തിരുവനന്തപുരം: നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തോളമാകാറായിട്ടും സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാതെ ആക്കുളം കണ്ണാടിപ്പാലം. സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പിനു കീഴില്‍ സംസ്ഥാനത്തെ ആദ്യത്തെ കണ്ണാടിപ്പാലം എന്ന ഖ്യാതിയുമായി വന്ന പാലമാണിത്.

To advertise here,

70 അടി ഉയരവും 52 മീറ്റര്‍ നീളവുമുള്ള പാലത്തില്‍നിന്നു നോക്കിയാല്‍ ആക്കുളം കായലുള്‍പ്പെടെയുള്ള മനോഹരക്കാഴ്ചകള്‍ കാണാന്‍കഴിയുന്ന തരത്തിലായിരുന്നു നിര്‍മാണം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് പരിപാലനച്ചുമതല.

ഫെബ്രുവരിയിലാണ് ആക്കുളത്ത് കണ്ണാടിപ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. എന്നാല്‍ കുറച്ചുനാളുകള്‍ക്കുള്ളില്‍ത്തന്നെ പാലത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. തുറക്കാന്‍ തീരുമാനിച്ചതിനു ദിവസങ്ങള്‍ക്കുമുന്‍പ് വിള്ളലുണ്ടായത് അന്ന് രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

വി.കെ.പ്രശാന്ത് എം.എല്‍.എ. ചെയര്‍മാനായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(വൈബ്)ക്കായിരുന്നു നിര്‍മാണച്ചുമതല. 1.25 കോടി രൂപ പാലത്തിനായി ചെലവിട്ടുവെന്നാണ് 'വൈബ്' പറയുന്നത്.

ഇവരുടെ പരിചയക്കുറവും നിര്‍മാണത്തിലെ അപാകതയും പാലത്തിന്റെ വിള്ളലിനു കാരണമായെന്ന് ആരോപണമുയര്‍ന്നു.

എന്നാല്‍ പാലം തകര്‍ന്നതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു വൈബിന്റെ വാദം. ഉയരമുള്ള പാലത്തില്‍ മനപ്പൂര്‍വം പൊട്ടലുണ്ടാക്കാന്‍ കഴിയില്ലെന്ന കണ്ടെത്തലില്‍ ദുരൂഹ ആരോപണം പോലീസ് അന്നേ തള്ളിയിരുന്നു. പ്രശ്‌നം പരിഹരിച്ച് ഉദ്ഘാടനം നടത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വീണ്ടും പാലത്തിനു തകരാര്‍ കണ്ടെത്തിയത്. ഇത്തവണ പാലത്തിന്റെ ലാന്‍ഡിങ് പോയിന്റിലെ ഗ്ലാസുകള്‍ തകരുകയായിരുന്നു.

അടിയന്തര അറ്റകുറ്റപ്പണി നടത്തി ഇതും പരിഹരിച്ചു. ഉടന്‍ ഉദ്ഘാടനം നടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇപ്പോഴും പാലം അടഞ്ഞുകിടക്കുകയാണ്.

തമിഴ്നാട്ടില്‍ ഞൊടിയിടയില്‍

കന്യാകുമാരിയില്‍ തിരുവള്ളുവര്‍പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലിയോടനുബന്ധിച്ച് വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവര്‍പ്രതിമയ്ക്കും മധ്യേ സ്ഥാപിച്ച കണ്ണാടിപ്പാലം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. വെറും ഏഴുമാസംകൊണ്ടാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് പാലം നിര്‍മിച്ചത്. 37 കോടി രൂപയായിരുന്നു നിര്‍മാണച്ചെലവ്.

എന്നു തുറക്കും...? വ്യക്തതയില്ല

: ആക്കുളം കണ്ണാടിപ്പാലം എന്നു തുറക്കുമെന്നതിനെപ്പറ്റി ഇപ്പോഴും ആര്‍ക്കും വ്യക്തതയില്ല. പരാതികളെത്തുടര്‍ന്ന് പാലത്തിന്റെ അവസ്ഥയെപ്പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ രണ്ട് വിദഗ്ധ സമിതികളെ നിയോഗിച്ചിരുന്നുവെന്ന് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. ഇതില്‍ കോഴിക്കോട് എന്‍.ഐ.ടി. സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടി.

ചെന്നൈയില്‍നിന്നുള്ള റിപ്പോര്‍ട്ടുകൂടി കിട്ടാനുണ്ട്. ഇതില്‍ തീരുമാനമായശേഷമാകും പാലം തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നും നിര്‍മാണം നടത്തിയ വൈബ് സൊസൈറ്റിക്കാണ് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുക എന്നുമാണ് കൗണ്‍സിലിന്റെ നിലപാട്.