കൊച്ചി: പ്രതിഷേധത്തെ തുടർന്ന് കൊച്ചി മുസിരിസ് ബിനാലെയിലെ പ്രദർശനത്തിൽനിന്ന് ടോം വട്ടക്കുഴിയുടെ പെയിൻറിങ് പിൻവലിച്ചു. ബിനാലെയുടെ ഭാഗമായ ഇടം പ്രദർശനം നടക്കുന്ന ഗാർഡൻ കൺവെൻഷൻ സെന്ററിലായിരുന്നു ‘മൃദുവാംഗിയുടെ ദുർമൃത്യു’ എന്ന പെയിന്റിങ് ഉണ്ടായിരുന്നത്. പെയിൻറിങ് ഒഴിവാക്കിയ ശേഷം വേദി പൊതുജനങ്ങൾക്കായി വീണ്ടും തുറന്നു.
പൊതുജനവികാരം മാനിച്ചും പൊതുനന്മ കണക്കിലെടുത്തും പ്രസ്തുതചിത്രം പ്രദർശനത്തിൽ നിന്ന് പിൻവലിക്കാൻ ക്യൂറേറ്ററും കലാകാരനും തീരുമാനിച്ചതായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു. ആവിഷ്കാര - ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തിനുവേണ്ടി എന്നും നിലകൊള്ളുന്ന കൊച്ചി ബിനാലെ ഫൗണ്ടേഷൻ അവരുടെ തീരുമാനത്തെ പൂർണമായും ബഹുമാനിക്കുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ, ആ കലാസൃഷ്ടി ഇനി പ്രദർശനത്തിനുണ്ടാകില്ലെന്നും ഫൗണ്ടേഷൻ അറിയിച്ചു.
യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അപമാനിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ഈ പെയിന്റിങ് ഉൾപ്പെട്ട പ്രദർശനം നടന്നിരുന്ന വേദി അധികൃതരുടെ നിർദേശത്തെ തുടർന്ന് അടച്ചിരുന്നു.
അന്ത്യ അത്താഴത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ അപമാനിക്കുകയാണെന്ന് സിറോമലബാർ സഭ കുറ്റപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കെസിബിസി ജാഗ്രതാ കമ്മിഷൻ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതിയും നൽകി. ഗാലറിക്കു മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധവും അരങ്ങേറി.
ഒരു ആനുകാലികത്തിൽ അച്ചടിച്ച നാടകത്തിനായി വരച്ച ഇലസ്‌ട്രേഷനാണ് ചിത്രമെന്നും ഇതു സംബന്ധിച്ചുണ്ടായ വിവാദം നിർഭാഗ്യകരമാണെന്നും ചിത്രകാരൻ ടോം വട്ടക്കുഴി പ്രതികരിച്ചു. “ആസ്വാദകരിൽ ചില ഓർമ്മകൾ ഉണർത്താനായി സൂചകങ്ങളും നിറങ്ങളും വെളിച്ചവും മറ്റും ഉപയോഗിക്കുന്ന രീതിയാണ് ചിത്രരചനയിൽ അവലംബിച്ചത്. അത്തരം രീതി എന്റെ മറ്റ് പെയിൻറിങ്ങുകളിലുമുണ്ട്. മറിച്ചുള്ള ആരോപണങ്ങൾ ഖേദകരമാണ്” - ടോം വട്ടക്കുഴി പറഞ്ഞു.
Content Highlights: A controversial painting at the Kochi-Muziris Biennale, accused of disrespecting the Last Supper, has been removed following public outcry and protests. The exhibition is now reopened.
Published: 06 Jan 2026, 10:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented