കോവിഡോടുകൂടി ഐ.ടി. രംഗത്ത് ആദ്യം തുടക്കമിട്ടത് വര്‍ക്ക് ഫ്രം ഹോമായിരുന്നു. പിന്നീട് വര്‍ക്ക് നിയര്‍ഹോം എന്ന സങ്കല്പവും മലയാളി പരിചയപ്പെട്ടു. ഇടയ്‌ക്കൊക്കെ കുടുംബത്തോടൊത്ത് വിനോദയാത്രപോവുമ്പോള്‍ അവധിയെടുക്കാതെ ജോലിയും ചെയ്യാമെന്ന പുതിയ സങ്കല്പംകൂടി കേരളത്തിലെ ഐ.ടി. മേഖല പരിചയപ്പെടുകയാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ത്തന്നെ ഓഫീസ് ജോലികളും ചെയ്യാന്‍കഴിയുന്ന 'വര്‍ക്കേഷന്‍' എന്ന പുതിയ തൊഴില്‍രീതിക്ക് തിരുവനന്തപുരം ഇന്‍ഫോപാര്‍ക്കുമായി ചേര്‍ന്ന് വിനോദസഞ്ചാരവകുപ്പ് നെയ്യാറില്‍ തുടക്കമിടാനൊരുങ്ങുകയാണ്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുന്‍കൈയെടുത്ത, കെ.ടി.ഡി.സി. സമര്‍പ്പിച്ച പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണുള്ളത്. എങ്കിലും ഈ തൊഴില്‍രീതിക്ക് തുടക്കമിടാന്‍ കേരളത്തില്‍ ഏറ്റവും അനുയോജ്യം വയനാടാണെന്ന് പറയുകയാണ് ഐ.ടി. രംഗങ്ങളിലുള്ളവര്‍.

To advertise here,

ഇന്ത്യയുടെ സിലിക്കണ്‍വാലിയായ ബെംഗളൂരുവിന്റെ സാമീപ്യംതന്നെ പ്രധാനകാരണം. പുതിയ മൈസൂരു-ബെംഗളൂരു പാത വന്നതോടെ നാലുമണിക്കൂര്‍കൊണ്ട് ബെംഗളൂരുവില്‍നിന്ന് വയനാട്ടിലെത്താം. വയനാട്ടില്‍ ഏറ്റവുംകൂടുതല്‍ എത്തുന്നത് കര്‍ണാടകയില്‍നിന്നുള്ള ഐ.ടി. പ്രൊഫഷണലുകളാണ്. കോഴിക്കോട്ടെ രണ്ട് സൈബര്‍പാര്‍ക്കുകളും വയനാടിന് ഏതാനും കിലോമീറ്റര്‍ അകലെയാണ്. മാത്രമല്ല മൂന്നാര്‍പോലുള്ള ഹില്‍സ്റ്റേഷനുകളിലുള്ളതുപോലെ എന്തെങ്കിലും കാലാവസ്ഥാപ്രശ്‌നമുണ്ടായാല്‍ പൂര്‍ണമായി ലോക്കായിപ്പോവുന്ന അവസ്ഥയുമില്ല. ഏത് അടിയന്തരസാഹചര്യത്തിലും ബെംഗളൂരുവിലേക്ക് പോവാനുള്ള സൗകര്യമുണ്ട്. മുത്തങ്ങവഴിയുള്ള രാത്രിയാത്രാനിരോധനം മാത്രമാണ് വെല്ലുവിളി.

വയനാടിന്റെ ഈ സാധ്യതകളൊക്കെ മനസ്സിലാക്കി വയനാട്ടില്‍ ഒരു കോ-വര്‍ക്കിങ് സ്‌പേസ് തുടങ്ങാന്‍പറ്റുമോ എന്നരീതിയില്‍ പല അന്വേഷണങ്ങളും ബെംഗളൂരുവിലെ ഐ.ടി. കമ്പനികളില്‍നിന്ന് വരുന്നുണ്ടെന്ന് വയനാട്ടിലെ ആദ്യ ഐ.ടി. സംരംഭമായ 'വോണ്യൂ'വിന്റെ സ്ഥാപകന്‍ അലന്‍ റിന്റൗള്‍ പറയുന്നു.

ടൂറിസം കുതിച്ചുയരും

ശനി, ഞായര്‍ ദിവസങ്ങളിലാണ് വയനാട്ടില്‍ ഐ.ടി. രംഗത്തുള്ളവര്‍ വരുന്നത്. ജോലിചെയ്യാനുള്ള സൗകര്യങ്ങള്‍കൂടി ഉണ്ടാവുന്നതോടെ മറ്റുദിവസങ്ങളിലും ആളുകളെത്തും. രണ്ടാഴ്ചവരെ ഇവിടെ ചെലവഴിക്കാന്‍ അവസരം ലഭിക്കും. വയനാട്ടിലെത്തുന്ന ടൂറിസ്റ്റുകളില്‍ ഏറ്റവുംകൂടുതല്‍ പണം ചെലവഴിക്കുന്നത് ഐ.ടി. മേഖലയില്‍നിന്നുള്ളവരാണെന്ന് ഐ.ടി. സംരംഭകര്‍തന്നെ പറയുന്നു. മാത്രമല്ല വര്‍ക്കേഷന്‍ സംവിധാനങ്ങള്‍ വരുന്നതോടെ കോര്‍പ്പറേറ്റ് കമ്പനികള്‍കൂടി വയനാടിന്റെ ടൂറിസം ഉപയോഗപ്പെടുത്തും. കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ളവരെയും വയനാട്ടിലേക്ക് ആകര്‍ഷിക്കാം.

വേണ്ടത് ഈ സൗകര്യങ്ങള്‍

ആദ്യംവേണ്ടത് പ്ലഗ് ആന്റ് പ്ലേ മോഡലില്‍ (വന്നിരുന്ന് ലാപ്ടോപ്പുമായി വര്‍ക്ക് ചെയ്യാന്‍ കഴിയുന്നത്) ഒരു കോ-വര്‍ക്കിങ് സ്‌പേസ് ഒരുക്കലാണ്. അതിന് കെ.ടി.ഡി.സി.ക്കോ ജില്ലാപഞ്ചായത്തുള്‍പ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്കോ മുന്‍കൈയെടുക്കാം. മികച്ച ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യവും നല്‍കണം. ദേശീയപാതയുടെ സാമീപ്യമുള്ളതിനാല്‍ ബത്തേരിക്കും കല്പറ്റയ്ക്കുമിടയിലുള്ള പ്രദേശങ്ങള്‍ പരിഗണിക്കാമെന്നാണ് ഐ.ടി. രംഗത്തുള്ളവര്‍ പറയുന്നത്.

കോ-വര്‍ക്കിങ് സ്‌പേസ് ഐ.ടി. വളര്‍ച്ചയ്ക്ക് ഒരു പടിവാതിലാവാം. വന്‍കിട കമ്പനികള്‍ക്ക് കുറച്ച് ഇരിപ്പിടങ്ങളോ ഒരു ഓഫീസ് സ്‌പെയ്സോ ബുക്ക് ചെയ്ത് കുറച്ച് ജീവനക്കാര്‍ക്കുമാത്രം ജോലിചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള ഒരു ചെറുകിട പരിസ്ഥിതിസൗഹൃദപാര്‍ക്ക് പണിതാല്‍ വലിയ സാധ്യതകളുണ്ട്. വയനാടിന്റെ പ്രകൃതിയോട് ഇണങ്ങുന്നരീതിയിലുള്ള നിര്‍മാണരീതിയാവണം. പൂര്‍ണമായും കാര്‍ബണ്‍ന്യൂട്രല്‍ സംവിധാനത്തിലാവണം. 250 പേര്‍ക്കെങ്കിലും ജോലിചെയ്യാവുന്ന സൗകര്യമുണ്ടെങ്കില്‍ ബെംഗളൂരുവിലുള്ള വന്‍കിടകമ്പനികളെയും ഇവിടേക്ക് ആകര്‍ഷിക്കാം. തൊഴില്‍സാഹചര്യം മാറിവരുന്നതിനനുസരിച്ച് കുടുംബത്തോടൊപ്പം കുറച്ചുദിവസം താമസിച്ച് തൊഴില്‍ചെയ്യാനുള്ള ഓഫറുകള്‍ ചില വന്‍കിട ഐ.ടി. കമ്പനികള്‍ നല്‍കുന്നുണ്ട്. മാനസികോല്ലാസത്തിനുകൂടി ചില ഐ.ടി. കമ്പനികള്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ ആ സാധ്യത വിനോദസഞ്ചാരകേന്ദ്രമെന്നനിലയില്‍ വയനാടിന് പ്രയോജനപ്പെടുത്താം.

ഇവിടെയുണ്ട് ഒരു ഐ.ടി. വിജയഗാഥ

ബഹുരാഷ്ട്രകമ്പനിയിലെ ലക്ഷങ്ങള്‍ ശമ്പളംകിട്ടുന്ന ജോലി ഉപേക്ഷിച്ച് ആല്‍വിന്‍ കെന്റ്, അലന്‍ റിന്റൗള്‍ എന്നീ രണ്ട് സഹോദരങ്ങള്‍ ബത്തേരിയില്‍ തുടക്കമിട്ട 'വോണ്യൂ' എന്ന ഐ.ടി. കമ്പനിതന്നെ വയനാട്ടില്‍ ഐ.ടി. വളരും എന്നതിന് വലിയ ഉദാഹരണമാണ്. കോവിഡ്കാലത്ത് വീടിന്റെ മുകള്‍നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ കമ്പനിയില്‍ ഇപ്പോള്‍ നൂറുപേരായി. ബത്തേരി ബീനാച്ചിയില്‍ ഒരു വലിയ ഐ.ടി. സ്ഥാപനമായി വളര്‍ന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ആയിരംപേര്‍ക്ക് തൊഴില്‍നല്‍കുന്ന ഒരു ചെറിയ ഐ.ടി. കാമ്പസാണ് ഇവരുടെ അടുത്തലക്ഷ്യം. മുന്നിട്ടിറങ്ങിയാല്‍ തീര്‍ച്ചയായും വയനാട്ടില്‍ വലിയസാധ്യതയുണ്ടെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. വയനാട്ടിലും ഐ.ടി. കന്പനിയോ എന്ന ചോദ്യത്തിന് വിസ്മയിപ്പിക്കുന്ന മറുപടിയുണ്ട് ഈ ചെറുപ്പക്കാര്‍ക്ക് പറയാന്‍.