കോഴിക്കോട്: ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സാഹസിക ജലകായിക മത്സരങ്ങളുടെ ഭൂപടത്തിൽ കേരളത്തിന് ഇടം നേടിക്കൊടുക്കാനും ഫെസ്റ്റിനായതായി മന്ത്രി പറഞ്ഞു. ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് സീസൺ നാലിന് മുന്നോടിയായി ബേപ്പൂരിൽ ഫെസ്റ്റ് സംഘാടക സമിതി ഓഫീസിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബർ 27, 28, 29 തീയതികളിലായി നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ ഉദ്ഘാടനം 27-ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു. എം.കെ. രാഘവൻ എംപി, മേയർ ബീന ഫിലിപ്പ് തുടങ്ങയവർ വിശിഷ്ടാതിഥികളാകും. സിനിമാ സംവിധായകനും നടനുമായ ബേസിൽ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. വേദിയിൽ ഉയർത്താനുള്ള പതാക കോഴിക്കോട് ബീച്ചിൽ നിന്നും സൈക്ലിംഗിലൂടെ ബേപ്പൂർ ബീച്ചിലെത്തിക്കും. ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഉദ്ഘാടന ദിനം അരങ്ങേറും.
കേരളത്തിലെ വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്തു പകരുന്നതാണ് മലബാർ ടൂറിസം വികസനം. അതിന്റെ ഭാഗമായാണ് മനോഹരമായ ബീച്ചുകളുള്ള ബേപ്പൂരിൽ ജലകായിക മത്സരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിൽ ഒരു വാട്ടർ ഫെസ്റ്റിവൽ നടത്താൻ തീരുമാനമെടുത്തത്. ഈ ആശയം ജനങ്ങൾ ഏറ്റെടുക്കുകയും അവർ സംഘാടകരായി മുന്നോട്ടു വരികയും ചെയ്യുന്നതാണ് ആദ്യ വർഷം തന്നെ കാണാനായത്. ലക്ഷക്കണക്കിന് ആളുകളാണ് ഒരോ വർഷവും ഫെസ്റ്റിവലിലെത്തുന്നത്. ആദ്യ വർഷത്തെ വിജയത്തിൽ നിന്നാണ് എല്ലാ വർഷവും ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നടത്തണമെന്ന തീരുമാനത്തിൽ ടൂറിസം വകുപ്പ് ഒരു കോടി രൂപ മാറ്റി വെച്ചതെന്നും മന്ത്രി പറഞ്ഞു. നൂതന ആശയങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ജനങ്ങളും ടൂറിസം വകുപ്പുമാണ് ഫെസ്റ്റിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചത്- മന്ത്രി പറഞ്ഞു.
ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഭക്ഷ്യമേള ഡിസംബർ 25 മുതൽ 31 വരെ നടക്കും. ഭക്ഷ്യമേളയുടെ ഉദ്ഘാടനം സ്പീക്കർ എഎൻ ഷംസീർ നിർവ്വഹിക്കും. ബേപ്പൂർ ബീച്ച്, ചാലിയം ബീച്ച്, നല്ലൂർ മിനി സ്റ്റേഡിയം എന്നീ വേദികളിൽ മൂന്ന് ദിവസങ്ങളിലായി സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. ഡിസംബർ 28, 29 തിയ്യതികളിൽ ഡ്രോൺ ലൈറ്റ് ഷോ ആകാശത്ത് വിസ്മയം തീർക്കും.
വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സർഫിങ്, സെയിലിംഗ്, കനോയിംങ്, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, പാരാമോട്ടോറിംഗ്, ഫ്‌ളൈ ബോർഡ്, കയാക്കിങ്, സ്റ്റാന്റ് അപ്പ് പാഡ്ഡിംഗ് റേസ് ഡിങ്കി ബോട്ട് റേസ്, വലവീശൽ, ഫ്‌ളൈ ബോർഡ് ഡെമോൺസ്‌ട്രേഷൻ, ട്രഷർ ഹണ്ട്, കൺട്രി ബോട്ട് റേസ്, ചൂണ്ടയിടൽ, നേവി - കോസ്റ്റ്ഗാർഡ് ഷിപ്പ് വിസിറ്റ്, നേവി ബാൻഡ്, നേവി സെർച്ച് ആൻഡ് റെസ്‌ക്യൂ ഡെമോൺസ്‌ട്രേഷൻ തുടങ്ങി നിരവധി ജല- സാഹസിക പരിപാടികൾ സംഘടിപ്പിക്കും.
മലബാറിലെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെസ്റ്റിനോടനുബന്ധിച്ച് ഡിസംബർ 27-ന് ബിസിനസ് ടു ബിസിനസ് (ബി2ബി) മീറ്റ് കോഴിക്കോട് കടവ് റിസോർട്ടിൽ സംഘടിപ്പിക്കും. 27 മുതൽ 29വരെ ബേപ്പൂർ, നല്ലൂർ, ചാലിയം ബീച്ച് എന്നീ വേദികളിൽ പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സംഗീത വിരുന്ന്, മ്യൂസിക്കൽ ബാൻഡ് എന്നിവയും അരങ്ങേറും. ഫറോക്കിലെ നല്ലൂരിൽ എക്സിബിഷൻ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 29-ന് സമാപന സമ്മേളനം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.
Content Highlights: Beypore International Water Fest 2024
Published: 19 Dec 2024, 05:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented