സംസ്ഥാന സര്‍ക്കാര്‍ ജലഗതാഗത വകുപ്പിലൂടെ നടപ്പാക്കിയിട്ടുള്ള ചെലവ് കുറഞ്ഞ, വിനോദസഞ്ചാര സംരംഭമാണ് വേഗ 2. അഞ്ച് മണിക്കൂര്‍ കൊണ്ട് 50 കിലോമീറ്റര്‍ ചുറ്റുന്ന ഒരു യാത്ര. പൊടിയും പുകയുമേല്‍ക്കാതെ ഇതുവരെ കാണാത്ത പ്രകൃതിയുടെ പുത്തന്‍ ഭാവങ്ങള്‍ കണ്ട് കായലിന്റേയും കായലോളങ്ങളുടേയും ആത്മാവ് തൊട്ടറിഞ്ഞൊരു യാത്ര. ഇതാണ് വേഗ ബോട്ട് യാത്രയുടെ ചുരുക്കരൂപം. എല്ലാ ദിവസവും രാവിലെ 11 മണിക്ക് ചരിത്രപ്രസിദ്ധമായ ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. പുന്നമട - വേമ്പനാട് കായല്‍ - പാതിരാമണല്‍ - കുമരകം - കുട്ടനാട്-ആര് ബ്ലോക്ക് - ചിത്തിര-റാണി-മാര്‍ത്താണ്ഡം - സി ബ്ലോക്ക് - കുപ്പപ്പുറം വഴി വൈകുന്നേരം നാലോടെ തിരികെ ആലപ്പുഴയില്‍ എത്തിച്ചേരും.
ആലപ്പുഴയിലെ കായലുകളും തെങ്ങിന്‍തോപ്പുകളും ഗ്രാമീണ ജീവിതങ്ങളും സമ്മാനിക്കുന്ന അപൂര്‍വ കാഴ്ചകളാണ് വേഗ ബോട്ടിലെ യാത്രയുടെ പ്രത്യേകത. ഒരു ദിവസം ആലപ്പുഴ സന്ദര്‍ശിക്കാന്‍ എത്തുന്ന വിനോദസഞ്ചാരിയെ സംബന്ധിച്ച് മികച്ച ഓപ്ഷനുകളിലൊന്നാണ് വേഗ. സുരക്ഷാ സംവിധാനങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം നല്കി നിര്‍മ്മിച്ചിരിക്കുന്ന ഈ ജലയാനത്തില്‍ ആശങ്കകളില്ലാതെ ആലപ്പുഴയുടെയും കുട്ടനാടിന്റെയും പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. 40 എസി സീറ്റുകളും 80 നോണ്‍ എസി സീറ്റുകളുമാണ് ബോട്ടിലുള്ളത്. നോണ്‍ എസിക്ക് 400 രൂപയും എസിക്ക് 600 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ചെലവ് ചുരുക്കി എങ്ങനെ സുന്ദരമായൊരു യാത്രാനുഭവം സ്വന്തമാക്കാം എന്ന എന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ആലപ്പുഴയിലേക്കുള്ള യാത്രയെ കൂട്ടു പിടിച്ചത്. തിരുവനന്തപുരത്തു നിന്ന് ആദ്യം ഭര്‍ത്താവിന്റെ കായംകുളത്തിനടുത്തുള്ള വീട്ടിലെത്തി. കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള രാവിലത്തെ എറണാകുളം പാസഞ്ചര്‍ ഞങ്ങളേയും കാത്ത് അവിടുണ്ടായിരുന്നു. പത്ത് മണി കഴിഞ്ഞതും ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. അവിടുന്ന് ഒരു ഓട്ടോയിലെ നൂറ് രൂപാ ഓട്ടം അവസാനിച്ചതാകട്ടെ ആലപ്പുഴ ബോട്ട് ജെട്ടിയിലും.
പതിനൊന്ന് മണിക്ക് പുറപ്പെടാനുള്ള സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ടാണ് അവിടെ ചെന്നപ്പോഴുള്ള ഞങ്ങളുടെ കാഴ്ച. ഫോണ്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ അതിലേക്ക് പ്രവേശനമുള്ളൂ എന്നും ഇനി അഥവാ ബുക്ക് ചെയ്ത ആരെങ്കിലും വരാത്ത പക്ഷം യാത്ര തരപ്പെടുത്താമെന്നും സ്റ്റേഷന് മാസ്റ്റര്‍ പറഞ്ഞപ്പോള്‍ ഞാന്‍ അല്പം കൂടുതല്‍ വിനയാന്വിതയായി. ബോട്ട് പുറപ്പെടാന്‍ പത്ത് മിനിട്ട് ബാക്കിയുള്ളപ്പോള്‍ മൂന്നു എ സി സീറ്റുകള്‍ ഒഴിവുണ്ടെന്നും 'നിങ്ങള്‍ക്ക് അത് പോരേ' എന്നുമുള്ള ചോദ്യവുമായി സ്റ്റേഷന് മാസ്റ്ററെത്തി. പിന്നൊന്നും നോക്കിയില്ല. വേഗം കയറി സീറ്റുറപ്പിച്ചു. കൃത്യ സമയത്തു തന്നെ യാത്ര തുടങ്ങി. പിന്നീടുള്ള അഞ്ചു മണിക്കൂര്‍ യാത്ര അഞ്ച് മിനിട്ട് വേഗത്തില്‍ ഒഴുകിപ്പോയെന്നതാണ് സത്യം. അത്രത്തോളം ഹൃദ്യമായ യാത്രാനുഭവങ്ങളിലൊന്നായതു മാറി.
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ വാട കനാലിലൂടെയാണ് യാത്ര ആരംഭിക്കുന്നതെന്ന അനൗണ്‍സ്മെന്റ് ബോട്ട് മാസ്റ്റര്‍ സുജിത്തിന്റെ മൈക്കിലൂടെ എത്തിയതും യാത്രികരുടെ കണ്ണെല്ലാം അതിനൊപ്പം മുന്നോട്ട് ചെന്നു. കായലില്‍ നിറഞ്ഞു കിടക്കുന്ന പായല്‍ ചെടികളെ തട്ടിമാറ്റി ബോട്ട് മുന്നോട്ട് കുതിക്കുമ്പോള്‍ ദൂരെ പക്ഷിക്കൂട്ടങ്ങള്‍ പാറി പറക്കുന്നത് കാണാം. ചെറുതോണികളില്‍ മീന്‍ പിടിക്കുന്നവരെ കാണുന്ന അതേ സമയം കരയില്‍ കച്ചവടം ചെയ്യുന്നവരെയും കാണാം. പല വലിപ്പത്തിലും രൂപത്തിലും നമ്മെ കടന്നു പോകുന്ന ബോട്ടുകള്‍. ഒറ്റ സീറ്റുള്ള ചെറിയ ബോട്ടുകള്‍ മുതല്‍ കൂറ്റന്‍ ഡബിള്‍ ഡെക്കര്‍ ബോട്ടുകള്‍ വരെ. ഇടയ്ക്കിടെ വലിയ ഹൗസ് ബോട്ടുകള്‍ വളരെ സാവധാനത്തില്‍ ഒഴുകിപ്പോകുന്ന കാഴ്ച നമ്മെ ഭാരമില്ലാത്ത അവസ്ഥയിലെത്തിക്കും.
വാടകനാലിലൂടെയുള്ള യാത്ര 10 മിനിറ്റോളം പിന്നിട്ടപ്പോള്‍ ലോകപ്രസിദ്ധ ജലകായികമേളയായ നെഹ്റു ട്രോഫി അരങ്ങേറുന്ന പുന്നമട കായലിലേക്ക് പ്രവേശിച്ചു. പുന്നമടക്കായലില്‍ ചുണ്ടന് വള്ളം മത്സരങ്ങള്‍ അരങ്ങേറുന്ന റൈസ് ട്രാക് ക്രമീകരിക്കുന്ന ഭാഗത്ത് കൂടെയാണ് നമ്മളിപ്പോള്‍ സഞ്ചരിക്കുന്നതെന്ന് മൈക്കിലൂടെ കേട്ടതും നേരിട്ട് കണ്ടറിയാത്തതുമായ സകല വള്ളംകളി മത്സരങ്ങളുടേയും ചിത്രം ഓര്‍മയില്‍ ഓടിയെത്തി. കേരളത്തിലെ പ്രസിദ്ധമായ ജലകായിക പരിശീലന കേന്ദ്രം സായ് എന്ന ചുരുക്കത്തില്‍ അറിയപ്പെടുന്ന സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ജലകായിക പരിശീലന കേന്ദ്രത്തിനടുത്തേക്കാണ് വേഗ പിന്നീട് ഒഴുകിയത്.

പാതിരാമണല്‍ ദ്വീപ്
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായലും കേരളത്തിലെ ഏറ്റവും വലിയ കായലുമായ വേമ്പനാട് കായലിലേക്കായിരുന്നു പിന്നീടുള്ള യാത്ര. വേമ്പനാട് കായലിലൂടെ മാത്രം ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള യാത്ര പിന്നിടുമ്പോള്‍ കണ്ട കാഴ്ചകളും അനുഭവങ്ങളും വിശേഷപ്പെട്ടതാണെന്ന് പറയാതെ വയ്യ. വേമ്പനാട് കായലിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്വാഭാവിക നദീജന്യ ദ്വീപായ പാതിരാമണലിലേക്കാണ് നമ്മളിനി പ്രവേശിക്കുന്നതെന്ന അനൗണ്‍സ്മെന്റ് എത്തിയതോടെ ബോട്ടിനുള്ളിലെ കലപില ഏറെക്കുറെ അവസാനിച്ചു. ആകാംക്ഷയുടെ കണ്ണുകളായിരുന്നു പിന്നീട് ചുറ്റിലും. പാതിരാമണല്‍ ദ്വീപില്‍ ഇറങ്ങുന്നതിനും ചുറ്റി സഞ്ചരിക്കുന്നതിനുമായി വേഗയിലെ യാത്രികര്‍ക്ക് അരമണിക്കൂര്‍ സമയം നൽകുന്നുണ്ട്. പാതിരാമണല്‍ ദ്വീപിലേക്ക് എത്തുമ്പോള്‍ ഏകദേശം ഒരു മണി ആയിട്ടുണ്ടാകും. കായലില്‍ മുങ്ങി പച്ചപ്പില്‍ പുതഞ്ഞു കിടക്കുന്ന പാതിരാമണല്‍ ദ്വീപിനെ ദൂരെ നിന്ന് കണ്ടപ്പോഴേ എത്രയും പെട്ടെന്ന് അവിടെ എത്തണമെന്ന ചിന്തയായി. മുഹമ്മ-കുമരകം ജലപാതയിലാണ് ഈ ദ്വീപ്.
ധാരാളം ബോട്ടുകള്‍ ദ്വീപിന്റെ വശങ്ങളില് ഓരം തട്ടി കിടക്കുന്നുണ്ടായിരുന്നു. ഏകദേശം 19.8 ഹെക്ടര്‍ വിസ്തീര്‍ണമാണ് ദ്വീപിനുള്ളത്. വിവിധ ഇനത്തില്‍പ്പെട്ട നൂറുകണക്കിന് പക്ഷികളെ പാതിരാമണല്‍ ദ്വീപില്‍ കാണാനാകും. അതുകൊണ്ടു തന്നെ പക്ഷി ഗവേഷകരുടെ പ്രധാന സ്പോട്ടുകളിലൊന്നാണ് ഇവിടം. ദ്വീപിലെ കല്ലുകൊണ്ട് പാകിയ മനോഹരമായ നടപ്പാതയിലേക്കാണ് ബോട്ടില്‍ നിന്ന് കാലെടുത്തു വച്ചത്. വെള്ളം കുടിച്ചു കുടിച്ചു പള്ള വീര്‍പ്പിച്ച പാതിരാമണലിനെ പ്രതീക്ഷിച്ച എനിക്ക് കാടിന്റെ നറുമണത്തിലും സുഖകരമായ കാറ്റിലും കുടുങ്ങിക്കിടക്കേണ്ടി വന്നെന്നതാണ് സത്യം. ആലപ്പുഴയില്‍ നിന്ന് കുമരകത്തേക്ക് കായല്‍ യാത്രയ്ക്ക് പോകുകന്നവര്ക്ക് ഒരു ഇടവേള എടുക്കാന്‍ പാതിരാമണല്‍ ദ്വീപിനോളം മികച്ച മറ്റൊരു ഓപ്ഷനില്ല. നമുക്ക് മാത്രമല്ല വരും തലമുറയ്ക്കും ഇതൊരു അതിശയക്കാഴ്ച തന്നെയാകും.
14 തൊഴിലാളി കുടുംബങ്ങളാണ് മുന്‍പ് ദ്വീപില്‍ താമസിച്ചിരുന്നതെന്ന് ബോട്ടിലെ ജീവനക്കാര്‍ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നതോടെ ഈ സ്വത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാവുകയും പിന്നീട് ടൂറിസം വകുപ്പിന് കൈമാറുകയും ചെയ്തു. മുഹമ്മ പഞ്ചായത്തില്‍ 14 കുടുംബങ്ങളെ പുനരധിവസിപ്പിച്ചതിനെ തുടര്‍ന്ന് ജനവാസം ഇല്ലാതെ ദേശാടന പക്ഷികളുടെ സങ്കേതമായി ക്രമേണ ഇവിടം മാറി. നിരവധി സസ്യ ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥ കൂടിയാണ് ഈ ദ്വീപ്. അനന്തപത്മനാഭന് തോപ്പ്, പാതിരാ തോപ്പ് എന്നീ പേരുകളും പാതിരാ മണല്‍ ദ്വീപുനുണ്ടത്രെ. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിന്റെ ഭാഗമാണ് പാതിരാമണല്‍.
ഇതിനിടയില്‍ തണ്ണീര്‍മുക്കം ബണ്ട് ദൂരെ കാണാനായി. കുട്ടനാട്ടിലെ സമുദ്രനിരപ്പിനേക്കാള്‍ താഴെയുള്ള കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ നിര്‍മിച്ച തണ്ണീര്‍മുക്കം ബണ്ട് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്.
ബോട്ടിലെ കുടുംബശ്രീ വിഭവങ്ങള്‍
ദ്വീപ് സന്ദര്‍ശനം അവസാനിപ്പിച്ച് തിരികെ ബോട്ടില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്കായി വിഭവസമൃദ്ധമായ കുട്ടനാടന്‍ ഉച്ചഭക്ഷണമൊരുക്കി കുടുംബശ്രീ ചേച്ചിമാര് കാത്തിരുന്നു. വെറും 100 രൂപയ്ക്കാണ് കുടുംബശ്രീ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. കുട്ടനാടന്‍ ശൈലിയിലുള്ള വിഭവങ്ങളും അതോടൊപ്പം ഒരു കഷണം മീന്‍ വറുത്തതും മീന്‍ കറിയും ഈ 100 രൂപയുടെ ഊണിലുണ്ടായിരുന്നു. സ്പെഷ്യല്‍ കരിമീന്‍ ഫ്രൈയും ഉണ്ടെങ്കിലും അതിന് പ്രത്യേകം കാശ് കൊടുക്കണം. ഇത് കൂടാതെ ബോട്ടിനുള്ളിലെ കുടുംബശ്രീയുടെ ഭക്ഷണശാലയില്‍ നിന്നും ചായ, കാപ്പി ഐസ്ക്രീം, സ്നാക്സ് തുടങ്ങിയ ലഘുഭക്ഷണങ്ങളും ലഭിക്കും. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്താല്‍ കപ്പ, കക്കയിറച്ചി, ചിക്കന്‍, ബീഫ് തുടങ്ങിയ സ്പെഷ്യല്‍ ഭക്ഷണങ്ങളും കുടുംബശ്രീ അംഗങ്ങള്‍ ബോട്ടിലെത്തിക്കും.
കുമരകം

കുട്ടനാട്
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാട് എന്ന കാര്‍ഷിക മേഖലയിലേക്കാണ് കുമരകം പിന്നിട്ട് വേഗ നീങ്ങിയത്. കുട്ടനാടിന്റെ കാര്‍ഷിക രീതികളും ജീവിത രീതികളും അതോടൊപ്പം ചരിത്രവും അറിഞ്ഞു കൊണ്ടായിരുന്നു കുട്ടനാട്ടിലൂടെയുള്ള യാത്ര. വേമ്പനാട് കായലിന്റെ വിശാലതയും കുട്ടനാട്ടിലെ ശാന്തമായ നെല്‍വയലുകളുടെ പച്ചപ്പും ആരുടേയും കണ്ണിന് കുളിര്‍മ പകരുന്നതാണ്. കേരളീയ വാസ്തുവിദ്യയില്‍ പണികഴിപ്പിച്ച വീടുകളും കള്ളുഷാപ്പുകളും കായലിന്റെ കാഴ്ചകള്‍ക്ക് ഒപ്പം ഭംഗിയും ആവേശവും കൂട്ടുന്നുണ്ടായിരുന്നു. ചുറ്റുമുള്ള കാഴ്ചകളും ബോട്ട് മാസ്റ്റര്‍ മൈക്കിലൂടെ നല്കിക്കൊണ്ടിരുന്ന വിവരണവും ചേര്‍ന്നപ്പോള്‍ ഒരു സദ്യ ഉണ്ടെഴുന്നേറ്റ പ്രതീതി.

ആര് ബ്ലോക്ക്
പിന്നെയും ബോട്ട് മുന്നോട്ട് നീങ്ങിയപ്പോള്‍ കേരളത്തിന്റെ തദ്ദേശീയമായ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്ങിന്റെ അത്ഭുത പ്രതിഭാസങ്ങളിലൊന്നായ ആര് ബ്ലോക്കാണ് കായലിന്റെ ഇടതു വശത്തായി കാണുന്നതെന്ന് ബോട്ട് മാസ്റ്റര്‍ സുജിത് പരിചയപ്പെടുത്തി. ഹോളണ്ടിലെ തടയണകളെ ഓര്‍മ്മിപ്പിക്കുന്ന ഇവ കായല്‍ പ്രദേശങ്ങളില്‍ നിന്ന് ഭൂമി വീണ്ടെടുത്ത് വരമ്പ് കെട്ടി സംരക്ഷിച്ചിരിക്കുന്നു. സമുദ്രനിരപ്പിന് 1 മുതല്‍ 3 മീറ്റര്‍ വരെ താഴ്ചയിലാണ് ഇവിടുത്തെ ജനവാസവും കൃഷിയും. ഏകദേശം ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള കുട്ടനാടന്‍ യാത്ര പിന്നിട്ട് പിന്നീട് എത്തിച്ചേര്‍ന്നത് പുണ്യ നദിയായ പമ്പാനദിയുടെ കൈവഴിയിലേക്കായിരുന്നു. പമ്പാനദിയിലൂടെ ഏകദേശം അരമണിക്കൂറോളം യാത്രയാണുള്ളത്. 2018 ലെ പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് പകരമായി തറനിരപ്പില്‍ നിന്ന് മുകളിലേക്ക് തൂണുകള്‍ നാട്ടി പണികഴിപ്പിച്ചിട്ടുള്ള വീടുകള്‍ പമ്പാ നദിക്കരയിലെ കൗതുകക്കാഴ്ചകളിലൊന്നാണ്. അഞ്ചു മണിക്കൂറോളം യാത്ര പൂര്‍ത്തിയാക്കി ഏകദേശം നാല് മണിയോടുകൂടി യാത്ര ആരംഭിച്ച ആലപ്പുഴ ബോട്ട് ജെട്ടിയില്‍ തിരികെ എത്തിച്ചേരുന്നതാണ് വേഗ എന്ന വിനോദസഞ്ചാര സംവിധാനത്തിന്റെ ചുരുക്ക രൂപം.
പ്രത്യേകതകള്‍
ഒരു സാധാരണ ജലയാത്ര എന്നതിലുപരി നിരവധി സവിശേഷതകളാണ് ഈ യാത്രയില്‍ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്. ആലപ്പുഴയില്‍ ഒരു സഞ്ചാരി വന്നാല്‍ കണ്ടിരിക്കേണ്ട ഏകദേശം എല്ലാ പ്രദേശങ്ങളിലൂടെയും വേഗ കടന്നുപോകുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. മറ്റു സ്വകാര്യ ജല വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി 5 മണിക്കൂര്‍ കൊണ്ട് 50 ഓളം കിലോമീറ്റര്‍ ആണ് വേഗ ചുറ്റിക്കറങ്ങുന്നത്. അങ്ങോട്ടുള്ള യാത്രയുടെ അതേ പാതയിലൂടല്ല തിരിച്ചുള്ള യാത്ര എന്നതും ശ്രദ്ധേയം. അങ്ങനെ രണ്ടു തരം ജലഭൂമികകള് യാത്രയുടെ ഭാഗമാകുന്നു. ഈ വിനോദയാത്രയുടെ മറ്റൊരു പ്രത്യേകത സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളുടെ ചരിത്രവും ജൈവികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകള്‍ തത്സമയം ജീവനക്കാര്‍ സഞ്ചാരികള്‍ക്ക് മൈക്കിലൂടെ നല്കിക്കൊണ്ടിരിക്കുമെന്നതാണ്. അതായത് യാത്രയുടെ തുടക്കം മുതല്‍ ഒടുക്കം വരെ സഞ്ചാരികളുടെ ഉള്ളിലെ ചോദ്യങ്ങള്‍ക്ക് ചോദ്യചിഹ്നമിടാന് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഉത്തരങ്ങള്‍ പാഞ്ഞു വരും എന്ന്. യാത്രയ്ക്കൊപ്പം കിട്ടുന്ന ഇത്തരം അറിവുകള്‍ പ്രായഭേദമെന്യേ എല്ലാവര്ക്കും ഒരുപോലെ വിജ്ഞാനപ്രദമാണ്.

ജലഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി ജലാഗതാഗത വകുപ്പിന് കീഴിലുള്ള വേഗ 2 ബോട്ട് സര്‍വീസ് 2020 മാര്‍ച്ചിലാണ് നീറ്റിലിറക്കിയത്. സര്‍വീസ് തുടങ്ങി രണ്ടു വര്‍ഷത്തിനുള്ളില്‍ മുടക്കുമുതലായ 1.90 കോടി രൂപ തിരിച്ചു പിടിച്ചെന്ന ഖ്യാതിയും വേഗയ്ക്ക് സ്വന്തം. സ്വകാര്യ ഹൗസ് ബോട്ടുകളിലെ യാത്രയ്ക്ക് പതിനായിരങ്ങള്‍ ചെലവാകുന്നയിടത്താണ് സംസ്ഥാന സര്‍ക്കാരിന്റെ ചെലവ് കുറഞ്ഞ വേഗ സംരംഭം വേറിട്ടു നില്‍ക്കുന്നത്. വേഗ 2 ബോട്ടുകളുടെ ബുക്കിങ്ങിനായി 9400050325, 9400050326 നമ്പറുകളില്‍ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്.
Content Highlights: vega two boat kerala state water transport department alappuzha kuttanad kumarakom
Published: 31 Jan 2024, 08:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented