തൊടുപുഴ: യുവാക്കൾക്ക് സൗജന്യമായി വിസ എടുത്തു നൽകും. വിദേശജോലി സ്വപ്നംകണ്ട് വലയിൽ വീഴുന്നവർ കാര്യം അറിയാതെ ഒടുവിൽ ജയിലിലുമായേക്കാം. കാരണം സൗജന്യമായി വിസ നൽകുന്നവർ ഏൽപ്പിച്ചുവിടുന്ന ‘ചിപ്സ് പാക്കറ്റ്’ കഞ്ചാവായിരിക്കും. ചിപ്‌സെന്ന വ്യാജേന കഞ്ചാവ് വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി ഇങ്ങനെ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

To advertise here,

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇടുക്കി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ മാടായി കാവിലെ പറമ്പത്ത് വീട്ടിൽ കെ.പി. റഷീദ് (31) പിടിയിലാകുന്നത്. 2018-ൽ റഷീദും കൂട്ടാളികളും ഇടുക്കി ശാന്തൻപാറ സ്വദേശി അഖിൽ എന്ന യുവാവിനെ സൗജന്യമായി ഗൾഫിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി.

വിസ നൽകിയശേഷം മറ്റ് പ്രതികൾ റഷീദിന്റെ നിർദേശപ്രകാരം ചിപ്‌സ് എന്ന വ്യജേന കഞ്ചാവ് അടങ്ങിയ പൊതി അഖിലിന് വിമാനത്താവളത്തിൽ നൽകി. ദുബായിയിൽ എത്തിയ അഖിലിനെ വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. റഷീദും ഇതേ വിമാനത്തിൽ അഖിലിന്റെ സമീപം അപരിചിതൻ എന്ന രീതിയിൽ സഞ്ചരിച്ചിരുന്നു. അഖിൽ പിടിയിലായപ്പോൾ റഷീദ് രക്ഷപ്പെട്ടു.

കേസിൽ 10 വർഷം തടവ് ശിക്ഷ ലഭിച്ച അഖിൽ അഞ്ച് വർഷം പൂർത്തിയായപ്പോൾ ഇളവ് കിട്ടി നാട്ടിലെത്തി. പ്രതികളുടെ പ്രവർത്തന രീതിയെപ്പറ്റി വിവരം ലഭിച്ച ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് റഷീദിനെ കുറിച്ച് സൂചന ലഭിച്ചത്. അന്ന് അറസ്റ്റിലായ റഷീദ് ജാമ്യം ലഭിച്ചശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. കോട്ടയം, മലപ്പുറം ജില്ലകളിലും റഷീദ് സമാനരീതിയിലുള്ള കേസുകളിൽ പ്രതിയാണ്.

ഇടുക്കി ക്രൈബ്രാഞ്ച് എസ്.പി. പി.സി. ഹരിദാസിന്റെ നിർദേശപ്രകാരം ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ ഇ.എസ്. സാംസൺ, എ.എസ്.ഐ. കെ.പി. ബൈജു, സി.പി.ഒ. ബിൻസിൽ റഷീദ്, ഫ്രാൻസിസ് എന്നിവർ ചേർന്നാണ് പ്രതിയെ കണ്ണൂരിൽനിന്ന് അറസ്റ്റുചെയ്തത്. റിമാൻഡ് ചെയ്തു.