ഉത്തരവാദിത്ത ടൂറിസമെന്നത് ഒരു ബദല്‍ വിനോദസഞ്ചാര മാതൃകയാണ്. വിനോദസഞ്ചാരത്തിന്റെ ഭാവി കൂടിയാണത്. ഒരു പ്രദേശത്തെ അവിടുത്തെ തദ്ദേശവാസികളായ ജനങ്ങള്‍ക്ക് നന്നായി ജീവിക്കാന്‍ സാധിക്കുന്ന സ്ഥലമായി നിലനിര്‍ത്തിക്കൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് നന്നായി ആസ്വദിക്കാന്‍ പറ്റുന്ന സ്ഥലമായി മാറ്റാന്‍ കഴിയണം. സംരംഭകര്‍ക്കും പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികളോളം തന്നെ പ്രാധാന്യമുണ്ടാവണം. ടൂറിസം പദ്ധതികളുടെ ഗുണം തദ്ദേശീയരായ പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പ്രധാനം. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ഒരു പ്രദേശം മാറുമ്പോള്‍, അവിടുത്തെ പ്രാഥമിക സൗകര്യങ്ങളും പൊതുവികാസവും സംഭവിക്കുന്നു.
2007ല്‍ കനകക്കുന്ന് പാലസില്‍ നടന്ന ബെറ്റര്‍ ടുഗദര്‍ എന്ന വര്‍ക്ക്ഷോപ്പിലാണ് റെസ്പോണ്‍സിബിള്‍ ടൂറിസവുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കുന്നത്. 2008-ല്‍ കുമരകം, തേക്കടി, കോവളം, വൈത്തിരി എന്നിങ്ങനെ നാല് സ്ഥലങ്ങളിലാണ് ഇത് നടപ്പിലാക്കി തുടങ്ങിയത്. 2017-ല്‍ മിഷന്‍ രൂപത്കരിച്ചതോടെ പ്രവര്‍ത്തന മേഖല സംസ്ഥാനം മുഴുവനുമായി. ഒന്നര ലക്ഷത്തോളം പേരുള്‍പ്പെടുന്ന ടൂറിസം കമ്മ്യൂണിറ്റിയാണ് ആര്‍.ടി. മിഷന് കീഴിലുള്ളത്. 22,000 പേര്‍ക്ക് മിഷന്‍ നേരിട്ട് പരിശീലനം കൊടുത്തിട്ടുണ്ട്. ഗ്രാമീണ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി നിരവധി പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കുടുംബശ്രീയെയും ആദിവാസി വിഭാഗങ്ങളെയും പങ്കാളികളാക്കുന്ന പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ടൂറിസം ബിസിനസ് എന്നത് ഒരു വരേണ്യവര്‍ഗ താല്‍പര്യം സംരക്ഷിക്കുന്ന ഒന്നാണെന്ന പൊതുബോധം മാറ്റുന്നതാണ് റെസ്പോണ്‍സബിള്‍ ടൂറിസത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
ഉത്തരവാദിത്ത ടൂറിസം എന്ന ആശയത്തെ അടിസ്ഥാനമാക്കി വില്ലേജ് ടൂറിസം,റൂറല്‍ ടൂറിസം, കള്‍ച്ചറല്‍ ടൂറിസം, ഫെസ്റ്റിവല്‍ ടൂറിസം, എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം, ഫാം/അഗ്രി ടൂറിസം, പൈതൃക ടൂറിസം, ഫുഡ് ടൂറിസം, ആക്‌സസിബിള്‍ ടൂറിസം, ടൂറിസത്തിലൂടെ സ്ത്രീ ശാക്തീകരണം, പ്രാദേശിക കലാകാരന്മാര്‍ക്കും വിവിധ രംഗകലകള്‍, ആയോധനകലകള്‍ എന്നിവയ്ക്കു പ്രോത്സാഹനം, സുവനീര്‍/പ്രാദേശിക കരകൗശലവസ്തുക്കളുടെ നിര്‍മ്മാണത്തിനുള്ള പ്രോത്സാഹനം, സ്റ്റോറി ടെല്ലിങ് പാക്കേജുകള്‍ എന്നിങ്ങനെ കേരളത്തില്‍ സുസ്ഥിര ടൂറിസം വികസനത്തിനുള്ള പ്രവര്‍ത്തനങ്ങളും അതിനാവശ്യമായ എല്ലാവിധ പരിശീലനങ്ങളും നടത്തുന്നതിനുള്ള നോഡല്‍ ഏജന്‍സി ആയിട്ടാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ചിരിക്കുന്നത്. മാതൃകാ ഉത്തരാവിദിത്വ ടൂറിസം കേന്ദ്രങ്ങളുടെ വികസനം, പെപ്പര്‍, സ്ട്രീറ്റ്, അഗ്രി ടൂറിസം നെറ്റ്വര്‍ക്ക്, സ്ത്രീ സൗഹൃദ വിനോദസഞ്ചാരം, സുവനീര്‍ ടൂറിസം തുടങ്ങിയ പദ്ധതികളാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇതിനായി നടപ്പിലാക്കുന്നത്. 2023-24 സാമ്പത്തികവര്‍ഷം ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന ബജറ്റ് വിഹിതം 950 ലക്ഷം രൂപയാണ്.
തദ്ദേശീയരായ ജനസമൂഹത്തെ ടൂറിസം വ്യവസായവുമായി ബന്ധപ്പെടുത്തുന്നതിനുള്ള വിവിധ പരിശീലനങ്ങള്‍, നൈപുണ്യവികസന-സംരഭകത്വ വികസനപരിശീലനങ്ങള്‍, ടൂറിസം ഇന്‍ഡസ്ട്രിക്കാവശ്യമായ ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ സമൂഹത്തിലെ നാനാതുറയില്‍പ്പെട്ടവര്‍ക്ക് ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട വിവിധ പരിശീലനങ്ങള്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നല്‍കിവരുന്നു.
പരസ്ഥിതിയോട് ഇണങ്ങിയ വിനോദസഞ്ചാരമാണ് റെസ്പോണ്‍സബിള്‍ ടൂറിസത്തിന്റെ മുഖമുദ്രകളിലൊന്ന്. റെസ്പോണസബിള്‍ ടൂറിസത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ടൂറിസ്റ്റ് സംരംഭങ്ങള്‍ക്ക് ക്ലാസിഫിക്കേഷന്‍ നപ്പാക്കിയിട്ടുണ്ട്. റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, ഹൗസ് ബോട്ടുകള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍ തുടങ്ങിവയെല്ലാം ഇതില്‍ വരും. പരിസ്ഥിതി സൗഹൃദമായ പ്രവര്‍ത്തനം വിലയിരുത്തി കൂടിയാണ് ഇവ നല്‍കുന്നത്. ഇതില്‍ 80 ശതമാനം സ്‌കോര്‍ നേടുന്ന സംരംഭങ്ങള്‍ക്ക് ആര്‍.ടി. ഗ്രീന്‍ എന്ന ക്ലാസിഫിക്കേഷന്‍ നല്‍കും. അന്താരാഷ്ട്ര തലത്തില്‍ അടക്കം പരിഗണിക്കുന്ന അംഗീകാരമാണത്. പേപ്പര്‍ ബാഗുകളും സ്ട്രോയുമെല്ലാം ഉണ്ടാക്കാനുള്ള പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. ഹോട്ടലുകളും റെസ്റ്റോറന്റുകളുമായി പ്ലാസ്റ്റിക്?രഹിത പ്രവര്‍ത്തനങ്ങള്‍ക്കായി ഉടമ്പടികള്‍ ഒപ്പിട്ടിട്ടുണ്ട്. അതനുസരിച്ച് കുമരകത്തെ എല്ലാ റിസോര്‍ട്ടുകളും പ്ലാസ്റ്റിക്ക് കുപ്പികള്‍ ഒഴിവാക്കി ഗ്ലാസ് ബോട്ടിലുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇപ്പോള്‍ കേരളത്തിലെ ഏതാണ്ട് പ്രധാന ഹോട്ടലുകളും റിസോര്‍ട്ടുകളെല്ലാം ഈ രീതിയേലേക്ക് മാറിയിട്ടുണ്ട്. മിഷന് കീഴിലുള്ള യൂണിറ്റുകളില്‍നിന്ന് തന്നെ പരിസ്ഥിതി സൗഹൃദ ഉല്‍പനങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ടൂറിസം കേന്ദ്രങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനായി ആര്‍.ടി. പ്രോട്ടോക്കോളുകള്‍ കൊണ്ടുവന്നു. വിനോദസഞ്ചാരികളെയും ഇത്തരത്തില്‍ ബോധവത്കരിക്കും.
കഴിഞ്ഞ വര്‍ഷമാണ് കേരളത്തില്‍ സ്ത്രീ സൗഹൃദ വിനോദസഞ്ചാര പദ്ധതി പ്രഖ്യാപിക്കുന്നത്. ഒന്നര ലക്ഷം സ്ത്രീകളുടെ ടൂറിസം നെറ്റ്വര്‍ക്ക് സ്ഥാപിക്കുകയും കേരളത്തിന് പുറത്ത് നിന്ന് പരമാവധി വനിതാ സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. വനിതകള്‍ക്ക് വേണ്ടി വനിതകള്‍ തന്നെ മേല്‍നോട്ടം നിര്‍വഹിക്കുന്ന സംരംഭങ്ങളാണ് ഈ നെറ്റ്വര്‍ക്കിന്റെ ഭാഗമാവുക. 30,000 സ്ത്രീകള്‍ക്കാണ് ഇതിലൂടെ വിനോദസഞ്ചാര മേഖലയില്‍ തൊഴില്‍ നല്‍കുക. യു.എന്‍. വിമന്‍ എന്ന സംഘടനയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 1,800 പേരുടെ പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞു. കേരളത്തെ വനിതാ സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന പഠനം നടന്നുകൊണ്ടിരിക്കുകയാണ്. അമ്പത് കേന്ദ്രങ്ങളെ കുറിച്ചുള്ള വിശദമായ പഠനം പൂര്‍ത്തിയായി.
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിച്ച് വനിതാ സഞ്ചാരികളിലേക്കും അന്താരാഷ്ട്ര വിനോദസഞ്ചാര സമൂഹത്തിലേക്കും ഇവയെ ബന്ധിപ്പിക്കാന്‍ സ്ത്രീ സൗഹൃദ മൊബൈല്‍ ആപ്പ് തയ്യാറാക്കുന്നുണ്ട്.
ഒരു വനിതാ സഞ്ചാരി കേരളത്തിലെത്തിയാല്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അവര്‍ക്ക് ഈ ആപ്പിലൂടെ ലഭ്യമാകും. സ്ത്രീ സൗഹൃദ ശുചിമുറികള്‍, സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന താമസ സൗകര്യങ്ങള്‍, ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലഭ്യമായ സേവനങ്ങള്‍, വനിത ടൂര്‍ ഓപ്പറേറ്റര്‍മാര്‍, കമ്മ്യൂണിറ്റി ലീഡേഴ്സ്, സ്ത്രീകള്‍ ഓടിക്കുന്ന ഓട്ടോ- ടാക്സി, വീടുകളില്‍ ഭക്ഷണം കഴിക്കാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ആപ്പിലുണ്ടാകും. അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഹെല്‍പ്പ്ലൈന്‍ നമ്പറുകളും ലിങ്കുകളും ഉണ്ടാവും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ കാഴ്ചവെക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും അംഗീകരിക്കുന്നവയാണ്. 2022ലെ ലണ്ടന്‍ വേള്‍ഡ് ടൂറിസം മാര്‍ക്കറ്റില്‍ സ്ട്രീറ്റ് പദ്ധതിയിലെ ജല സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുള്‍പ്പെടെ പത്തോളം ദേശീയ-അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ കേരള ഉത്തരവാദിത്ത ടൂറിസം മിഷനെ തേടിയെത്തി. കേരളത്തിലെ ടൂറിസം രംഗത്തിനാകെ മാതൃകയായ ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്വതന്ത്രവും, വിപുലവുമാക്കുന്നതിനായി ഉത്തരവാദിത്ത ടൂറിസം മിഷനെ ഒരു സ്വതന്ത്ര ഏജന്‍സി ആക്കി മാറ്റുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും, കേരളഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം, സുസ്ഥിര ടൂറിസം, റൂറല്‍ ടൂറിസം, വില്ലേജ് ടൂറിസം, അഗ്രി/ ഫാം ടൂറിസം, ഫുഡ് ടൂറിസം എന്നിങ്ങനെ പ്രാദേശികജനതയുമായി നേരിട്ട് ബന്ധപ്പെടുന്ന വിധത്തിലുള്ള വിവിധ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും മേല്‍നോട്ടം നല്‍കുന്നതും കേരള ഉത്തരവാദിത്ത ടൂറിസം സൊസൈറ്റിയുടെ ഉത്തരവാദിത്തമായിരിക്കും.
Content Highlights: responsible tourism initiative in kerala
Published: 17 Dec 2024, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented