തോപ്പുംപടി: 'നിക്ക്' എന്ന ഓമനപ്പേരിലറിയുന്ന ഇംഗ്ലണ്ടുകാരന്‍ ജോണ്‍ നിക്കോളാസ് ഫ്രാന്‍സന് ഒരു ബോട്ട് വേണം. താന്‍ സ്വപ്നംകണ്ട ഡിസൈനില്‍ ബോട്ട് നിര്‍മിക്കുന്നതിനുള്ള വഴി തേടുമ്പോഴാണ് നിക്ക്, കൊച്ചിയെക്കുറിച്ചറിയുന്നത്. നിക്കിന് ലണ്ടനില്‍ സ്വന്തം ബോട്ട് യാര്‍ഡുണ്ട്. എന്നാല്‍ സ്വപ്നത്തിലെ ബോട്ട് ലണ്ടനില്‍ നിര്‍മിക്കാന്‍ ചെലവേറും. കുറഞ്ഞ ചെലവില്‍ ബോട്ട് നിര്‍മിക്കുന്ന കേന്ദ്രങ്ങളേക്കുറിച്ചുള്ള അന്വേഷണം അവസാനിച്ചത് കൊച്ചിയിലാണ്. 

To advertise here,

നൂറ്റാണ്ടുകള്‍ക്കുമുന്‍പേ ബോട്ട് നിര്‍മാണത്തിന് പേരുകേട്ട ഇടമാണ് കൊച്ചി എന്ന് മനസ്സിലാക്കിയ നിക്ക്, ഭാര്യ ആനിനൊപ്പം കൊച്ചിയിലേക്ക് പറക്കുകയായിരുന്നു. ഇവിടെ പലയിടത്തും ബോട്ട് പണിക്കാരെ അന്വേഷിച്ചു. പലരെയും ഇന്റര്‍വ്യൂ ചെയ്തു. ഒടുവില്‍ ഇടക്കൊച്ചിയിലെ ദരിയ മറൈന്‍ എന്‍ജിനിയറിങ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥരായ ലിബിന്‍, ജിബിന്‍ തോമസ് എന്നിവരുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ആശയത്തിനനുസരിച്ച് അവര്‍ ബോട്ടിന്റെ ഡിസൈന് രൂപം നല്‍കി. പിന്നെ ആ ബോട്ട് അതേപോലെ പണിതെടുക്കാനുള്ള ശ്രമമായി.

placeholder
ഇടക്കൊച്ചി ദരിയ യാർഡിലെ ലിബിൻ, ജിബിൻ തോമസ് എന്നിവർക്കൊപ്പം ജോൺ നിക്കോളാസ്

ദരിയ മറൈനിലെ മിടുക്കരായ തൊഴിലാളികള്‍ അതിനുള്ള ജോലികള്‍ തുടങ്ങി. രണ്ടുപേര്‍ക്ക് താമസിക്കാനുള്ള ആധുനിക സൗകര്യങ്ങള്‍ കൂടി ബോട്ടിലൊരുക്കി. ബോട്ട് പണി നടക്കുന്ന സമയത്തൊക്കെ നിക്ക് കൊച്ചിയില്‍ തങ്ങി. ഓരോ ചെറിയകാര്യത്തിലും നിക്ക് ഇടപെട്ടു. ആറുമാസം കൊണ്ടാണ് ബോട്ട് പൂര്‍ത്തിയായത്. ഇതിനിടെ ഭാര്യ ആന്‍ നാട്ടിലേക്ക് മടങ്ങി. കൊച്ചിയില്‍ തങ്ങിയ നിക്ക്, മലയാളം കുറെശ്ശേ സംസാരിക്കാന്‍ പഠിച്ചു. അറിയാവുന്ന മലയാളത്തില്‍ ബോട്ട് പണിക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. 

നിക്ക്, അവരുടെ കൂട്ടുകാരനായി. ഒടുവില്‍ ബോട്ട് നീറ്റിലിറക്കി. തന്റെ മനസ്സിലുണ്ടായിരുന്ന ബോട്ടാണ് ഇവര്‍ ഒരുക്കിത്തന്നതെന്ന് നിക്ക് പറയുന്നു. പണിക്കാരെകുറിച്ച് പറയുമ്പോള്‍ നിക്കിന് മനസ്സ് നിറയുന്നു. ഭാര്യയ്‌ക്കൊപ്പം ബോട്ടില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന്, വിവിധ രാജ്യങ്ങളിലേക്ക് പോകുകയാണ് ലക്ഷ്യം. കഴിഞ്ഞദിവസം ബോട്ട്, കപ്പലില്‍ കയറ്റി ഇംഗ്ലണ്ടിലേക്ക് അയച്ചു. കൊച്ചിയിലെ പസഫിക് ഓഷ്യന്‍ ലോജിസ്റ്റിക്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന സ്ഥാപനമാണ് ബോട്ട് കപ്പലില്‍ അയയ്ക്കാനുള്ള ചുമതല ഏറ്റെടുത്തത്.