ലിങ്ക്ഡ്ഇൻ, ഇൻഡീഡ് പോലെയുള്ള പ്രൊഫഷണൽ തൊഴിൽ അന്വേഷണ പ്ലാറ്റ്‌ഫോമുകൾ വഴി ചൈനീസ് സൈനിക ചാരന്മാർ രഹസ്യ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായി അമേരിക്കയുടെയും മറ്റ് 'ഫൈവ് ഐസ്' (Five Eyes) രാജ്യങ്ങളുടെയും സംയുക്ത മുന്നറിയിപ്പ്. ചൈനയ്ക്ക് പുറത്തുള്ള സ്വകാര്യ കമ്പനികളുടെ എച്ച്.ആർ. കൺസൾട്ടന്റുമാരും റിക്രൂട്ടർമാരുമാണെന്ന വ്യാജേനയാണ് ചൈനീസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ തൊഴിലന്വേഷകരെ സമീപിക്കുന്നത്. സുപ്രധാന സുരക്ഷാ വിവരങ്ങൾ അറിയാവുന്നവർ, സൈനിക ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, ഗവേഷകർ, അക്കാദമിക് വിദഗ്ധർ എന്നിവരെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്.
അമേരിക്കൻ ഏജൻസിയായ എഫ്.ബി.ഐ., യുകെയിലെ എം.ഐ.5, കാനഡയുടെ സി.എസ്.ഐ.എസ്., ഓസ്‌ട്രേലിയയുടെ എ.എസ്.ഐ.ഒ., ന്യൂസിലാൻഡിന്റെ എൻ.ഇസഡ്.എസ്.ഐ.എസ്. എന്നീ അഞ്ച് രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ ചേർന്നാണ് "സേഫ്‌ഗാർഡിങ് ഔർ സീക്രട്ട്സ്" (Safeguarding Our Secrets) എന്ന പേരിൽ ഈ മുന്നറിയിപ്പ് പുറത്തിറക്കിയത്.
തട്ടിപ്പ് എങ്ങനെ?
തൊഴിൽ അപേക്ഷകളിലൂടെയാണ് ഇവർ ആദ്യം ഉദ്യോഗാർത്ഥികളുമായി ബന്ധപ്പെടുന്നത്. തുടർന്ന് ഓൺലൈനായി ഇന്റർവ്യൂ നടത്തുകയും ഉദ്യോഗാർത്ഥികളുടെ സർക്കാർ കോൺടാക്റ്റുകളെക്കുറിച്ചും സൈനിക ബന്ധങ്ങളെക്കുറിച്ചും തന്ത്രപരമായി ചോദിച്ചറിയുകയും ചെയ്യുന്നു. ഇവരുടെ കഴിവ് പരിശോധിക്കുന്നതിനായി ചൈനയുടെ ഉഭയകക്ഷി ബന്ധങ്ങൾ, ഇൻഡോ-പസഫിക് പ്രതിരോധ വിഷയങ്ങൾ തുടങ്ങിയവയിൽ ഒരു 'ട്രയൽ റിപ്പോർട്ട്' തയ്യാറാക്കാൻ ആവശ്യപ്പെടുന്നു.
വിശ്വാസം നേടിയെടുത്ത ശേഷം കൂടുതൽ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും, പിടിക്കപ്പെടാതിരിക്കാൻ ആശയവിനിമയം സുരക്ഷിതമായ എൻക്രിപ്റ്റഡ് മെസ്സേജിങ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റുകയും ചെയ്യും. ഈ റിപ്പോർട്ടുകൾക്ക് പ്രതിഫലമായി പേപാൽ, വൈസ്, സെൽ, ക്രിപ്റ്റോകറൻസി എന്നിവ വഴി നൂറുകണക്കിന് മുതൽ ആയിരക്കണക്കിന് ഡോളറുകൾ വരെ ഉദ്യോഗാർത്ഥികൾക്ക് നൽകും.
ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഫൈവ് ഐസ് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഇതിനകം തന്നെ ഈ ചതിക്കുഴികളിൽ വീണ പലരെയും കണ്ടെത്തിയിട്ടുണ്ടെന്നും, അവർക്ക് ജോലി നഷ്ടപ്പെടാനും, സുരക്ഷാ ക്ലിയറൻസ് റദ്ദാക്കപ്പെടാനും, ക്രിമിനൽ നടപടികൾ നേരിടാനും ഇത് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
രഹസ്യസ്വഭാവമില്ലാത്ത സാധാരണ വിവരങ്ങൾ പങ്കുവെക്കുന്നത് പോലും അപകടകരമാണ്. ഇത്തരം ചെറിയ വിവരങ്ങൾ കൂട്ടിച്ചേർത്ത് സുരക്ഷയെ ബാധിക്കുന്ന വലിയ വിവരങ്ങൾ നിർമ്മിത ബുദ്ധിയോടെ (AI) നിർമ്മിച്ചെടുക്കാൻ ചാരന്മാർക്ക് സാധിക്കും. ഇത്തരം കെണികൾ തിരിച്ചറിയാനും ഒഴിവാക്കാനുമായി യുകെയുടെ നാഷണൽ പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി അതോറിറ്റി 'ആപ്ലിക്കന്റ് ബിവെയർ' എന്ന പേരിൽ ചില മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
Content Highlights: The 'Five Eyes' intelligence alliance has issued a joint warning titled "Safeguarding Our Secrets" after uncovering a sophisticated Chinese espionage network using fake HR profiles on LinkedIn and Indeed to lure military, academic, and media professionals into leaking sensitive data.
Published: 06 Jun 2026, 07:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented