രു യൂറോപ്പ് യാത്ര കുറേക്കാലമായി മനസ്സില്‍ താലോലിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ വിസയ്ക്ക് അപേക്ഷിക്കാനുള്ള ഏറ്റവും മികച്ച സമയമാണ് വരാന്‍ പോകുന്നത്. യൂറോപ്പിലേക്കുള്ള ഏകീകൃത വിസയായ ഷെങ്കന്‍ വിസ ഡിജിറ്റലാക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതേ തുടര്‍ന്ന് ഷെങ്കന്‍ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

To advertise here,

ഡിജിറ്റലാവുന്നതോടെ വിസയ്ക്ക് അപേക്ഷിക്കുന്നത് കൂടുതല്‍ ലളിതവും വേഗത്തിലുമാവും. പാസ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിപ്പിക്കുന്ന രീതിയും വിസ ഡിജിറ്റലാവുന്നതോടെ ഇല്ലാതാവും. ഇത് പ്രകാരം പുതുതായി വരുന്ന പ്ലാറ്റ്‌ഫോം വഴി ഷെങ്കന്‍ വിസയ്ക്കുള്ള എല്ലാ അപേക്ഷകളും നല്‍കാനാവും. നടപടികളെല്ലാം ഒരൊറ്റ വെബ്‌സൈറ്റ് വഴിയാക്കും. പ്രത്യേക രജിസ്‌ട്രേഷനുകള്‍ ആവശ്യമായ രാജ്യങ്ങളുടെ വിസ സംവിധാനങ്ങളിലേക്കുള്ള ലിങ്കുകളും ഇതിലുണ്ടാകും. സഞ്ചാരികള്‍ക്ക് അവരുടെ യാത്രാ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും ഫീസുകള്‍ അടക്കാനും സാധിക്കും. വിസ അപേക്ഷയുടെ തുടര്‍നടപടികളും വെബ്‌സൈറ്റിലൂടെ തന്നെ അറിയാം.

വിസയ്ക്കായി വിസ ഓഫീസുകളിലും കോണ്‍സുലേറ്റുകളിലും പോകുന്നതും കുറയ്ക്കാനാകും. ഡിജിറ്റലാവുന്നതോടെ ഷെങ്കന്‍ വിസയിലെ യാത്രികരുടെ സുരക്ഷയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിസ തട്ടിപ്പും അനധികൃത യാത്രകളും വിസ മോഷണവും പൂര്‍ണമായി തടയാനാകും. വിസയ്ക്കുള്ള ഫീസും ഓണ്‍ലൈനായി തന്നെ അടയ്ക്കാം. പക്ഷെ, ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കും ബയോമെട്രിക്ക് വിവരങ്ങള്‍ മാറിയവരും പഴയ രീതിയില്‍ തന്നെ അപേക്ഷിക്കേണ്ടി വരും. 

യൂറോപ്യന്‍ യൂണിയനിലെ 22 അംഗരാജ്യങ്ങളടക്കം, യൂറോപ്പിലെ 27 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കന്‍ വിസ. സാധാരണയായി എംബസിയിലോ കോണ്‍സുലേറ്റിലോ വിസ സെന്ററിലോ ഒക്കെയാണ് ഷെങ്കണ്‍ വിസ നല്‍കുന്നത്. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്വിറ്റ്സര്‍ലാന്‍ഡ്, നേര്‍വെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ചെക് റിപ്പബ്ലിക്ക്, ഗ്രീസ്‌, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഐസ്ലന്‍ഡ്, ലാത്വിയ, ലിച്ചന്‍സ്റ്റൈന്‍, ലിത്വാനിയ, മാള്‍ട്ട തുടങ്ങി 27 രാജ്യങ്ങളിലാണ് ഷെങ്കന്‍ വിസ നിലവിലുള്ളത്.