ബിനാലെയിലൂടെ ലോകപ്രസിദ്ധമായ കൊച്ചിയുടെ പൈതൃക ഇടമാണ് ഫോര്‍ട്ട്‌കൊച്ചിയിലെ ആസ്പിന്‍വാള്‍ കെട്ടിടം. ചരിത്ര പ്രാധാന്യമുള്ള ഈ കെട്ടിടം ഉള്‍പ്പെടുന്ന ഭൂമി, തീരരക്ഷാസേനയ്ക്ക് കൈമാറാനുള്ള നീക്കം വിവാദമാകുകയാണ്. തീരസംരക്ഷണ സേനയ്ക്ക് ആവശ്യമായത്ര ഭൂമി ലഭ്യമാക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍, ആസ്പിന്‍വാള്‍ പോലെ പൈതൃക മൂല്യമുള്ള കെട്ടിടങ്ങള്‍ കൊച്ചിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായതിനാല്‍, പൊതുഇടം എന്ന നിലയില്‍ അവ സംരക്ഷിക്കണമെന്ന് ആവശ്യമുയരുകയാണ്. 

To advertise here,

ചരിത്രംപേറുന്ന ആസ്പിന്‍വാള്‍

കൊച്ചി അഴിമുഖത്തുനിന്നു നോക്കിയാല്‍ കായലിനോടു ചേര്‍ന്ന് നെടുനീളത്തില്‍ നില്‍ക്കുന്ന ആസ്പിന്‍വാള്‍ കെട്ടിടം, ചരിത്ര നഗരത്തിലെ അതിമനോഹരമായ കാഴ്ചകളിലൊന്നാണ്. 19-ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണിത്. കൊച്ചിയില്‍ ആധുനിക തുറമുഖവും റെയില്‍വേയും വേണമെന്ന് ബ്രിട്ടീഷ് അധികൃതരോട് ആവശ്യപ്പെട്ട ദീര്‍ഘദര്‍ശിയായ ബ്രിട്ടീഷ് വ്യാപാരി ജോണ്‍ ആസ്പിന്‍വാളിന്റെ പേരിലുള്ളതാണ് കെട്ടിടം. പാശ്ചാത്യ രീതിയില്‍ കമ്പ നിക്കുവേണ്ടി നിര്‍മിച്ചതാണിത്. ബ്രിട്ടീഷ് ഭരണകാലത്ത് കയര്‍ കമ്പനിയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം കമ്പനി, തിരുവിതാംകൂര്‍ രാജകുടുംബം വാങ്ങി. അവര്‍ പിന്നീട് ഡി.എല്‍.എഫ്. കമ്പനിക്ക് കൈമാറി. വന്‍കിട ഹെറിറ്റേജ് ഹോട്ടല്‍ സ്ഥാപിക്കാനാണ് ഡി.എല്‍.എഫ്. ഇത് വാങ്ങിയത്. എന്നാല്‍, ഹെറിറ്റേജ് മൂല്യമുള്ള കെട്ടിടം നിലനിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നതോടെ അവര്‍ പിന്‍വാങ്ങുകയായിരുന്നു.

സര്‍ക്കാരിന്റെ നീക്കം പാളി

ബിനാലെയുടെ വേദി എന്ന നിലയില്‍ ആസ്പിന്‍വാള്‍ കെട്ടിടം ഏറ്റെടുക്കുമെന്ന് ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചതാണ്. ഇതു സംബന്ധിച്ച് ചര്‍ച്ചകളും നടന്നു. പക്ഷേ, പിന്നീട് കാര്യങ്ങള്‍ മാറി. കഴിഞ്ഞ തവണ ബിനാലെ നടത്തിയതിന് വലിയ തുക വാടക നല്‍കേണ്ടിവന്നു. ആസ്പിന്‍വാള്‍ കെ ട്ടിടം നില്‍ക്കുന്ന 2.44 ഏക്കര്‍ ഭൂമിയും അതിനോടു ചേര്‍ന്ന് കബ്രാള്‍ യാര്‍ഡിന്റെ 1.26 ഏക്കര്‍ ഭൂമിയും ഡി.എല്‍.എഫ്. കമ്പനിയുടേതാണ്. ഇതിനോടു ചേര്‍ന്ന് സര്‍ക്കാരിന് 1.26 ഏക്കര്‍ ഭൂമിയുമുണ്ട്. ഡി.എല്‍.എഫില്‍നിന്ന് ഭൂമി ഏറ്റെടുത്ത്, ഈ ഭൂമിയെല്ലാം പൊതുസ്വത്തായി നിലനിര്‍ത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇത് ബിനാലെയുടെ സ്ഥിരം വേദിയാക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍, പിന്നീട് കാര്യങ്ങള്‍ തകിടം മറിയുകയായിരുന്നു.

ബിനാലെയെ ബാധിക്കില്ല

ആസ്പിന്‍വാള്‍ കെട്ടിടം കൈമാറുന്നതു സംബന്ധിച്ച് കമ്പനിയും തീരസംരക്ഷണ സേനയും തമ്മില്‍ കരാറായെന്നാണ് വിവരം. ആസ്പിന്‍വാള്‍ കെട്ടിടം ബിനാലെയുടെ മുഖ്യ വേദിയായിരുന്നു. ബിനാലെയുടെ വിജയത്തിന് ഈ കെട്ടിടം വലിയ പങ്ക് വഹിച്ചിട്ടുമുണ്ട്. എന്നാല്‍, കെട്ടിടം കൈമാറുന്നത് ബിനാലെയുടെ നടത്തിപ്പിനെ ബാധിക്കില്ലെന്നാണ് സംഘാടകര്‍ പറയുന്നത്. ശേഷിക്കുന്ന സ്ഥലം സര്‍ക്കാരിന്റേതായതിനാല്‍ ബിനാലെ നടത്താനാകും. ഇതുകൂടാതെ മറ്റ് സ്ഥലങ്ങള്‍ കണ്ടെത്താനും കഴിയും. എന്നാല്‍, ബിനാലെ നടത്തിപ്പ് മാത്രമല്ല പ്രശ്‌നം. പൈതൃക സമ്പത്തിന്റെ പേരിലാണ് കൊച്ചിയുടെ ടൂറിസം നില കൊള്ളുന്നത്. ഇത്ര പ്രധാനപ്പെട്ട കെട്ടിടം സേനയ്ക്കു കൈമാറുമ്പോള്‍, പൈതൃക മൂല്യത്തിന് ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മുഖ്യമന്ത്രി ഇടപെടണം

- എം. അനില്‍കുമാര്‍, മേയര്‍ കൊച്ചി

ആസ്പിന്‍വാള്‍ കമ്പനിയുടെ സ്ഥലം വില്‍ക്കാനുള്ള എല്ലാ നീക്കവും കൊച്ചി കോര്‍പ്പറേഷന്‍ ശക്തമായി എതിര്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുത്ത് ആസ്പിന്‍വാള്‍ കമ്പനിയുടെ സ്ഥലം വാങ്ങാന്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന് ഭൂമി വില്‍ക്കുന്നതിനു പകരം ഇപ്പോള്‍ കോസ്റ്റ് ഗാര്‍ഡിന് കൂടിയ വിലയ്ക്ക് വില്‍ക്കുന്നത് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സങ്കുചിത താത്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. കോസ്റ്റ്ഗാര്‍ഡ് തലവന്‍ കമഡോര്‍ എന്‍. രവി യുമായി ടെലിഫോണിലുടെ സംസാരിച്ചു.

ഇതേ സ്ഥലംതന്നെ വേണം എന്ന ഒരു നിര്‍ബന്ധവും അവര്‍ക്കില്ല. മുഖ്യമന്ത്രിതന്നെ ഈ കാര്യത്തില്‍ മുന്‍കൈയെടുക്കണം എന്ന് അഭ്യര്‍ഥിച്ച് കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കൂടി ഇടപെട്ടാല്‍ ഈ വില്പനയില്‍നിന്ന് ഡി.എല്‍.എഫ്. കമ്പനിയും കോസ്റ്റ്ഗാര്‍ഡും പിന്മാറും എന്നാണ് പ്രതീക്ഷ.