ഇന്ത്യയില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിയുമായി കെ.ടി.ഡി.സി. പരീക്ഷാടിസ്ഥാനത്തില്‍ വയനാട് ജില്ലയില്‍ ആരംഭിച്ച പദ്ധതിയില്‍ ബെംഗളൂരു ഉള്‍പ്പടയുള്ള ജില്ലകളില്‍ നിന്ന് നിരവധി ടെക്കികള്‍ എത്തുന്നുണ്ട്. ഇത് സംസ്ഥാന അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. കെ.ടി.ഡി.സി.യും ടെക്‌നോപാര്‍ക്കും ചേര്‍ന്നുള്ള വര്‍ക്കേഷന്‍ പദ്ധതിക്കായുള്ള ധാരണാപത്രം കെടിഡിസി മാനേജിങ് ഡയറക്ടര്‍ ശിഖ സുരേന്ദ്രനും ടെക്‌നോപാര്‍ക്ക് സി.ഇ.ഒ സഞ്ജീവ് നായരും കൈമാറി.

To advertise here,

കോവിഡിന് ശേഷം ഐ.ടി മേഖലയില്‍ വ്യാപകമായ വര്‍ക്ക് ഫ്രം ഹോമിന്റെ മറ്റൊരു പതിപ്പാണിത്. ജീവനക്കാരെ കൂടുതല്‍ ഊര്‍ജസ്വലരാക്കുന്നതിന് ആഗോള കമ്പനികള്‍ വര്‍ക്കേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. വിനോദസഞ്ചാരത്തിനൊപ്പം ജോലി ചെയ്യുന്നതിനായി ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയുള്ള പ്രത്യേക ക്രമീകരണങ്ങല്‍ ഒരുക്കാനാണ് കെ.ടി.ഡി.സി തയ്യാറെടുക്കുന്നത്. 

പ്രത്യേക വിനോദസഞ്ചാര പാക്കേജുകളുടേയും ടോള്‍ഫ്രീ നമ്പറിന്റെയും ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. വര്‍ക്കേഷന്‍ പദ്ധതിക്ക് കേരളത്തില്‍ വലിയ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു ഉള്‍പ്പെടെയുള്ള ഐടി നഗരങ്ങളില്‍നിന്ന് ധാരാളംപേരെ വര്‍ക്കേഷനിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി-മൂന്നാര്‍-കുമരകം (നാല് രാത്രിയും അഞ്ച് പകലും), കൊച്ചി-മൂന്നാര്‍-തേക്കടി-കുമരകം (അഞ്ച് രാത്രിയും ആറ് പകലും), കൊച്ചി-മൂന്നാര്‍-തേക്കടി-കുമരകം-കോവളം-തിരുവനന്തപുരം (ആറ് രാത്രിയും ഏഴു പകലും) എന്നിവയാണ് പുതിയ പാക്കേജുകള്‍. സഞ്ചാരികള്‍ക്ക് ഇഷ്ടാനുസരണം ഡെസ്റ്റിനേഷനുകള്‍ മാറ്റി ക്രമീകരിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.ktdc.com -ല്‍നിന്ന് അറിയാം.