ജി.സി.സി രാജ്യങ്ങളിലേക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ഥ്യമാകും. ദുബൈയില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ യൂറോപ്യന്‍രാജ്യങ്ങള്‍ ഒരൊറ്റ ഷെങ്കന്‍ വിസയിലൂടെ സന്ദര്‍ശിക്കാവുന്ന മാതൃകയിലാണ് ഗള്‍ഫ് രാജ്യങ്ങളും ഏകീകൃത വിസ സംവിധാനം കൊണ്ടുവരുന്നത്. 

To advertise here,

കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള യാത്രകള്‍ക്ക് വലിയസാധ്യതകള്‍ തുറക്കുന്നതാണ് പുതിയ വിസ സംവിധാനം. ഏതാണ്ട് 10,000-12,000 രൂപയ്ക്ക് ഏകീകൃത വിസ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തുപോലെ വിസയ്ക്ക് വലിയതുക വാങ്ങുന്ന രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നവര്‍ക്കായിരിക്കും കൂടുതല്‍ ഗുണമുണ്ടാകുന്നത്.

ഏകീകൃത വിസാ സംവിധാനം നടപ്പാകുന്നതോടെ വിനോദസഞ്ചാരികള്‍ക്ക് ജി.സി.സി. രാജ്യങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കാനാവും. ഇത് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും ടൂറിസത്തിന് ഗുണംചെയ്യും. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് പുതിയ വിസാ സംവിധാനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസയുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും സുരക്ഷയും സാങ്കേതികവുമായ ആശങ്കകള്‍ കാരണം ശ്രദ്ധാപൂര്‍വം പരിഗണിച്ചായിരിക്കും ഇവ നടപ്പിലാക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി.