ചൈന യാത്രക്ക് ഒരുങ്ങിയപ്പോള്‍ മുതല്‍ മനസ്സില്‍ വന്‍മതില്‍ ഒരു സ്വപ്നമായിരുന്നു. ലോക മഹാത്ഭുതങ്ങളില്‍ ഒന്നായി പാഠപുസ്തകങ്ങളില്‍നിന്നും കേട്ടറിഞ്ഞ മഹാസൃഷ്ടി നേരില്‍ കാണാനുള്ള കൗതുകം കൂടിക്കൂടി വന്നു. ഷാങ് ഹായിലെ മൂന്ന് ദിവസത്തെ കാഴ്ചകള്‍ക്കുശേഷം ബെയ്ജിങ്ങില്‍ എത്തിയതിന്റെ രണ്ടാം നാള്‍ വന്‍മതില്‍ കാണാന്‍ യാത്ര തിരിച്ചു. ബെയ്ജിങ്ങിലെ ഹോട്ടലില്‍ നിന്നും രാവിലെ ആറരക്ക് ബസില്‍ യാത്ര തുടങ്ങി. 70 കിലോമീറ്റര്‍ അകലെയുള്ള ബേഡ് ലിങ് വന്‍മതില്‍ ഭാഗമാണ് ഞങ്ങള്‍ കാണാന്‍ പോകുന്നത്. 

To advertise here,

വന്‍മതിലില്‍ ഏറ്റവും പൂര്‍ണതയുള്ള ഭാഗങ്ങള്‍ ബെയ്ജിങ്ങിലാണ്. ഇവിടെയുള്ള എട്ട് സെക്ഷനുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മിങ് രാജാവംശത്തിന്റെ കാലത്ത് നിര്‍മ്മിച്ച ബേഡ് ലിങ്ങിലുള്ള 7.6 കിലോമീറ്റര്‍ നീളമുള്ള വന്‍മതില്‍ ഭാഗമാണ്. അതുകൊണ്ട് തന്നെ ബെയ്ജിങ് കാണാന്‍ എത്തുന്ന സഞ്ചാരികള്‍ യാങ് ചിങ് ജില്ലയിലെ ജുന്റു മലനിരകളിലുള്ള ബേഡ് ലിങ് വന്‍മതില്‍ ആണ് തിരഞ്ഞെടുക്കുക. രാവിലെ എട്ടുമണിയോടെ ബേഡ് ലിങ് വന്‍മതിലിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ എത്തി. അവിടെയെത്തും മുമ്പേ മലനിരകളില്‍ വന്‍മതിലിന്റെ വിദൂരദൃശ്യം കാണാന്‍ കഴിഞ്ഞിരുന്നു. 

ബസില്‍ നിന്നിറങ്ങി 500 മീറ്റര്‍ നടന്നപ്പോള്‍ ബേഡ് ലിങ് മതിലിന്റെ പ്രവേശന കവാടത്തിലെത്തി. ടൂര്‍ ഗൈഡ് ലുലു(ചൈനീസ് പേര് വേറെയാണ്. വിളിക്കാന്‍ സൗകര്യത്തിന് അവര്‍ തന്നെ ഇട്ട പേരാണ് ലുലു) ഞങ്ങളുടെ പാസ് പോര്‍ട്ടുകള്‍ ശേഖരിച്ച് ടിക്കറ്റ് കൗണ്ടറിലെത്തി. പ്രവേശന കവാടം വരെയുള്ള വഴിയില്‍ ഇരുവശത്തും കച്ചവടക്കാരുണ്ട്. മധുര പലഹാരങ്ങള്‍, ഉണക്കി സൂക്ഷിച്ച പഴങ്ങള്‍, വന്‍മതിലിന്റെ ചെറിയ മാതൃകകള്‍, ബാഗുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന നിരവധി കടകള്‍. ടിക്കറ്റുമായി കവാടത്തില്‍ എത്തിയപ്പോള്‍ പാസ്‌പോര്‍ട്ട് പരിശോധിച്ച് ഉള്ളിലേക്ക് കടത്തി വിട്ടു. പിന്നെ കല്‍പടവുകള്‍ താണ്ടിയുള്ള യാത്ര ആയിരുന്നു.

മിങ് രാജവംശത്തിന്റെ കാലത്ത് 1504-ല്‍ നിര്‍മ്മിച്ച ബേഡ് ലിങ് വന്‍മതിലിന് നാലു മുതല്‍ അഞ്ചു മീറ്റര്‍ വരെ വീതിയും പരമാവധി 7.8 മീറ്റര്‍ ഉയരവുമാണുള്ളത്. കൗതുകത്തോടെ കല്പടവുകള്‍ കയറാന്‍ തുടങ്ങി. പടവുകളെല്ലാം കുത്തനെയുള്ളതാണ്. പിടിച്ചു കയറാന്‍ മധ്യഭാഗത്ത് ഇരുമ്പ് പൈപ്പ് ഇട്ടിട്ടുണ്ട്. പൈപ്പില്‍ പിടിച്ചു പതിയെ കയറി. കുത്തനയുള്ള കയറ്റത്തിനൊടുവില്‍ ഒരു ടവര്‍ കണ്ടു. അവിടെ അല്‍പ്പം വിശ്രമിച്ചു. പിന്നീട് വീണ്ടും കയറ്റും. മുന്നിലും പിറകിലുമായി നൂറുകണക്കിന് സഞ്ചാരികളുണ്ട്. അവര്‍ക്കൊപ്പം മുന്നോട്ട് കയറാന്‍ തുടങ്ങി. 

കുത്തനെയുള്ള കയറ്റങ്ങള്‍ വന്നതോടെ അധികം വൈകാതെ ക്ഷീണം തോന്നിത്തുടങ്ങി. ഏതാണ്ട് രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്ത് നടത്തം അവസാനിപ്പിച്ചു. വന്‍മതില്‍ കയറ്റം അത്ര ഈസിയല്ല. കുത്തനെയുള്ള പടികള്‍ കയറുമ്പോള്‍ വല്ലാത്ത ക്ഷീണം തോന്നും. ടവറുകള്‍ ഉള്ളിടത്ത് മാത്രമാണ് വെയില്‍ കൊള്ളാതെ നില്‍ക്കാനാവുക. വന്‍മതില്‍ കയറ്റം തുടങ്ങിയാല്‍ പിന്നെ വെള്ളമോ സ്‌നാക്‌സോ ഒന്നും കിട്ടില്ല. അതുകൊണ്ട് ആവശ്യത്തിന് വെള്ളവും ലഘുഭക്ഷണവും കരുതുന്നത് നല്ലതാണ്. ഇവിടെ മതില്‍ കാണാന്‍ കേബിള്‍ കാര്‍ സൗകര്യവും ഉണ്ട്.

വന്‍മതിലില്‍ നിന്നുള്ള കാഴ്ചകള്‍ മനോഹരമാണ്. ബേഡ് ലിങ് വന്‍മതിലില്‍ നിന്നും മുകളിലേക്ക് മാത്രമല്ല വശങ്ങളിലേക്കും മതിലിന്റെ ശാഖകളുണ്ട്. ചുറ്റുമുള്ള മലകള്‍ക്ക് മുകളിലൂടെ അതങ്ങനെ നീണ്ട് നിവര്‍ന്നു കിടക്കുന്നു. വന്മതിലില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വരുന്നത് ബേഡ് ലിങ് സെക്ഷനിലാണ്. ഇവിടെ മ്യൂസിയം, സിനിമ ഹാള്‍ എന്നിവയുമുണ്ട്.

വന്‍ മതില്‍ ചരിത്രം

ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയുടെ വന്‍മതില്‍ ചൈന ഭരിച്ചിരുന്ന ചിങ് രാജവംശത്തിന്റെ കാലത്ത് ബിസി 221-206-ലാണ് നിര്‍മ്മിക്കുന്നത്. നാട്ടു രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു ഏകീകൃത ചൈന സാമ്രാജ്യം രൂപവത്കരിച്ച ചിന്‍ ഷെ ഹ്വാങ് ചക്രവര്‍ത്തിയാണ് മതിലിന്റെ നിര്‍മാണം തുടങ്ങിയത്. പിന്നീട് മിങ് രാജവംശത്തിന്റെ കാലത്ത് (1368-1644) മതിലിന്റെ പ്രധാന ഭാഗങ്ങള്‍ നിര്‍മിച്ചു. നാടോടികളായ ഗോത്ര വര്‍ഗക്കാരില്‍നിന്നും രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണ് അന്നത്തെ രാജാക്കന്മാര്‍ വന്‍മതില്‍ നിര്‍മ്മിച്ചത്. 

പുരാതന ചൈനയിലെ 15 സംസ്ഥാനങ്ങളിലൂടെ, കിഴക്ക് ബൊഹായ് കടല്‍ മുതല്‍ പടിഞ്ഞാറ് ഗോപി മരുഭൂമി വരെ നീണ്ടുകിടക്കുന്ന വന്‍മതിലിന്റെ ആകെ ദൂരം 21296 കിലോമീറ്ററാണ്. ഏതാണ്ട് 2000 വര്‍ഷങ്ങള്‍ കൊണ്ടാണ് മതില്‍ നിര്‍മാണം പൂര്‍ത്തിയായത്. ഓരോ സംസ്ഥാനത്തെയും അതിര്‍ത്തിയിലെ മലകള്‍ക്ക് മുകളിലൂടെ വളഞ്ഞും പുളഞ്ഞും പോകുന്ന വന്‍മതില്‍ ഒറ്റയ്‌ക്കൊരു മതില്‍ അല്ല. പ്രധാന മതിലും ശാഖകളുമായ് പലവഴിക്കായ് നീണ്ടുപോകുന്നു. 

പാറ, ഇഷ്ടിക, മരത്തടി എന്നിവയൊക്കെ കൊണ്ടാണ് മതില്‍ നിര്‍മിച്ചിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് വേണ്ടി നിര്‍മിച്ച വന്‍മതിലില്‍ നിരീക്ഷണ ടവറുകള്‍ ആണ് കൂടുതലായുമുള്ളത്. പിന്നെ തീപിടിത്തം ഉണ്ടാവുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനുള്ള പ്ലാറ്റ്‌ഫോം, സൈനികര്‍ക്ക് മറഞ്ഞിരുന്ന് ശത്രുക്കള്‍ക്ക് നേരെ അമ്പെയ്യാനുള്ള സ്ഥലം എന്നിവയുമുണ്ട്. ഓരോ ടവറുകളിലും താഴേക്കും മറ്റും ഇറങ്ങാനുള്ള രഹസ്യവഴികളും നല്‍കിയിട്ടുണ്ട്.

2007-ലാണ് ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നായി വന്‍മതിലിനെ തിരഞ്ഞെടുത്തത്. 10051 സെക്ഷനുകള്‍ ആയി 21196 കിലോമീറ്റര്‍ നീളമാണ് വന്മതിലിന് ഉള്ളതെങ്കിലും പൂര്‍ണതോതിലുള്ള മതില്‍ എന്ന രീതിയില്‍ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്നത് ഇതില്‍ 8850 കിലോമീറ്ററാണ്. 1949-ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന നിലവില്‍ വന്ന ശേഷമാണ് വന്‍മതില്‍ കൂടുതലായി സംരക്ഷിക്കാന്‍ തുടങ്ങിയത്. ചൈനയുടെ അഭിമാനമായി വന്മതിലിനെ പ്രഖ്യാപിക്കുകയും നവീകരണ പ്രവൃത്തികള്‍ക്ക് ശേഷം 1957-ല്‍ ബേഡ് ലിങ് വന്മതില്‍ ഭാഗം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പിന്നീട് 1970-ല്‍ വന്‍മതിലിന്റെ മുഴുവന്‍ ഭാഗങ്ങളും വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു.