മൈസൂരു: ബന്ദിപ്പുര്‍, നാഗര്‍ഹോളെ വന്യജീവി സങ്കേതത്തിലെ സഫാരി നിര്‍ത്തലാക്കിയതിനെത്തുടര്‍ന്ന് വരുമാനം കുറഞ്ഞ് ടൂറിസം മേഖല. വന്യജീവി ആക്രമണങ്ങള്‍ക്ക് ടൂറിസം വാഹനങ്ങള്‍ കാരണമായേക്കാമെന്ന ആശങ്കയെത്തുടര്‍ന്നാണ് ഇവിടെയുള്ള സഫാരി സര്‍വീസുകള്‍ നവംബര്‍ എട്ടു മുതല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചതായി വനം മന്ത്രി ഈശ്വര്‍ ബി. ഖന്‍ഡ്രെ അറിയിച്ചത്.

To advertise here,

സരഗൂര്‍ താലൂക്കിലെ ബന്ദിപ്പുര്‍ വനമേഖലയുടെ അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളില്‍ കടുവ ആക്രമണങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും ഒരു കര്‍ഷകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ ടൂറിസം മേഖലയില്‍ വരുമാനം കുത്തനെ കുറഞ്ഞെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇതോടെ സഫാരി സേവനങ്ങള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളുടെ കാരണം ഇപ്പോഴും വനം വകുപ്പിന്റെ അന്വേഷണത്തിലാണ്. എന്നാല്‍, സഫാരി വാഹനങ്ങള്‍ കടുവകളെ കാട്ടില്‍നിന്ന് മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വലിച്ചിഴച്ചതായിരിക്കാമെന്ന അനുമാനത്തിലാണ് സര്‍ക്കാര്‍.

സഫാരി നിരോധനം മൈസൂരുവിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയെന്നാണ് ഈ മേലയിലുള്ളവര്‍ പറയുന്നത്. സാധാരണ ഈ മാസങ്ങളിലാണ് കേരളത്തില്‍നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനയാത്ര സംഘങ്ങള്‍ കൂടുതല്‍ എത്താറുള്ളത്. എന്നാല്‍, സഫാരി നിര്‍ത്തലാക്കിയതോടെ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വന്യജീവി സങ്കേതങ്ങളിലെത്തുന്ന മലയാളി സംഘങ്ങള്‍ നാമമാത്രമാണ്.

മൈസൂരു, ഗുണ്ടല്‍പേട്ട്, എച്ച്ഡി കോട്ടേ, ഹുന്‍സൂര്‍, സരഗൂര്‍ എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്ക് സഞ്ചാരികള്‍ കുറഞ്ഞതോടെ കനത്ത നഷ്ടമാണ്. സഫാരി സന്ദര്‍ശകര്‍ക്കായി പ്രത്യേകമായി റോഡരികില്‍ ഒട്ടേറെ സ്റ്റാളുകള്‍ പലരും സ്ഥാപിച്ചിരുന്നു. ഇവരെല്ലാം കനത്ത നഷ്ടം നേരിടുകയാണ്. മേഖലയിലെ സൂര്യകാന്തി, ജമന്തി തോട്ടങ്ങള്‍ കാണാനെത്തുന്നവരും ഇപ്പോള്‍ വിരലിലെണ്ണാവുന്നവരാണ്.

മിക്ക റൂമുകളും ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ഫോറസ്റ്റ് ഗസ്റ്റ് ഹൗസുകളിലും റിസോര്‍ട്ടുകളിലും ജോലി ചെയ്യുന്ന ഏകദേശം 2,000 കുടുംബങ്ങള്‍ വരുമാനത്തിലെ ഗണ്യമായ ഇടിവ് കാരണം ബുദ്ധിമുട്ടുകയാണ്. സഫാരികള്‍ എല്ലായ്‌പോഴും ആവശ്യമായ എല്ലാ മുന്‍കരുതലുകളോടും കൂടി നടത്തിയിട്ടുണ്ട്. അതിനാല്‍, എല്ലാ സുരക്ഷിത മാര്‍ഗങ്ങളും സ്വീകരിച്ച് സഫാരി സേവനം പുനരാരംഭിക്കണമെന്നാണ് വ്യാപാരികളുടെ അഭിപ്രായം.