുറികളാണ് ലഭ്യമാകുന്നത്.
- സ്വകാര്യ നോൺ-എസി റൂമുകൾ: സാധാരണയായി 12 മണിക്കൂറിന് 100 രൂപ മുതൽ 800 രൂപ വരെയാണ്. ഇത് മുറിയുടെ നിലവാരത്തെ ആശ്രയിച്ചിരിക്കും.
- ഡോർമെറ്ററി ബെഡ്ഡുകൾ: ഏറ്റവും ബഡ്ജറ്റ് സൗഹൃദ ഓപ്ഷണിത്. സാധാരണയായി 12 മണിക്കൂറിന് ഒരു ബെഡ്ഡിന് 50 രൂപ മുതൽ 300 രൂപ വരെയാണ് നിരക്ക്.
- സർവീസ് ചാർജ്: IRCTC ഒരു ചെറിയ ഫീസ് ഈടാക്കുന്നു. മുറികൾക്ക് 20 രൂപയും ഡോർമെറ്ററി ബെഡ്ഡുകൾക്ക് 10 രൂപയും.
19-ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കൊളോണിയൽ വാസ്തുവിദ്യയാണ് കൂനൂർ റെയിൽവേ സ്റ്റേഷനുള്ളത്. മരംകൊണ്ട് പാനൽ ചെയ്ത വെയിറ്റിങ് റൂമുകൾ, പഴയ കെട്ടിടങ്ങൾ, സമീപത്ത് ഒരു ചരിത്ര പ്രാധാന്യമുള്ള മെയിന്റനൻസ് യാർഡ് എന്നിവ ഉണ്ട്. വിവിധ ക്ലാസ്സുകൾക്കായി പ്രത്യേക വെയിറ്റിങ് റൂമുകൾ, ചായയ്ക്കും ലഘുഭക്ഷണങ്ങൾക്കുമായി സ്റ്റാളുകൾ, വൃത്തിയുള്ള ടോയ്‌ലറ്റുകൾ, ഒരു ഹെൽപ് ഡെസ്ക് എന്നീ സൗകര്യങ്ങളും ലഭ്യമാണ്.
Content Highlights: Stay inside a functional UNESCO World Heritage railway station., Extremely budget-friendly with rooms from ₹750 for 12 hours., Requires a confirmed or RAC Nilgiri Mountain Railway toy train ticket., Experience unique tranquility after the last train departs at 4 PM., Bookable online via the IRCTC portal or app., Offers basic, clean, and comfortable non-AC rooms and dormitories.
Published: 25 Feb 2026, 07:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented