ആഡംബരക്കപ്പല്‍ യാത്രികര്‍ക്ക് ഒമാന്‍ 10 ദിവസത്തെ സൗജന്യവിസ പ്രഖ്യാപിച്ചു. ഇതിനുപുറമെ 30 ദിവസംവരെയുള്ള വിസയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റോയല്‍ ഒമാന്‍ പോലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശരാഖി വ്യക്തമാക്കി.
ആഡംബരക്കപ്പലിലെ ജീവനക്കാര്‍, യാത്രികര്‍ എന്നിവര്‍ക്കാണ് 10 ദിവസത്തെ സൗജന്യവിസ അനുവദിക്കുക. ഇതിന് ഏജന്റ് മുഖാന്തിരം അപേക്ഷിക്കണം. വിസ അനുവദിച്ച തീയതി മുതല്‍ 30 ദിവസത്തിനകം ഒമാനില്‍ പ്രവേശിക്കണം. ഒമാനിലെത്തിയശേഷം 10 ദിവസമാണ് വിസ കാലാവധി. ജീവനക്കാര്‍ക്കും യാത്രികര്‍ക്കും അപേക്ഷിച്ച് 30 ദിവസംവരെ വിസ നേടുന്നതിന് അവസരമുണ്ട്. വിസ അനുവദിച്ച് 30 ദിവസത്തിനകം ഒമാനില്‍ പ്രവേശിക്കണമെന്നും നിബന്ധനയുണ്ട്.
ആഡംബരക്കപ്പല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് നിയമത്തില്‍ ഭേദഗതിവരുത്തിയാണ് പത്ത്, 30 ദിവസത്തെ വിസകള്‍ അനുവദിക്കുന്നത്. വരാനിരിക്കുന്ന ക്രൂസ് സീസണില്‍ കൂടുതല്‍ സഞ്ചാരികള്‍ രാജ്യത്തെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍മുതല്‍ ആരംഭിക്കുന്ന ക്രൂസ് സീസണ്‍ ഏപ്രില്‍ അവസാനംവരെ തുടരും.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിന് കപ്പല്‍സഞ്ചാരികളാണ് ഒമാനിലെത്താറുള്ളത്. മസ്‌കറ്റ്, സലാല, ഖസബ്, മസീറ തീരങ്ങളിലാണ് കപ്പലുകള്‍ നങ്കൂരമിടുന്നത്.
വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍
അതിമനോഹരമായ ബീച്ചുകള്‍, മലനിരകള്‍, മണല്‍തീരങ്ങള്‍, മരുപ്പച്ചകള്‍ തുടങ്ങി അനന്തമായ കാഴ്ചകളാണ് ഒമാനിലുള്ളത്. സാഹസിക വിനോദസഞ്ചാരത്തിന് ലോകോത്തര നിലവാരമുള്ള ഡെസ്റ്റിനേഷനുകളും ഈ അറബ് രാജ്യത്തുണ്ട്.
രാജ്യത്തിന്റെ വലിയൊരു ഭാഗവും മരുഭൂമിയാണെങ്കിലും പച്ചപ്പ് നിറഞ്ഞ മലനിരകളും കടലുമൊക്കെ ഒമാനിലെ കാഴ്ചകളെ മനോഹരമാക്കുന്നു. മണല്‍തീരങ്ങളിലെയും മലമുകളിലെയും ക്യാമ്പിങ്ങ് മറക്കാനാകാത്ത അനുഭവമാണ് സഞ്ചാരികളില്‍ സൃഷ്ടിക്കുക. ഒമാനിലെ കടല്‍തീരങ്ങള്‍ സ്‌കൂബ ഡൈവിങ്, സ്‌നോര്‍ക്കലിങ്, കയാക്കിങ്, സര്‍ഫിങ് പോലുള്ള സാഹസികതകള്‍ക്ക് മികച്ച ഇടമാണ്. അപൂര്‍വമായ മത്സ്യസമ്പത്തും പവിഴപ്പുറ്റും നിറഞ്ഞ ഒമാന്‍തീരത്തെ സ്‌കൂബക്കാഴ്ചകള്‍ മായികമാണ്.
മരുഭൂമി ക്യാമ്പിങ്ങുകള്‍ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത് രാത്രികാലങ്ങളിലെ വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചകള്‍ കാണാനാണ്. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിന്റെ കീഴിലിരുന്ന ഭക്ഷണം കഴിക്കാനും അറബ് നൃത്തങ്ങളാസ്വദിക്കാനും നിരവധി സഞ്ചാരികളാണെത്തുന്നത്. സാന്‍ഡ് ബോര്‍ഡിങ്, ഡ്യൂണ്‍ ബാഷിങ്, ക്വാഡ് ബൈക്കിങ്, ക്യാമല്‍ സഫാരി തുടങ്ങി മരുഭൂമികള്‍ ഒരിക്കലും സഞ്ചാരികളെ നിരാശപ്പെടുത്തില്ല. കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് സമ്പന്നമാണ് ഒമാന്‍. അല്‍ ആലം പാലസ്, ജബ്റീന്‍ കോട്ട തുടങ്ങിയവ നിര്‍ബന്ധമായും കണ്ടിരിക്കണം.
ഒമാന്റെ പ്രകൃതിഭംഗി ആസ്വദിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് കപ്പല്‍യാത്രകള്‍. മലനിരകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് മനോഹരമായ ഒമാന്‍ കടലിലൂടെ കപ്പലില്‍ കറങ്ങാം. ട്രക്കിങ്, ഹൈക്കിങ്, മൗണ്ടന്‍ ബൈക്കിങ് തുടങ്ങി സാഹസിക സാധ്യതകള്‍ക്ക് അവസാനമില്ല.
Content Highlights: 10 day free oman visa for cruise passengers
Published: 10 Sept 2024, 11:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented