ഉയരംകൂടുംതോറും ആവേശവും കൂടുകയാണ് 72-കാരന്‍ ടി.ജെ. മാര്‍സിന്. വിശ്രമജീവിതചര്യകളിലേക്ക് ഒതുങ്ങുന്ന പ്രായത്തില്‍ എവറസ്റ്റ് ബേസ്‌ക്യാമ്പ് ട്രക്കിങ് പൂര്‍ത്തിയാക്കിയെത്തിയിരിക്കുകയാണ് ഇദ്ദേഹം. കേരളത്തില്‍നിന്ന് എവറസ്റ്റ് ബേസ്‌ക്യാമ്പ് ട്രക്കിങ് പൂര്‍ത്തിയാക്കിയ ഏറ്റവും പ്രായംകൂടിയയാളാണ് ഈ വയനാട്ടുകാരന്‍.

To advertise here,

''ഞങ്ങള്‍ വയനാട്ടുകാരല്ലേ, ചെറുപ്പംമുതലേ കുന്നും മലയും കയറിയും കാടുകയറിയും നടന്നവരല്ലേ, കൂട്ടുകാര്‍ക്കൊപ്പം ബാണാസുരമല കയറുന്നതായിരുന്നു ചെറുപ്പത്തിലെ ഹരം. ഇപ്പോ ട്രക്കിങ് എന്നൊക്കെ പേരായി.'' മാര്‍സ് ചേട്ടന്‍ എവറസ്റ്റ് വിശേഷങ്ങള്‍ തുടങ്ങിയത് വയനാട്ടില്‍നിന്നുതന്നെ.

വയനാട്ടിലെ ഗ്‌ളോബ് ട്രക്കേഴ്സ് കണ്‍സര്‍വേഷന്‍ അഡ്വഞ്ചര്‍ ആന്‍ഡ് ട്രക്കിങ് സൊസൈറ്റി 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ചീങ്ങേരിമലയിലേക്ക് ട്രക്കിങ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്തതോടെയാണ് സാഹസികയാത്രാപ്രേമിയായി മാര്‍സ് ചേട്ടന്‍ മാറുന്നത്. 'ഗ്ലോബ് ട്രക്കേഴ്സിനൊപ്പം പലയിടത്തേക്കും യാത്രചെയ്തു. അവര്‍ ഹിമാലയത്തിലേക്ക് പോകുന്നുവെന്ന് കേട്ടതോടെ എനിക്കും ഇരിക്കപ്പൊറുതിയില്ലാതെയായി. ഞാന്‍ നയത്തില്‍ ഒപ്പം പോകുന്നതിനെക്കുറിച്ച് ചോദിച്ചു. പ്രായമുള്ളവരെ എവറസ്റ്റ് ബേസ്‌ക്യാമ്പ് ട്രക്കിങ്ങിന് കൊണ്ടുപോകുന്നത് സുരക്ഷിതമല്ലല്ലോ. പക്ഷേ, ടീം എനിക്കൊപ്പം നിന്നു' -അദ്ദേഹം പറയുന്നു.

അങ്ങനെ ഏപ്രില്‍ 29-ന് കാഠ്മണ്ഡുവില്‍നിന്ന് 12 അംഗ സംഘത്തിലൊരാളായി മാര്‍സും എവറസ്റ്റ് യാത്ര തുടങ്ങി. ലോകത്തിലെ ഏറ്റവുംദുര്‍ഘടമായ പത്തു ട്രക്കിങ്ങുകളില്‍ ഒന്നാണിത്. 2800 മീറ്റര്‍ ഉയരത്തിലെ ലുക്ലയില്‍ ചെറിയ വിമാനത്തില്‍ ഇറങ്ങി പക്ഡിങ് എന്ന സ്ഥലത്തുനിന്ന് 65 കിലോമീറ്റര്‍ യാത്രചെയ്താലാണ് എവറസ്റ്റ് ബേസ്‌ക്യാമ്പിലെത്തുക.

5364 മീറ്റര്‍ ഉയരത്തിലാണ് എവറസ്റ്റ് ബേസ്‌ക്യാമ്പ്. കനത്ത തണുപ്പും അവിചാരിതമായുണ്ടായ മഞ്ഞുവീഴ്ചയും കാറ്റും യാത്രയിലുടനീളം പ്രതിസന്ധിയായി.

മേയ് അഞ്ചിന് ലക്ഷ്യത്തില്‍

മുമ്പ് ഹിമാലയന്‍യാത്രകള്‍ ചെയ്തവരെ കണ്ടുസംസാരിച്ചതിനാല്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ സാധ്യമായെന്ന് മാര്‍സ് പറഞ്ഞു. ഓക്‌സിജന്‍ അളവ് കുറവായതിനാല്‍ വെള്ളം കൂടുതലായി കുടിക്കണം. ആദ്യദിനം തണുത്തവെള്ളമാണ് കൈയിലെടുത്തത്. വെള്ളംകുടി കുറഞ്ഞപ്പോള്‍ കടുത്ത തലവേദനയായി. ചൂടുവെള്ളം പണംകൊടുത്തു വാങ്ങണം. ഉയരം കൂടുംതോറും വിലയും കൂടും. അരലിറ്റര്‍ ചൂടുവെള്ളത്തിന് നൂറുരൂപമുതല്‍ മൂന്നൂറുരൂപവരെ കൊടുത്തു വാങ്ങിയാണ് കുടിച്ചത് -മാര്‍സ് പറഞ്ഞു.

പിന്നെ പതുക്കെ നടക്കുക, രണ്ടു മൂന്നു ചുവടുവെച്ച് ദീര്‍ഘശ്വാസമെടുക്കും. അങ്ങനെയങ്ങനെ നാംചെ ബസാര്‍ (3400), ടെങ്ങ്ബോച്ചെ (3850), ഡിംഗ്ബോച്ചെ (4410), ലെബൂച്ചെ (4910), ഗോരഖ്ഷേപ്പ് (5140), കാലാപത്തര്‍ (5555) ഓരോ സ്റ്റേഷനുകള്‍ പിന്നിട്ടു. മേയ് അഞ്ചിനാണ് എവറസ്റ്റ് ബേസ്‌ക്യാമ്പിലെത്തുന്നത്. ആ സന്തോഷമുണ്ടല്ലോ -മാര്‍സ് ചേട്ടന്റെ മുഖത്ത് നിറചിരി.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് പ്രകാരം 2023 സെപ്റ്റംബറില്‍ 81 വയസ്സില്‍ എവറസ്റ്റ് ബേസ്‌ക്യാമ്പിലെത്തിയ ആന്ധ്രപ്രദേശ് സ്വദേശിയായ ശിവപ്രസാദ് റാവു ഗിഞ്ചുപള്ളിയാണ് നിലവിലെ പ്രായംകൂടിയ ഇന്ത്യക്കാരന്‍.

ഇപ്പോള്‍ ഒരുപക്ഷേ, ദക്ഷിണേന്ത്യയില്‍നിന്നുതന്നെ എവറസ്റ്റ് ബേസ്‌ക്യാമ്പിലെത്തുന്ന പ്രായംകൂടിയയാള്‍ ഞാനായിരിക്കുമെന്നാണ് ഗ്ലോബല്‍ ട്രക്കേഴ്സ് അംഗങ്ങള്‍ പറയുന്നത്.

ഏറ്റവും പിന്നില്‍ നടക്കുന്നവരെയും ഒപ്പംകൂട്ടാനുള്ള ഗ്ലോബല്‍ ട്രക്കേഴ്സ് അംഗങ്ങളുടെ മനസ്സാണ് തനിക്ക് യാത്രയിലുടനീളം കരുത്തായതെന്ന് മാര്‍സ് പറഞ്ഞു. ട്രക്കിങ് കഴിഞ്ഞ് വ്യാഴാഴ്ചയാണ് കാവുംമന്ദത്ത് മടങ്ങിയെത്തിയത്. ഭാര്യ റോസയും പിന്തുണയുമായി ഒപ്പമുണ്ട്.

വെള്ളിയാഴ്ച രാവിലെതന്നെ ടൗണിലെ മലഞ്ചരക്ക് കട തുറന്നു. യാത്രാവിശേഷങ്ങളറിയാന്‍ സുഹൃത്തുക്കള്‍ വന്നുതുടങ്ങി. അടുത്തയാത്രവരെ ഇനിയിവിടെ എവറസ്റ്റുവിശേഷങ്ങള്‍ നിറയും.