
'കുമ്പളങ്ങി നൈറ്റ്‌സ്' എന്ന സിനിമ ഈ ഗ്രാമത്തിന്റെ രാത്രി കാഴ്ചകള്‍ വരച്ചിട്ടിരുന്നു. എന്നാല്‍, കാലം കടന്നതോടെ, കുമ്പളങ്ങി രാത്രികളുടെ ചിത്രം മാറുകയാണ്. കുമ്പളങ്ങിയുടെ രാത്രികള്‍ ഇപ്പോള്‍ ബംഗാളി ചെറുപ്പക്കാരുടേതു കൂടിയാണ്. രാത്രിയില്‍ ബംഗാളി തൊഴിലാളികള്‍ വന്നില്ലെങ്കില്‍ കുമ്പളങ്ങിയുടെ ചീനവലകളൊന്നും ചലിക്കില്ല. അതാണ് സ്ഥിതി.
കുമ്പളങ്ങിയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ മുഖ്യ വരുമാന മാര്‍ഗങ്ങളിലൊന്നായിരുന്നു ചെറിയ ചീനവലകള്‍. കായലോരത്തെല്ലാം ചീനവലകള്‍ ഇപ്പോഴുമുണ്ട്. പക്ഷേ, അവിടെയൊന്നും നാട്ടുകാരായ തൊഴിലാളികളെ കാണാനില്ല. രാത്രിയായാല്‍ കായല്‍ ബംഗാളികളുടേതാണ്. സന്ധ്യയോടെ ചീനവലത്തട്ടുകളില്‍ കയറുന്ന ബംഗാളി ചെറുപ്പക്കാര്‍ വലയിലേക്ക് വരുന്ന മീനിനെ കാത്തിരിക്കുന്നു. രാത്രിയാണവര്‍ക്ക് പകല്‍.ഒരു പോള കണ്ണടയ്ക്കാതെ പുലരുവോളം അവര്‍ പണിയെടുക്കുന്നു. പുലര്‍ച്ചെ സഞ്ചി നിറയെ മീനുമായി മടങ്ങുന്നു. കുമ്പളങ്ങിയുടെ രാത്രിജീവിതം ഇപ്പോള്‍ ബംഗാളികളുടേതു കൂടിയാണ്.
ഉറക്കമില്ലാത്ത ചീനവലകള്‍
കുമ്പളങ്ങിക്കായലില്‍ എഴുനൂറോളം ചീനവലകളാണുള്ളത്. മിക്കതും കുമ്പളങ്ങിക്കാരുടേതാണ്. അടുത്ത കാലംവരെ ഇതിലൊക്കെ ജോലി ചെയ്തിരുന്നത് നാട്ടുകാര്‍ തന്നെ. എന്നാല്‍, ഇപ്പോള്‍ ചീനവലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ 90 ശതമാനവും അതിഥി തൊഴിലാളികളാണ്. അതില്‍ത്തന്നെ ഭൂരിഭാഗവും ബംഗാളികള്‍. ഇവരൊന്നും നാട്ടില്‍ ചീനവലകള്‍ കണ്ടിട്ടുള്ളവരല്ല. ഇവരിലേറെപ്പേരും ചീനവലകള്‍ കാണുന്നതുതന്നെ കുമ്പളങ്ങിയില്‍ എത്തിയപ്പോഴാണ്.
മീന്‍ കുറഞ്ഞതോടെ, നാട്ടിലെ തൊഴിലാളികള്‍ നിരാശയിലായിരുന്നു. ചീനവല വലിക്കുന്ന പണിയോട് നാട്ടുകാര്‍ക്ക് താത്പര്യം കുറഞ്ഞു. ആ സമയത്താണ് ബംഗാളി തൊഴിലാളികളുടെ വരവ്. പണി അവര്‍ ഏറ്റെടുത്തു. പിന്നെ കുമ്പളങ്ങിയുടെ ചീനവല ചരിത്രവും മാറി.
പക്കം നോക്കില്ല, വലിയോടുവലി
നാട്ടുകാര്‍ നാളും പക്കവും നോക്കിയാണ് വല ഇടുക. ഓരോ കാലത്തും മീന്‍ വരുന്നതിന് സമയമുണ്ട്. നാളും പക്കവുമൊക്കെ പഴമക്കാരായ തൊഴിലാളികള്‍ക്കറിയാം. എന്നാല്‍, ബംഗാളിക്ക് ഇതൊന്നും പ്രശ്‌നമല്ല. തട്ടേല്‍ കയറിയാല്‍ നിര്‍ത്താതെ വലിയാണ്. സന്ധ്യയോടെ തുടങ്ങുന്ന വലി നിര്‍ത്തുന്നത് നേരം പുലരുമ്പോള്‍ മാത്രം. പക്കം നോക്കിനിന്നാല്‍ കാര്യം നടക്കില്ലെന്നാണ് ബംഗാളി ചെറുപ്പക്കാരുടെ പക്ഷം. സാധാരണ രാത്രിയില്‍ മൂന്നോ, നാലോ മണിക്കൂര്‍ നേരമാണ് നാട്ടുകാരായ തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്. വലകളുടെ ചുമതല ബംഗാളികള്‍ ഏറ്റെടുത്തതോടെ, 10-12 മണിക്കൂര്‍ പണി നീളുന്നു. തുടര്‍ച്ചയായി വലയില്‍ പണിയെടുക്കുന്ന ബംഗാളിയെ കണ്ട് നാട്ടുകാര്‍ ഞെട്ടി. വലകള്‍ ഓരോന്നായി ബംഗാളികള്‍ക്ക് വഴിമാറി. ആദ്യം വന്ന ബംഗാളികള്‍, പിന്നീട് അവരുടെ കൂട്ടുകാരെയൊക്കെ കുമ്പളങ്ങിയിലേക്ക് കൊണ്ടുവന്നു. ഇപ്പോള്‍ മുന്നൂറില്‍പ്പരം ബംഗാളികള്‍ കുമ്പളങ്ങിയിലുണ്ട്. ഏതാണ്ടെല്ലാവര്‍ക്കും ചീനവലകളിലാണ് പണി.
ദാ വരുന്നു, പഴയ നാടന്‍ മീനുകള്‍
ഇലച്ചില്‍, കതിരാന്‍, നച്ചറ, ഒറത്തല്‍, പ്രാഞ്ഞില്‍ തുടങ്ങി കുമ്പളങ്ങിക്കായലിലെ പഴയ മീനൊക്കെ തിരിച്ചുവരുകയാണ്. കുറെക്കാലമായി ഇതൊക്കെ കണ്ടിരുന്നില്ല. വാസ്തവത്തില്‍ ഈ മീനൊക്കെ കായലിലുണ്ടായിരുന്നു. അവയെ പിടിക്കാനുള്ള സംവിധാനമില്ലാത്തതായിരുന്നു പ്രശ്‌നം. പക്കമൊന്നും നോക്കാതെ രാത്രി ഉറക്കമൊഴിച്ചിരുന്ന് ബംഗാളികള്‍ അവയെ കണ്ടെത്തുകയായിരുന്നു. പണ്ടൊക്കെ ചീനവലകളില്‍ കിട്ടിയിരുന്നത് ചെമ്മീന്‍ മാത്രമാണ്. കൂടെ കുറച്ച് മീനുണ്ടാകും. ബംഗാളികള്‍ വന്നതോടെ, മീനിന്റെ ഉത്പാദനവും കൂടിയെന്ന് പറയാം.
ബംഗാളിയെ കണ്ടുണരുന്ന ചന്തകള്‍
കുമ്പളങ്ങിയുടെ രാത്രികള്‍ മാത്രമല്ല, പുലരികളും മാറുകയാണ്. പുലര്‍ച്ചെ ചീനവലകളില്‍ നിന്നെഴുന്നേല്‍ക്കുന്ന ബംഗാളി ചെറുപ്പക്കാര്‍ നേരേ പോകുന്നത് ഇല്ലിക്കല്‍ കവലയിലെ ചന്തയിലേക്കാണ്. പഴയ സൈക്കിളുകളിലാണ് ഇവരുടെ വരവ്. സൈക്കിളില്‍ വലിയ സഞ്ചിയുണ്ടാകും. അതില്‍ നിറയെ മീനും.
ഇല്ലിക്കല്‍ ചന്തയില്‍ മീന്‍ ലേലം ചെയ്യാന്‍ സൗകര്യങ്ങള്‍ കൂടി. ഒരുപാട് കച്ചവടക്കാര്‍ വരുന്നു. ബംഗാളികളുടെ സഞ്ചികള്‍ ചൊരിഞ്ഞിട്ട് കച്ചവടം. ഇത് വലിയൊരു മീന്‍ മാര്‍ക്കറ്റായി മാറുന്നു. നേരം പുലര്‍ന്നാല്‍ ഇവരുടെ പണി കഴിഞ്ഞു. പകല്‍സമയത്ത് മറ്റ് ജോലികള്‍ ചെയ്യുന്നവരും ബംഗാളികളുടെ കൂട്ടത്തിലുണ്ട്. കുമ്പളങ്ങിയില്‍ പല പ്രദേശത്തായി വാടകയ്ക്ക് താമസിക്കുകയാണിവരെല്ലാം.
കിട്ടുന്നതില്‍ പാതി
കിട്ടുന്നതില്‍ പാതി എന്ന ധാരണയിലാണ് ബംഗാളികള്‍ ജോലി ചെയ്യുന്നത്. പഴയ നാടന്‍ തൊഴിലാളികളൊക്കെ മുതലാളിമാരായി മാറിയെന്നു പറയാം. പണിയെടുക്കുന്ന ബംഗാളി മീന്‍ വിറ്റ് പണവുമായി വരും. അതിന്റെ പകുതി വലയുടെ ഉടമകള്‍ക്ക് കിട്ടും. രണ്ടുപേര്‍ക്കും ലാഭം.
ഏതായാലും ചീനവലകള്‍ ബംഗാളികള്‍ ഏറ്റെടുത്തതോടെ, കുമ്പളങ്ങിയുടെ മത്സ്യമേഖലയുടെ രീതികള്‍ തന്നെ മാറി. ബംഗാളികള്‍ കുമ്പളങ്ങിയുടെ ചരിത്രം മാറ്റിയെഴുതുകയാണ്.
Content Highlights: kumbalangi chinese fishing nets operated migrant workers kerala
Published: 02 Feb 2024, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented