
ആലപ്പാട്: 'വിനോദസഞ്ചാരത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ അഴീക്കല്‍ മേഖല ലോകശ്രദ്ധയിലേക്ക് ഉയരും'-2022 മാര്‍ച്ച് 10-ന് അഴീക്കല്‍-വലിയഴീക്കല്‍ പാലം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ വാക്കുകളാണിത്. മത്സ്യമേഖലയും വിനോദസഞ്ചാരമേഖലയും വികസനക്കുതിപ്പിലെത്താന് അധികദൂരമില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ അഴീക്കല്‍ ബീച്ചും പരിസരവും വീര്‍പ്പുമുട്ടുകയാണ്. നിയന്ത്രണം മറികടന്ന് കടലില്‍ ഇറങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ബീച്ച് അപകടകരമായ നിലയിലേക്കു മാറി. അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാല്‍ ഇവിടെ കുട്ടികളുള്‍പ്പെടെ കൂട്ടമായി എത്തുന്ന കുടുംബങ്ങള്‍ക്ക് ഒരു സുരക്ഷിതത്വവുമില്ല.
സുരക്ഷാ ബോര്‍ഡുകള്‍ ഇല്ലെന്നതു കൂടാതെ ലൈഫ് ഗാര്‍ഡുകളുടെ എണ്ണവും പരിമിതമാണ്. ബീച്ചിന്റെ അതിര്‍ത്തി അളന്നു തിട്ടപ്പെടുത്തുകയോ വേലി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ബീച്ചിലെ അപകടമേഖലയില്‍ ഇറങ്ങാതിരിക്കാന്‍ ബാരിക്കേഡുമില്ല.
ബീച്ച് വികസനത്തിന് 2014-ല്‍ ഒരുകോടി
2014-ല്‍ കെ.സി.വേണുഗോപാല്‍ എം.പി.യുടെ പദ്ധതിയില്‍പ്പെടുത്തി ബീച്ച് വികസനവുമായി ബന്ധപ്പെട്ട് ഗ്രാമീണ ടൂറിസംവകുപ്പ് ഒരുകോടി അനുവദിച്ചു. നടപ്പാത, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, പടിപ്പുര, മണ്ഡപം, പ്രവേശനകവാടം, ഫെസിലിറ്റേഷന്‍ കേന്ദ്രം എന്നിവ നിര്‍മിക്കാനായിരുന്നു പദ്ധതി. നടപ്പാതയും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും നിര്‍മിച്ചു. ഓഖി ദുരന്തത്തില്‍ നടപ്പാത പൂര്‍ണമായും കടലെടുത്തു. പിന്നീട് ഒരു വികസനപദ്ധതിയും അഴീക്കല്‍ ബീച്ചിലേക്ക് എത്തിനോക്കിയില്ല.
തണ്ണീര്പ്പന്തലിനായി20 ലക്ഷം പാഴാക്കി
ജില്ലാപഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി തണ്ണീര്‍പ്പന്തലിന് 20 ലക്ഷം ചെലവഴിച്ച് കെട്ടിടം നിര്‍മിച്ചു. കോഫി സ്റ്റാള്‍, എ.ടി.എം. കൗണ്ടര്‍, ടോയ്ലെറ്റ് ബ്ലോക്ക്, മുലയൂട്ടുന്ന അമ്മമാര്‍ക്കായി ഫീഡിങ് കേന്ദ്രം എന്നീ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. സി.ആര്.ഇസഡ്. നിയന്ത്രണപരിധിയില്പ്പെട്ടതിനാല് തുറക്കാനായില്ല. 2023-ല്‍ ടോയ്ലെറ്റ് ബ്ലോക്ക് തുറന്നെങ്കിലും ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്.
ടൂറിസം വില്ലേജ് സ്വപ്നംമാത്രം
വലിയഴീക്കല്‍ പാലം തുറന്നതോടെ അഴീക്കല്‍-വലിയഴീക്കല്‍ ഗ്രാമീണ ടൂറിസത്തിനു സാധ്യത വര്‍ധിച്ചു. പെന്റഗണ്‍ ലൈറ്റ് ഹൗസ്, അഴിമുഖം, കണ്ടല്‍ക്കാട്, കായംകുളം കായല്‍, കൃഷ്ണപുരം കൊട്ടാരം, ആര്‍ട്ട് ഗാലറി, അമൃതാനന്ദമയി മഠം, ഓച്ചിറ പരബ്രഹ്മക്ഷേത്രം ഇവയെല്ലാം കൂട്ടിയിണക്കിയുള്ള വിനോദസഞ്ചാരത്തിന് വലിയ സാധ്യതയാണുള്ളത്. അഴീക്കല്‍ കേന്ദ്രീകരിച്ച് ടൂറിസം വില്ലേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം നാട്ടുകാര്‍ ഉയര്‍ത്തിയിട്ട് രണ്ടുവര്‍ഷത്തിലേറെ ആയെങ്കിലും നടപടിയൊന്നുമായില്ല.
Content Highlights: Azheekal Beach in Kerala, India, is attracting tourists, but lacks basic facilities and safety
Published: 02 Nov 2024, 01:58 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented