വർഷങ്ങൾ നീണ്ട അധ്വാനവും പ്രതിസന്ധികളും അതിജീവിച്ചാണ് രാജീവ് അഞ്ചൽ ആ സ്വപ്നം യാഥാർഥ്യമാക്കിയത്. ഇപ്പോൾ രാമായണത്തെ ആസ്പദമാക്കിയുള്ള സിനിമകളിലൂടെ ജഡായുവിന്റെ കഥ വീണ്ടും ലോകശ്രദ്ധ നേടുമ്പോൾ അതിന്റെ ശിൽപിക്കും ഏറെ സന്തോഷം.

രാമായണത്തിലെ ജഡായുവിന്റെ കഥ കേട്ടുവളർന്ന കുട്ടിക്കാലം. സീതയെ രക്ഷിക്കാൻ സ്വന്തം ജീവൻപോലും ത്യജിച്ച ആ പക്ഷിയോട് അന്നുതൊട്ടേ വലിയ ആരാധനയായിരുന്നു രാജീവ് അഞ്ചലിന്. സ്ത്രീയെ രക്ഷിക്കാൻ പോരാടിയ ജഡായുവിൽ അദ്ദേഹം കണ്ടത് ഒരു പുരാണ കഥാപാത്രത്തെ മാത്രമല്ല, സ്ത്രീസുരക്ഷയുടെ വലിയൊരു സന്ദേശം കൂടിയായിരുന്നു. ആ ആരാധനയിൽനിന്നാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപമെന്ന വിശേഷണത്തോടെ ചടയമംഗലത്തെ ജഡായു പാറയിൽ വിസ്മയശിൽപം ഉയർന്നത്.
വർഷങ്ങൾ നീണ്ട അധ്വാനവും പ്രതിസന്ധികളും അതിജീവിച്ചാണ് രാജീവ് അഞ്ചൽ ആ സ്വപ്നം യാഥാർഥ്യമാക്കിയത്. ഇപ്പോൾ രാമായണത്തെ ആസ്പദമാക്കിയുള്ള സിനിമകളിലൂടെ ജഡായുവിന്റെ കഥ വീണ്ടും ലോകശ്രദ്ധ നേടുമ്പോൾ അതിന്റെ ശിൽപിക്കും ഏറെ സന്തോഷം. സിനിമയിലൂടെ കഥകൾ പറഞ്ഞ സംവിധായകൻ, ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായി ഒരു മലമുകളിൽ ജഡായുവിനെ പുനർസൃഷ്ടിച്ചപ്പോൾ അതിന് പിന്നിൽ വലിയൊരു പോരാട്ടത്തിന്റെ കഥയുമുണ്ടായിരുന്നു. ജഡായു ശിൽപത്തിന്റെ പിറവി, പിന്നിട്ട വഴികൾ, സിനിമയിലേക്കുള്ള തിരിച്ചുവരവ്, ഭാവി പദ്ധതികൾ തുടങ്ങി മനസ്സുതുറക്കുകയാണ് സംവിധായകനും ശിൽപിയുമായ രാജീവ് അഞ്ചൽ.
ജഡായു പാൻ വേൾഡ് ഹിറ്റ് ആകുമ്പോൾ!
നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു ശിൽപം ലോകം അറിയുന്നു എന്നു പറയുന്നത് വലിയ സന്തോഷമാണ്. രാമായണത്തെ ആസ്പദമാക്കിയുള്ള സിനിമ വന്നതോടെ ജഡായുവിന് ലഭിക്കുന്ന അംഗീകാരം പതിന്മടങ്ങായി. നേരത്തേ ജഡായു പാറയും ശിൽപവും അറിയപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ അത് പാൻ ഇന്ത്യൻ, പാൻ വേൾഡ് തലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്. സിനിമ ഇറങ്ങിയതോടെ ജഡായുവിനെക്കുറിച്ച് കൂടുതൽ അറിയാനും ഇവിടേക്ക് വരാനും ആളുകൾക്ക് താൽപര്യമുണ്ടായി.
യഥാർഥത്തിൽ ജഡായുവിന്റെ കഥ ഇവിടെ എത്തുന്നവർക്ക് കൂടുതൽ അനുഭവവേദ്യമാക്കാനായി ശിൽപത്തിനുള്ളിൽത്തന്നെ ഒരു തിയേറ്ററും മൾട്ടി ഡയമെൻഷൻ സംവിധാനങ്ങളും ഒരുക്കാൻ പദ്ധതിയിട്ടിരുന്നു. ജഡായുവിന്റെ കഥയും സംഭവങ്ങളും അനിമേഷനിലൂടെയും ത്രീഡി ദൃശ്യങ്ങളിലൂടെയും അവതരിപ്പിക്കാനായിരുന്നു ഉദ്ദേശ്യം. അതിനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ തിരിച്ചാണ് സംഭവിക്കുന്നത്. സിനിമയിലൂടെ ജഡായുവിനെക്കുറിച്ച് അറിഞ്ഞാണ് ആളുകൾ ഇവിടേക്ക് എത്തുന്നത്.
വടക്കേ ഇന്ത്യയിൽനിന്നടക്കം നിരവധി പേർക്ക് ജഡായുവിനെ കാണാൻ ആഗ്രഹമുണ്ട്. ചിലർക്ക് അത് ഒരു ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിലുള്ള കൗതുകമാണ്. മറ്റു ചിലർക്ക് രാമായണവുമായി ബന്ധപ്പെട്ട വിശ്വാസത്തിന്റെ ഭാഗമാണ്. രണ്ടുതരത്തിലുള്ള ആളുകളും ഇവിടേക്ക് എത്തുന്നുണ്ട്.
ജഡായുവിനോട് കുട്ടിക്കാലം മുതലുള്ള ആരാധന
ജഡായുവിന്റെ കഥ കുട്ടിക്കാലത്ത് കേട്ടപ്പോൾത്തന്നെ വലിയ ആരാധന തോന്നിയിരുന്നു. അതിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ജഡായുവിന്റെ ത്യാഗമാണ്. ഒരു സ്ത്രീയെ രക്ഷിക്കാൻ സ്വന്തം ജീവൻപോലും ത്യജിക്കാൻ തയ്യാറായ ജഡായു. രാമായണത്തിലെ സീതാദേവിയുടെ കഥയെന്നതിലുപരി ഇന്നത്തെ കാലവുമായി ചേർത്തുവായിക്കുമ്പോൾ അത് സ്ത്രീസുരക്ഷയുടെ പ്രതീകമാണ്.
ഒരു സ്ത്രീയെ രക്ഷിക്കാൻവേണ്ടി പോരാടുന്ന ജഡായുവിന്റെ പ്രവൃത്തി വലിയൊരു സന്ദേശമാണ് നൽകുന്നത്. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ശിൽപത്തിലൂടെയോ സിനിമയിലൂടെയോ എന്തെങ്കിലും പറയാനുണ്ടാകും. ഒരു സിനിമ വെറുമൊരു തമാശപ്പടമോ ഫൈറ്റ് സിനിമയോ ആണെങ്കിൽപ്പോലും അതിനുള്ളിൽ ഒരു സന്ദേശമുണ്ടാകാം. അതുപോലെ ഒരു ശിൽപത്തിനും സന്ദേശം നൽകാൻ കഴിയും. ജഡായുവിലൂടെ പറയാൻ ആഗ്രഹിച്ചതും അതുതന്നെയാണ്.
പൊന്മുടിയിൽനിന്ന് ചടയമംഗലത്തേക്ക് എത്തിയ ജഡായു
ആദ്യകാലത്ത് ജഡായു ശിൽപം പൊന്മുടിയിൽ സ്ഥാപിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. പഠിക്കുന്ന കാലത്ത് കോളേജിൽവെച്ച് ടൂറിസം പദ്ധതിക്കായി ഒരു മാതൃക അവതരിപ്പിച്ചിരുന്നു. അത് പൊന്മുടിയിൽ നടപ്പാക്കണമെന്നായിരുന്നു താത്പര്യം. അവിടെ ജഡായുവിന്റെ ശരീരവും മുറിഞ്ഞുവീണ ചിറകുമൊക്കെ വ്യത്യസ്ത ഇടങ്ങളിൽ സ്ഥാപിക്കുന്നതായിരുന്നു ആശയം.
പൊന്മുടിയുടെ മുകളിൽ ജഡായു കിടക്കുന്നു. കല്ലാർ ഭാഗത്തേക്ക് വരുന്ന വഴിയിൽ എവിടെയെങ്കിലും മുറിഞ്ഞുവീണ ചിറക് സ്ഥാപിക്കുന്നു. അങ്ങനെ രണ്ട് വഴികളിലൂടെ ജഡായുവിനെ തേടിയെത്താൻ കഴിയുന്ന തരത്തിലായിരുന്നു പദ്ധതി. ഒന്ന് പൊന്മുടി റോഡിലൂടെയുള്ള യാത്ര. മറ്റൊന്ന് വനത്തിലൂടെയുള്ള ട്രക്കിങ്. വനത്തിനുള്ളിലെ ക്യാംപിങ് കേന്ദ്രങ്ങളിൽ ജഡായുവിന്റെ തൂവലുകൾ കൊഴിഞ്ഞുകിടക്കുന്ന രീതിയിൽ ഒരുക്കി, അവ പിന്തുടർന്ന് ജഡായുവിന്റെ അടുത്തേക്ക് എത്തുന്ന തരത്തിലുള്ള ആശയവും ഉണ്ടായിരുന്നു.
വളരെ രസകരമായ ഒരു ആശയമായിരുന്നു അത്. എന്നാൽ, പൊന്മുടി വനവകുപ്പിന്റെ ഭൂമിയായതിനാൽ രണ്ട് വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായി. അങ്ങനെയാണ് പദ്ധതി അവിടെ നടപ്പാക്കാൻ കഴിയാതെ പോയത്. പിന്നീട് ഇക്കോ ടൂറിസം ഡയറക്ടറായിരുന്ന കെ.ജി. മോഹൻലാൽ സാറിനും പ്രയാർ ഗോപാലകൃഷ്ണൻ സാറിനും ഈ ആശയത്തിൽ താൽപര്യമുണ്ടായി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കെ.സി. വേണുഗോപാൽ ടൂറിസം മന്ത്രിയായിരിക്കുമ്പോഴാണ് പദ്ധതിക്ക് തുടക്കമാകുന്നത്.
സർക്കാരുകൾ മാറി, പദ്ധതി ബിഒടിയിലേക്ക്
ഉമ്മൻചാണ്ടി സർക്കാരാണ് പദ്ധതി തുടങ്ങിവെച്ചത്. പിന്നീട് എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തി. ഇത്രയും വലിയ സാമ്പത്തിക ബാധ്യത സർക്കാർ നേരിട്ട് ഏറ്റെടുത്ത് പദ്ധതി നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അങ്ങനെയാണ് ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ (ബി.ഒ.ടി.) മാതൃകയിലേക്ക് പദ്ധതി മാറിയത്. ടൂറിസം മേഖലയിൽ ഇത്തരത്തിൽ നടപ്പാക്കിയ ആദ്യത്തെ ബി.ഒ.ടി. പദ്ധതികളിലൊന്നായിരുന്നു ഇത്.
അതിൽ വലിയ പിന്തുണ ലഭിച്ചു. അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന വി. വേണുവിന്റെ ഇടപെടലും കാഴ്ചപ്പാടും ഏറെ സഹായകമായി. സർക്കാരുകൾ മാറിമാറി വന്നപ്പോഴും പിന്തുണ ലഭിച്ചു. രാഷ്ട്രീയമായ മാറ്റങ്ങളൊന്നും എന്നെ സംബന്ധിച്ച് വിഷമമുണ്ടാക്കിയിട്ടില്ല. കാരണം, ഇത് ഒരു നാടിന്റെ അഭിമാനമായി മാറേണ്ട പദ്ധതിയായിരുന്നു. മന്ത്രിമാർ മാറിയാലും നാട്ടുകാർക്കാണ് ഇതിന്റെ നേട്ടം. നാടിന്റെ കീർത്തിയാണ് ഇതിലൂടെ ഉയരുന്നത്.
ശിൽപത്തിനൊപ്പം പ്രകൃതിയെയും സംരക്ഷിച്ചു
ജഡായു ശിൽപം മാത്രമല്ല, അതിനു ചുറ്റുമുള്ള പ്രകൃതിയും പദ്ധതിയുടെ ഭാഗമായിരുന്നു. ഇവിടെ ഇപ്പോൾ കാണുന്ന പച്ചപ്പ് മുഴുവൻ ഞങ്ങൾ നട്ടുവളർത്തിയതാണ്. ഞാൻ ആദ്യമായി ഇവിടെ വരുമ്പോൾ ഇന്നത്തെപ്പോലെ മരങ്ങളൊന്നും ഉണ്ടായിരുന്നില്ല. സോഷ്യൽ ഫോറസ്ട്രിയുടെ സഹായത്തോടെ തൈകൾ കൊണ്ടുവന്ന് ഓരോ സീസണിലും നട്ടുപിടിപ്പിക്കുകയായിരുന്നു.
ആദ്യത്തെ സീസണിൽ നട്ട തൈകളെല്ലാം വേനലായപ്പോൾ വെള്ളമില്ലാതെ നശിച്ചു. പിന്നീട് വലിയൊരു മഴവെള്ള സംഭരണി നിർമിച്ചു. അതിൽ ശേഖരിച്ച വെള്ളം ഉപയോഗിച്ചാണ് അടുത്ത വർഷം മുതൽ ചെടികൾക്ക് വെള്ളം നൽകിയത്. അങ്ങനെ പതുക്കെ വളർത്തിയെടുത്തതാണ് ഇന്നത്തെ പച്ചപ്പ്. പാറകളെ അതേപടി നിലനിർത്താനും മരങ്ങൾ സംരക്ഷിക്കാനും തുടക്കത്തിൽത്തന്നെ തീരുമാനിച്ചിരുന്നു. ജഡായു ശിൽപം മാത്രമല്ല, പ്രകൃതിയോടിണങ്ങിയ ഒരു ടൂറിസം കേന്ദ്രം കൂടിയായി ഈ സ്ഥലം മാറണമെന്നായിരുന്നു ആഗ്രഹം.
യോഗയ്ക്കും മെഡിറ്റേഷനും പ്രത്യേക താഴ്വര
ജഡായു പാറയുടെ ഇടതുഭാഗത്ത് ഒരു താഴ്വരയുണ്ട്. അവിടെയും മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. നല്ല തണലും ശാന്തതയുമുള്ള ആ സ്ഥലം യോഗയ്ക്കും മെഡിറ്റേഷനും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാവിലെ എത്തുന്നവർക്ക് സൂര്യനമസ്കാരം ചെയ്യാനും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാനും പ്രത്യേക പ്ലാറ്റ്ഫോമുകൾ ഒരുക്കാനാണ് പദ്ധതി.
ഇവിടത്തെ ടൂറിസം പ്രവർത്തനങ്ങൾ രാവിലെ എട്ടരയോടെയാണ് ആരംഭിക്കുന്നത്. എന്നാൽ, താമസിക്കുന്നവർക്ക് രാവിലെയും രാത്രിയിലും ഈ സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയണം. രാത്രികാല ടൂറിസത്തിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. അതിനുള്ള സാങ്കേതിക കാര്യങ്ങളിൽ പഠനം നടക്കുകയാണ്. പകൽ ദൂരത്തുനിന്നെത്തി കണ്ടുപോകുന്നവർക്കൊപ്പം ഇവിടെ തങ്ങാനും അനുഭവങ്ങൾ ആസ്വദിക്കാനും ആഗ്രഹിക്കുന്നവർക്കും അവസരമൊരുക്കണം.
എന്റെ ജഡായു കഴുകനല്ല, പരുന്താണ്!
ജഡായുവിനെ കഴുകനായല്ല, പരുന്തായാണ് ശിൽപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പേരിൽ വിമർശനങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അതൊന്നും ഞാൻ വലിയ കാര്യമായി എടുക്കുന്നില്ല. എനിക്ക് ഇഷ്ടപ്പെട്ടത് പരുന്തിനെയാണ്. ഒ.എൻ.വി. കുറുപ്പ് സാർ ഉൾപ്പെടെയുള്ളവരുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. പഴയ പുരാണചിത്രങ്ങളിലും വടക്കേ ഇന്ത്യയിലെ ചിത്രീകരണങ്ങളിലും ജഡായുവിനെ പരുന്തിന്റെ രൂപത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്.
രാമായണത്തിന് പല വ്യാഖ്യാനങ്ങളുള്ളതുപോലെ ജഡായുവിനും പല വ്യാഖ്യാനങ്ങളുണ്ട്. സമ്പാതിയും ജഡായുവും സഹോദരന്മാരാണ്. ഗരുഡന്റെ കുടുംബവുമായി ബന്ധമുള്ളവരാണെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളുമുണ്ട്. അങ്ങനെയാകുമ്പോൾ പരുന്തിന്റെ രൂപത്തിൽ ജഡായുവിനെ സങ്കൽപ്പിക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ വിശ്വാസം.
പേടിപ്പെടുത്തിയിരുന്ന പാറയിൽ രാത്രി താമസം
ജഡായു ശിൽപത്തിന്റെ നിർമാണം തുടങ്ങിയ കാലത്ത് ഈ 65 ഏക്കർ പ്രദേശവും സാമൂഹികവിരുദ്ധരുടെ പിടിയിലായിരുന്നു. വൈകുന്നേരം അഞ്ചുമണിക്കുശേഷം പാറയുടെ മുകളിലേക്ക് ആരും പോകരുതെന്നും അപകടങ്ങൾ ഉണ്ടാകുമെന്നും പല കഥകളും പ്രചരിച്ചിരുന്നു. അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്കും ഭയമുണ്ടായിരുന്നു. വൈകുന്നേരമായാൽ അവർ നേരത്തേ മടങ്ങിപ്പോകും. അതോടെ നിർമാണം വൈകി.
അപ്പോഴാണ് തൊഴിലാളികൾക്ക് ഇവിടെത്തന്നെ താമസിക്കാനുള്ള സൗകര്യം ഒരുക്കിയാൽ എങ്ങനെയിരിക്കുമെന്ന് ആലോചിച്ചത്. രാവിലെ നേരത്തേ ജോലി തുടങ്ങാനും സന്ധ്യവരെ തുടരാനും കഴിയുമായിരുന്നു. അങ്ങനെ ചെയ്താൽ അവർക്ക് കൂടുതൽ കൂലിയും ലഭിക്കും. എന്നാൽ ഇവിടെ രാത്രി താമസിക്കാൻ തൊഴിലാളികൾക്ക് ധൈര്യമുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാനും കുറച്ചുപേരും ഇവിടെ താമസിക്കാൻ തീരുമാനിച്ചത്.
കരുണാകര ഗുരുവിന്റെ അനുഗ്രഹവും ധൈര്യവുമായിരുന്നു എനിക്ക് കരുത്ത്. തുടർച്ചയായി പത്തുദിവസത്തോളം ഇവിടെ താമസിച്ചു. ആദ്യമായി ഇവിടെ രാത്രി താമസിച്ചത് 11.11.11 എന്ന തീയതിയിലായിരുന്നു. അത് പ്രത്യേകതയുള്ള ദിവസമാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നില്ല ഇവിടെ എത്തിയത്. ഇവിടെ കയറിയശേഷം ഒരു സുഹൃത്താണ് ആ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ച് വിളിച്ചുപറഞ്ഞത്.
വെല്ലുവിളി നിറഞ്ഞ നിർമാണ കാലം
അന്നത്തെ കാലത്ത് ഇന്നത്തെപ്പോലെ സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത്രയും ഉയരത്തിൽ നിർമാണ സാമഗ്രികൾ എത്തിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പാറയുടെ മറുവശത്തുനിന്ന് ഒരു വിഞ്ച് സംവിധാനം ഒരുക്കി. അതിലൂടെ ചെറിയ ബക്കറ്റുകളിൽ കമ്പിയും സിമന്റും മണലുമെല്ലാം പലതവണയായി മുകളിലെത്തിക്കുകയായിരുന്നു.
ആദ്യമായി ഒരു ലോഡ് മണൽ മുകളിലെത്തിച്ച് സംഭരിച്ചിരുന്നു. എന്നാൽ വൃശ്ചികമാസത്തിലെ ശക്തമായ കാറ്റ് വീശിയപ്പോൾ ഒരു ദിവസം രാവിലെ വന്നുനോക്കിയപ്പോൾ മണൽ മുഴുവൻ പറന്നുപോയിരുന്നു. തമിഴ്നാട് ഭാഗത്തുനിന്ന് കൊല്ലം ജില്ലയിലേക്കും പാലക്കാട്ടേക്കുമൊക്കെ വീശുന്ന ശക്തമായ കാറ്റായിരുന്നു അത്. പിന്നീട് മണൽ ചാക്കുകളിൽ നിറച്ച് സൂക്ഷിക്കാനാരംഭിച്ചു. ഓരോ പ്രതിസന്ധിയിൽനിന്നും ഓരോ പാഠങ്ങൾ പഠിച്ചാണ് മുന്നോട്ടുപോയത്.
ആദ്യത്തെ രണ്ട് നിലകൾ നിർമിക്കുന്നതുവരെ വിശ്രമിക്കാൻപോലും സൗകര്യമുണ്ടായിരുന്നില്ല. വെയിലിലും മഴയിലും മഞ്ഞിലും ജോലി ചെയ്യേണ്ടിവന്നു. ആദ്യത്തെ നിലയുടെ ഒരു ഭാഗം പൂർത്തിയായപ്പോഴാണ് ചെറിയൊരു തണൽ ലഭിച്ചത്. ഇന്ന് ജഡായുവിന്റെ വാലിനുള്ളിലുള്ള ആ ഭാഗം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അതൊരു ദിവ്യമായ ഇടമായി ഞാൻ സൂക്ഷിച്ചിട്ടുണ്ട്. അവിടെ ധ്യാനം ചെയ്യാറുണ്ടായിരുന്നു. ഇപ്പോഴും ഇവിടെ വരുമ്പോൾ അവിടെ ഇരുന്ന് മെഡിറ്റേഷൻ ചെയ്യാറുണ്ട്.
സിനിമയേക്കാൾ വലിയ അനുഭവം
ജഡായു നിർമിക്കാൻ തീരുമാനിച്ച ആ നിമിഷം ഓർക്കുമ്പോൾ ഇന്നും സന്തോഷം തോന്നും. പാറയുടെ മുകളിൽ ഇത്രയും വലിയൊരു ശിൽപം സ്ഥാപിക്കാൻ കഴിയുമോ എന്ന് മനസ്സിൽ സങ്കൽപ്പിച്ച സമയത്തായിരുന്നു യഥാർഥ ആവേശം. പിന്നീട് നിർമാണം തുടങ്ങിയപ്പോൾ അത് മറ്റൊരു അനുഭവമായി. സാധനങ്ങൾ മുകളിലെത്തിക്കാനുള്ള ബുദ്ധിമുട്ട്, സാമ്പത്തിക പ്രതിസന്ധികൾ, എതിർപ്പുകൾ, പ്രകൃതിയുടെ വെല്ലുവിളികൾ... എല്ലാം നേരിടേണ്ടിവന്നു.
കടലിന്റെ നടുക്കിലൂടെ സഞ്ചരിക്കുന്ന ഒരു കപ്പലിന് ദൂരെ കര കാണുമ്പോഴുള്ള അവസ്ഥപോലെയായിരുന്നു അത്. കരയിലേക്ക് എത്തണമെന്ന ഒരേയൊരു ചിന്തയോടെ മുന്നോട്ടുപോകുകയായിരുന്നു. അതൊരു വലിയ അനുഭവമാണ്. ഈ യാത്രയിലെ സംഭവങ്ങളെല്ലാം ഒരിക്കൽ എഴുതിവെക്കണമെന്ന് ആഗ്രഹമുണ്ട്. ഒരുപാട് സംഭവബഹുലമായ അനുഭവങ്ങളാണ് അതിലുള്ളത്. എല്ലാ കലാസൃഷ്ടികൾക്കും പിന്നിൽ ഇത്തരം തിരിച്ചടികളും പ്രതിസന്ധികളും ഉണ്ടാകും. അവയെല്ലാം അതിജീവിച്ചാണ് മുന്നോട്ടുപോകുന്നത്.
പ്രധാനമന്ത്രിയും രാമായണം സിനിമയിലെ താരങ്ങളും എത്തും
ജഡായു പാറ കാണാൻ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഡൽഹിയിൽവെച്ച് കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രിയെ കണ്ടിരുന്നു. സുരേഷ് ഗോപിയാണ് അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്തിയത്. ജഡായു ശിൽപത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു.
ശിൽപത്തിന്റെ ദൃശ്യങ്ങൾ കാണിച്ചപ്പോൾ അദ്ദേഹത്തിന് ഏറെ താത്പര്യം തോന്നി. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെപ്പോലും ഈ മാതൃക കാണിച്ചുകൊടുത്ത് അവിടെയും സമാനമായ പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ച് സംസാരിച്ചുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഉടൻ ജഡായു പാറ സന്ദർശിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. സുരേഷ് ഗോപിയും അദ്ദേഹത്തോടൊപ്പം വരുമെന്നാണ് പ്രതീക്ഷ.
പ്രധാനമന്ത്രി ഇവിടെയെത്തണമെന്ന നിർദേശവും ഒരു യോഗത്തിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ അതിനുമുമ്പ് കേന്ദ്രമന്ത്രിയുടെ സന്ദർശനവും മറ്റ് ഒരുക്കങ്ങളും നടക്കേണ്ടതുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് വലിയ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യമാണ്. അതുകൊണ്ട് അതിന് കുറച്ചുസമയം വേണ്ടിവരും.
രാമായണം സിനിമയിലെ രാമന്റെയും രാവണന്റെയും വേഷങ്ങൾ അവതരിപ്പിച്ച താരങ്ങൾക്കും ജഡായു പാറ സന്ദർശിക്കാൻ താൽപര്യമുണ്ടെന്നാണ് അറിയുന്നത്. രാവണന്റെ വേഷം ചെയ്ത യാഷ് അമേരിക്കയിലായിരിക്കുമ്പോൾ ഒരു സ്വകാര്യ സ്വീകരണ ചടങ്ങിൽവെച്ച് മലയാളികൾ ജഡായുവിനെക്കുറിച്ച് ചോദിച്ചിരുന്നു. നാട്ടിലെത്തിയാൽ ഇവിടെ വരാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായാണ് അറിയാൻ കഴിഞ്ഞത്. കേരളത്തിലെ സിനിമാ വിതരണക്കാരും ഇക്കാര്യത്തിൽ സംസാരിച്ചിട്ടുണ്ട്. രാമനെയും രാവണനെയും അവതരിപ്പിച്ച താരങ്ങളെ ഇവിടെ എത്തിക്കാനാണ് ആലോചന.
അവർക്ക് ഹെലികോപ്റ്ററിൽ ഇവിടെ എത്താനുള്ള സൗകര്യമുണ്ട്. ഹെലിപാഡും ഇവിടെയുണ്ട്. എന്നാൽ അത്തരമൊരു സന്ദർശനമുണ്ടായാൽ വലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നത് വെല്ലുവിളിയായിരിക്കും. മാധ്യമങ്ങൾക്കും മറ്റും പ്രവേശനം നൽകാൻ കഴിയും. പൊതുജനങ്ങൾക്ക് പ്രവേശനം നൽകാൻ കഴിയുമോ എന്നത് അന്നത്തെ സാഹചര്യത്തെ ആശ്രയിച്ചിരിക്കും.
അടുത്ത ലക്ഷ്യം രവീന്ദ്രൻ മാഷിന്റെ ശിൽപം
ഇപ്പോൾ മറ്റൊരു ശിൽപത്തിന്റെ ജോലികളിലാണ്. രവീന്ദ്രൻ മാഷുമായി ബന്ധപ്പെട്ട സംഗീതശിൽപമാണത്. ഒരു നൊട്ടേഷൻ ബുക്കിൽ ചാരിവെച്ചിരിക്കുന്ന വയലിൻ എന്ന ആശയത്തിലാണ് ശിൽപം ഒരുക്കുന്നത്. വലിയൊരു വയലിനായിരിക്കും അത്. പുസ്തകത്തിന് രണ്ട് നിലയുടെ ഉയരമുണ്ടാകും. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സ്വഭാവത്തിലുള്ള ദൃശ്യങ്ങളും സംഗീതവും ഉൾപ്പെടുത്തും. ആളുകൾക്ക് അവിടെ സമയം ചെലവഴിക്കാനും സംഗീതം ആസ്വദിക്കാനും കഴിയുന്ന തരത്തിലാണ് രൂപകൽപ്പന.
ജഡായു ശിൽപംപോലെതന്നെ അകത്തും പുറത്തും ഉപയോഗിക്കാവുന്ന ഇടങ്ങളുണ്ടാകും. കുളത്തുപ്പുഴ ആറിന്റെയും മറുകരയിലെ റിസർവ് വനത്തിന്റെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും കഴിയും. അദ്ദേഹത്തിന്റെ സംഗീതം കേൾക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. എന്നാൽ ഇനി ചെയ്യാനുള്ള ഏറ്റവും വലിയ ആഗ്രഹം സിനിമയാണ്. അതിനായി ഒരുപാട് കാര്യങ്ങൾ ആലോചിച്ചുവെച്ചിട്ടുണ്ട്. നമ്മുടെ ആരോഗ്യവും സമയവും നോക്കണം. ഒരു അമാനുഷികനൊന്നുമല്ലല്ലോ നമ്മൾ. നമ്മുടെ കഴിവിനും സാഹചര്യത്തിനും അനുസരിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഏറ്റെടുക്കേണ്ടത്.
ഇനിയും ഒരുപാട് പദ്ധതികൾ ബാക്കി
ജഡായു പാറയിൽ ഇനിയും ഒരുപാട് പദ്ധതികൾ നടപ്പാക്കാനുണ്ട്. അകത്തെ തിയേറ്ററും മ്യൂസിയവും പൂർത്തിയാക്കണം. യോഗ വില്ലേജ്, ആയുർവേദ കേന്ദ്രം, റിസോർട്ട്, താമസസൗകര്യങ്ങൾ എന്നിവയും പദ്ധതിയിലുണ്ട്. പെർഫോമൻസ് തിയേറ്ററും കൾച്ചറൽ സെന്ററും ഒരുക്കണമെന്നാണ് ആഗ്രഹം. ഇതെല്ലാം പൂർത്തിയാകുന്നതോടെ കൂടുതൽ വിപുലമായ ടൂറിസം കേന്ദ്രമായി ജഡായു പാറ മാറും.
ഇപ്പോൾ ഇവിടേക്ക് എത്തുന്ന ആളുകളുടെ തിരക്ക് കാണുമ്പോൾ വലിയ സമാധാനമുണ്ട്. സാമ്പത്തികമായി ഇനിയും ഒരുപാട് കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. എന്നാൽ ഈ പദ്ധതി ഒരിക്കലും പരാജയപ്പെടില്ലെന്ന ആത്മവിശ്വാസം ഇപ്പോഴുണ്ട്. സിനിമയ്ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയും ജഡായുവിനെ തേടിയെത്തുന്ന ആളുകളുടെ എണ്ണവും ആ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.
Content Highlights: Filmmaker and sculptor Rajiv Anchal reflects on the global recognition of Chadayamangalam's Jatayu sculpture fueled by recent Ramayana movies, recounts the arduous journey of building the monument, hints at potential visits by Prime Minister Narendra Modi and actor Yash, and reveals his next monumental tribute to legendary composer Raveendran Master.
Published: 29 Nov 2026, 05:18 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented