യൂറോപ്പിലേക്കുള്ള യാത്രകള്‍ ഇനിമുതല്‍ ചിലവേറും. ഷെങ്കന്‍ വിസയുടെ ഫീസില്‍ യൂറോപ്യന്‍ യൂണിയന് ഏപ്പെടുത്തിയ വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ നിലവില്‍ വന്നു. 12 ശതമാനമാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്. 90 യൂറോ (8,141 രൂപ) ആണ് ഷെങ്കന്‍ വിസയുടെ പുതിയ ഫീസ്. നേരത്തെ ഇത് 80 യൂറോ ആയിരുന്നു.
ആറുവയസ് മുതല്‍ 12 വരെയുള്ള കുട്ടികളുടെ ഫീ 40 യൂറോയില്‍ നിന്ന് 45 യൂറോയിലേക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. ഫീസ് വര്‍ധനവിന്റെ കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ പൂര്‍ണ യോജിപ്പില്ലെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. 2020 ഫെബ്രുവരിയിലാണ് ഇതിന് മുന്‍പ് ഫീസ് വര്‍ധിപ്പിച്ചത്. സാധാരണഗതിയില്‍ മൂന്ന് വര്‍ഷം കൂടുമ്പോഴാണ് യൂറോപ്യന്‍ കമ്മിഷന് ഷെങ്കന്‍ വിസയുടെ ഫീസ് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫീസ് വര്‍ധനവ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. അംഗരാജ്യങ്ങളിലെ വിലക്കയറ്റം, ജീവിതച്ചെലവുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഫീസില്‍ മാറ്റം വരുത്താറുള്ളത്.
ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് യൂണിയന് പൊതുജനാഭിപ്രായം തേടിയിരുന്നു. ഫെബ്രുവരി 2 മുതല്‍ മാര്‍ച്ച് ഒന്ന് വരെയായിരുന്നു അംഗരാജ്യങ്ങളിലുള്ളവര്ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം. അഭിപ്രായം രേഖപ്പെടുത്തിയ പലരും ഫീസ് വര്ധനവിലുള്ള എതിര്‍പ്പ് അറിയിച്ചതായാണ് വിവരം. വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്കുന്ന രാജ്യങ്ങള്‍ക്കാണ് ഫീസ് വര്‍ധവില്‍ വലിയ എതിര്‍പ്പുള്ളത്. വിസ ഫീസ് വര്‍ധിപ്പിക്കുന്നത് വിനോദസഞ്ചാരികളെ യൂറോപ്പില്‍ നിന്ന് അകറ്റുമെന്നാണ് ഇവരുടെ ആശങ്ക.
ഇതിനിടയില്‍ ഇന്ത്യക്കാര്‍ക്കായി അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഷെങ്കന്‍ വിസകളും ആരംഭിച്ചിരുന്നു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ കുടിയേറ്റ-യാത്ര മേഖലകളിലുണ്ടാക്കിയ പുതിയ ധാരണകള്‍ പ്രകാരമാണ് വിസ നിയമങ്ങളില്‍ ഇളവ് വരുത്തിയത്. ഇത് സ്ഥിരമായി യൂറോപ്പ് യാത്രകള്‍ നടത്തുന്ന ഇന്ത്യക്കാര്‍ക്ക് ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
9,66,687 പേരാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഷെങ്കന്‍ വിസയ്ക്കായി അപേക്ഷിച്ചത്. 1985ലാണ് യൂറോപ്പില്‍ സ്വതന്ത്രസഞ്ചാരം ലക്ഷ്യമിട്ട് ഏഴുരാജ്യങ്ങള് ഷെങ്കന്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. പിന്നീട് കൂടുതല്‍ രാജ്യങ്ങള്‍ ഈ ഗ്രൂപ്പില്‍ അംഗമായി. ഈ വര്‍ഷമെത്തിയ ബള്‍ഗേറിയയും റൊമാനിയയും ഉള്‍പ്പടെ 29 അംഗരാജ്യങ്ങളാണ് ഇതിലുള്ളത്. അതിര്ത്തികളെന്ന കടമ്പകളില്ലാതെ പാസ്പോര്‍ട്ട് രഹിതമായി യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലൂടെ യാത്രചെയ്യാമെന്നതാണ് ഷെങ്കന്‍ വിസയുടെ പ്രത്യേകത.
Content Highlights: european union increased fees for schengen visa come into effect
Published: 11 Jun 2024, 02:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented