സൗന്ദര്യ വർധനവിനായി ശസ്ത്രക്രിയകള്‍ നടത്തുന്നത് ഇപ്പോള്‍ സ്വാഭാവികമാണ്. പക്ഷെ അത്തരം ശസ്ത്രക്രിയകളുടെ ഭാരിച്ച ചിലവുകളാണ് പലരെയും അതില്‍ നിന്ന് പിന്‍വലിപ്പിക്കുന്നത്. എന്നാല്‍ പണമില്ലാത്തതിനാല്‍ ഇത്തരം ശസ്ത്രക്രിയകള്‍ മാറ്റിവെച്ച പലരും ഇപ്പോള്‍ തുര്‍ക്കിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോസ്മറ്റിക്ക് സര്‍ജറികള്‍ ലോകത്തിലേറ്റവും ചെലവ് കുറഞ്ഞ് ചെയ്യാന്‍ സാധിക്കുന്നത് തുര്‍ക്കിയിലാണെന്നതാണ് ഇതിന് കാരണം. യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നുമെല്ലാമുള്ളവരാണ്‌ ഇത്തരത്തില്‍ ശസ്ത്രക്രിയകള്‍ നടത്താനായി തുര്‍ക്കിയിലെത്തുന്നത്. ഇത് തുര്‍ക്കിയിലെ മെഡിക്കല്‍ ടൂറിസം രംഗത്തും വന്‍മുന്നേറ്റമാണ് ഉണ്ടാക്കുന്നത്. 

To advertise here,

ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്യുന്ന മൂക്കിന്റെ ആകൃതിയില്‍ മാറ്റം വരാനുള്ള ശസ്ത്രക്രിയക്ക് 5000 ഡോളറിനടുത്താണ് തുര്‍ക്കിയില്‍ ചെലവ് വരുന്നത്. എന്നാല്‍ ഇതേ ശസ്ത്രക്രിയ അമേരിക്കയില്‍ ചെയ്യാന്‍ ഇതിലും എത്രയോ ഇരട്ടി ചിലവ് വരും. കൊഴുപ്പ് നീക്കം ചെയ്യല്‍, മാറിടം വര്‍ധിപ്പിക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ക്കും നിരവധിയാളുകളെത്തുന്നു. തുര്‍ക്കിയിലെ ഇത്തരം ക്ലിനിക്കുകളിലെ സേവനങ്ങള്‍ താരതമ്യേനെ മെച്ചപ്പെട്ടതാണന്നതും മികച്ച പരിചരണങ്ങള്‍ ലഭിക്കുമെന്നതും വിദേശികളെ ആകര്‍ഷിക്കുന്നു. നിരവധി വിദേശികളാണ് ഇത്തരത്തില്‍ തുര്‍ക്കിയിലെത്തി ശസ്ത്രക്രിയകള്‍ നടത്തി ദിവസങ്ങള്‍ ചിലവഴിച്ച് മടങ്ങുന്നത്. ശസ്ത്രക്രിയക്ക് ശേഷവും മികച്ച സേവനമാണ് ക്ലിനിക്കുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ഇവര്‍ പറയുന്നു.

ശസ്ത്രക്രിയകള്‍ക്ക് പുറമെ ബോട്ടോക്‌സ് പോലുള്ള സൗന്ദര്യ വര്‍ധക ഇഞ്ചക്ഷന്‍ എടുക്കാനും വിദേശികള്‍ തുര്‍ക്കിയിലെത്തുന്നു. വിമാന ടിക്കറ്റുകളും മറ്റു ചിലവുകളും എല്ലാം പരിഗണിച്ചാലും തുര്‍ക്കിയിലെ ശസ്ത്രക്രിയകള്‍ ലാഭകരമാണെന്നാണ് ഇവരുടെ നിലപാട്. കോവിഡ് വ്യാപനത്തിന് ശേഷമാണ് തുര്‍ക്കിയില്‍ മെഡിക്കല്‍ ടൂറിസത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുന്നത്. തുര്‍ക്കിയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2021 ല്‍ 670,000 വിദേശികളാണ് ചികിത്സാ ആവശ്യാര്‍ഥം തുര്‍ക്കിയിലെത്തിയത്. തൊട്ടടുത്ത വര്‍ഷം ഇത് 12.5 ലക്ഷത്തിലെത്തി. 2023 ല്‍ ഭൂകമ്പം ഉള്‍പ്പടെയുള്ള പ്രതിബന്ധങ്ങളുണ്ടായെങ്കിലും നിരവധി വിദേശികള്‍ തുര്‍ക്കിയിലെത്തി. വലിയ വരുമാനമാണ് ഇത് തുര്‍ക്കിക്ക് നേടിക്കൊടുത്തത്. ജര്‍മനിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ ചികിത്സകള്‍ക്കായി തുര്‍ക്കിയിലെത്തിയത്. ബ്രിട്ടണും സ്വിറ്റ്‌സര്‍ലന്‍ഡുമാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 

കാലിന്റെ നീളം വര്‍ധിപ്പിക്കാന്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ക്കായും വിദേശികള്‍ തുര്‍ക്കിയിലെത്തുന്നുണ്ട്. പാശ്ചാത്യരായ പുരുഷന്‍മാരാണ് ഇത്തരം സര്‍ജറിക്ക് കൂടുതലായെത്തുന്നത്. അതേസമയം തുര്‍ക്കിയിലെ ഇത്തരം സര്‍ജറികള്‍ ശാസ്ത്രീയമല്ലെന്നും അപകടകരമാണെന്ന് വാദിക്കുന്നവരും നിരവധിയുണ്ട്. ശാസ്ത്രീയമല്ലാത്ത ഇത്തരം ശസ്ത്രക്രിയകള്‍ നടത്തി കടുത്ത പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്ന നിരവധി പേര്‍ ഉണ്ടെന്നാണ് ഒരു ജര്‍മന്‍ ആരോഗ്യ സംഘടന നടത്തിയ പഠനത്തില്‍ പറയുന്നത്. എന്നാല്‍ ഇതെല്ലാം എല്ലാ രാജ്യങ്ങളിലും ഉണ്ടാവാറുള്ളത് പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നാണ് തുര്‍ക്കിയിലെ ഡോക്ടർമാരുടെ സംഘടനകള്‍ വാദിക്കുന്നത്.