
'രാമേശ്വരത്തെ മഹാദേവനെ തൊഴുത് നേരേ കാശിയിലേക്ക്. അവിടെ വിശ്വാനാഥനെക്കണ്ട് വണങ്ങിയാൽ സകല പാപങ്ങൾക്കും പരിഹാരം. രാമായണ പാരായണത്തിനിടെ അച്ഛൻ പറയുന്ന വാക്കുകളാണിത്. കുഞ്ഞുനാളിലെ ഇതുകേട്ട് വളർന്നത് കൊണ്ടാകാം ഇങ്ങനെയൊരു ആഗ്രഹം ജനിച്ചത്. ഇപ്പോഴാണ് അതിന് സാധിച്ചത്. ഒരുദിവസംപോലും വിശ്രമത്തിന് മാറ്റിവയ്ക്കാതെ നടന്നുനടന്ന് ഒടുവിൽ കാശിയിലെത്തി. ഗംഗയിൽ മുങ്ങി വിശ്വാനാഥനെ തൊഴുതു.' കാഞ്ഞങ്ങാട് വാഴക്കോട്ടെ പുതുമന ഇല്ലത്തെ കർഷകസഹോദരങ്ങൾ വി.പി. വിഷ്ണു നമ്പൂതിരിയും വി.പി. പരമേശ്വരൻ നമ്പൂതിരിയും രാമേശ്വരം-കാശി യാത്രയെക്കുറിച്ച് വിവരിക്കുകയാണ്. രാമേശ്വരംമുതൽ കാശിവരെ നടന്നാണ് പോയത്. 97 ദിവസത്തെ യാത്ര. 2459 കിലോമീറ്റർ ദൂരം. വിഷ്ണു നമ്പൂതിരിക്ക് വയസ്സ് 66. അനുജൻ പരമേശ്വരൻ നമ്പൂതിരിക്ക് 64 തികയുന്നു.
പ്രായത്തിന്റെ പ്രയാസമൊന്നും നടത്തത്തിലുണ്ടായിരുന്നില്ലെന്നും മനസ്സിന്റെ കരുത്തിൽ മറ്റെല്ലാം മറന്നുവെന്നും ഇവർ പറയുന്നു. ഇവിടെനിന്ന് രാമേശ്വരത്തേക്കും കാശിയിൽനിന്ന് നാട്ടിലേക്കും തീവണ്ടി യാത്ര. കഴിഞ്ഞ മൂന്നുമാസത്തിലേറെ നീണ്ട യാത്രയ്ക്കൊടുവിൽ നാട്ടിലെത്തി വീണ്ടും കൃഷിപ്പണിക്കിറങ്ങി ഇരുവരും. രണ്ടുപേരുടെയും ജീവിതത്തിൽ ഇങ്ങനെയൊരു നടത്തം ഇതാദ്യമാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ നടന്നു. ദിവസവും 20 മുതൽ 30 കിലോമീറ്റർ വരെ നടക്കും. ഹൈസ്‌കൂൾ വിദ്യാഭ്യാസമേ ഇരുവർക്കുമുള്ളൂ.
തമിഴും തെലുഗും മറാഠിയും ഹിന്ദിയും... ഭാഷകളും ഭക്ഷണങ്ങളുമെല്ലാം മാറിക്കൊണ്ടേയിരുന്നു. നടത്തത്തിന് ഗൂഗിൾ മാപ്പും സംസാരത്തിന് ഗൂഗിൾ തർജമയും ഉപയോഗപ്പെടുത്തി. അതതു ദിവസം താമസിച്ചത് വഴിയരികിലെ ഭജനമന്ദിരത്തിലും സത്രങ്ങളിലുമൊക്കെ. തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം, കുംഭകോണത്തെ ക്ഷേത്രങ്ങൾ, ചിദംബരത്തെ നടരാജക്ഷേത്രം തുടങ്ങി വലിയ തീർഥാടനകേന്ദ്രങ്ങളിലൊക്കെയെത്തി. വാഴക്കോട് പുതുമന ഇല്ലത്തെ കൃഷ്ണൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മക്കളാണിവർ. സാവിത്രി അന്തർജനമാണ് വിഷ്ണുനമ്പൂതിരിയുടെ ഭാര്യ. പരേതയായ ഗീതയാണ് പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യ. വിഷ്ണുനമ്പൂതിരിയുടെ മകൻ മനോജും പരമേശ്വരൻ നമ്പൂതിരിയുടെ മകൻ സനൽകുമാറും ഐടി എൻജിനീയർമാരാണ്.
Content Highlights: pilgrimage of farmer brothers from rameswaram to kashi
Published: 08 Jan 2026, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented