ഷാങ്ഹായിലെ പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമ്പോള്‍ രാത്രി എട്ടര കഴിഞ്ഞിരുന്നു. എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് വേഗം പുറത്തിറങ്ങാന്‍ ഉള്ള ഓട്ടത്തില്‍ ആയിരുന്നു എല്ലാവരും. എട്ട് ദിവസത്തെ ചൈനീസ് യാത്രയുടെ ആദ്യ ദിവസം ഷാങ് ഹായ് മാഗ് ലെവ് എന്ന് അറിയപ്പെടുന്ന മാഗ്‌നറ്റിക് ട്രെയിന്‍ യാത്രയായിരുന്നു നിശ്ചയിച്ചിരുന്നത്. രാത്രി 9.42-നാണ് ട്രെയിനിന്റെ അവസാന സര്‍വീസ്.

To advertise here,

ഞങ്ങളുടെ യാത്രാസംഘത്തിന്റെ ഗൈഡ് എസ്തര്‍ വിമാനത്താവളത്തിന് പുറത്ത് ഞങ്ങളെ വരവേറ്റു. വളരെ വേഗത്തില്‍ വിമാനത്താവളത്തിന് ചേര്‍ന്നുള്ള മാഗ് ലെവ് ട്രെയിനിന്റെ സ്റ്റേഷനില്‍ എത്തി. ടിക്കറ്റ് എല്ലാം എസ്തര്‍ നേരത്തെ എടുത്തിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. ജീവിതത്തിലെ ആദ്യ മാഗ്‌നെറ്റിക് ട്രെയിന്‍ അനുഭവം നേരിട്ട് ആസ്വദിക്കാന്‍ ഞങ്ങള്‍ 38 പേരും തയ്യാറായി. കണ്‍വെയര്‍ ബെല്‍റ്റിലൂടെ സ്റ്റേഷനിനുള്ളിലെത്തിയപ്പോഴേക്കും ട്രാക്കില്‍ ട്രെയിന്‍ കിടക്കുന്നു. ഞങ്ങള്‍ ഓരോരുത്തര്‍ ആയി തീവണ്ടിയുടെ ഉള്ളിലേക്ക് കയറി. കാഴ്ച്ചയില്‍ ബുള്ളറ്റ് ട്രെയിന്‍ പോലെ. ഉള്ളില്‍ നല്ല ഭംഗിയായി അലങ്കരിച്ച കോച്ചുകള്‍. വിമാനത്തിലേതുപോലെ മികച്ച സീറ്റുകള്‍. 

തീവണ്ടി പുറപ്പെടുന്ന അറിയിപ്പ് വന്നു. പിന്നെ പെട്ടെന്ന് വണ്ടി മുന്നോട്ടുനീങ്ങി. നിമിഷങ്ങള്‍ക്കകം കുതിച്ചുപായുകയും ചെയ്തു. എട്ട് മിനിറ്റ് കൊണ്ട് 29.86 കിലോമീറ്റര്‍ അകലെയുള്ള ലോങ്ങ് യാങ് റോഡ് സ്റ്റേഷന്‍ എത്തി. ട്രെയിനിന്റെ വിശേഷങ്ങള്‍ എസ്തര്‍ക്ക് വിശദീകരിക്കാന്‍ പോലും ആവും മുന്നേ ഞങ്ങള്‍ക്ക് ഇറങ്ങേണ്ടി വന്നു. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം ആയിരുന്നു ട്രെയിന്‍ യാത്രയെന്ന് യാത്രാ സംഘത്തിലെ മുതിര്‍ന്ന അംഗമായ കോഴിക്കോട് കൊയിലാണ്ടി തിരുവങ്ങൂര്‍ സ്വദേശി ഉണ്ണി മാധവന്‍ പറഞ്ഞു.

ഷാങ് ഹായ് മാഗ് ലെവ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡവലപ്പ്‌മെന്റ് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മാഗ് ലെവ് ട്രെയിന്‍ 2002 ഡിസംബര്‍ 31-നാണ് സര്‍വീസ് തുടങ്ങുന്നത്. ട്രാന്‍സ് റാപ്പിഡ് എന്ന ജര്‍മന്‍ കമ്പനിയാണ് ഇതിന്റെ ടെക്‌നോളജി വികസിപ്പിച്ചത്. സാധാരണ റെയില്‍വേ ട്രാക്കിന് പകരം കാന്തിക ശക്തിയുള്ള ട്രാക്ക് ഉപയോഗിച്ച് റെയില്‍ പാളത്തില്‍ ടച്ച് ചെയ്യാതെയാണ് മാഗ് ലെവ് ട്രെയിന്‍ ഓടുന്നത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ ആണ് വേഗത. 2021-ല്‍ മണിക്കൂറില്‍ 431 കിലോമീറ്റര്‍ വേഗത കൈവരിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിന്‍ എന്ന റെക്കോര്‍ഡും സൃഷ്ടിച്ചു.

ട്രാക്കിലും തീവണ്ടിയുടെ മുന്നിലും പിറകിലും ഘടിപ്പിച്ച ഇലക്ട്രോ മാഗ്‌നറ്റുകള്‍ സൃഷ്ടിക്കുന്ന കാന്തിക പാതയിലൂടെയാണ് മാഗ് ലെവ് ട്രെയിനുകള്‍ കുതിച്ചുപായുന്നത്. നിലവില്‍ ചൈനക്ക് പുറമെ സൗത്ത് കൊറിയ, ജപ്പാന്‍ രാജ്യങ്ങളില്‍ മാത്രമാണ് മാഗ് ലെവ് ട്രെയിന്‍ ഉള്ളത്.

ഷാങ് ഹായില്‍ മാഗ് ലെവ് ട്രെയിന്‍ വിമാനത്താവള സ്റ്റേഷന്‍ മുതല്‍ ഷാങ് ഹായ് മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്ന ലോങ്ങ് യാങ് റോഡ് സ്റ്റേഷന്‍ വരെയാണ് സര്‍വീസ് നടത്തുന്നത്. വിമാനത്താവളത്തിന് ചേര്‍ന്ന് തന്നെ ഇതിനുള്ള അറ്റകുറ്റപ്പണി കേന്ദ്രവും ഉണ്ട്. മൂന്ന് മുതല്‍ അഞ്ചു കോച്ച് വരെയുള്ള മാഗ് ലെവ് ട്രെയിനില്‍ 959 പേര്‍ക്ക് യാത്ര ചെയ്യാം.

മഗ് ലെവ് ട്രെയിന്‍ പദ്ധതിക്ക് പണച്ചെലവ് കൂടുതലാണ്. ഇലക്ട്രോ മാഗ്‌നറ്റുകള്‍ ഘടിപ്പിച്ച പ്രത്യേകം ട്രാക്കുകളും തീവണ്ടിയും വേണമെന്നതിനാല്‍ വ്യാപകമായി സര്‍വീസ് നടത്തുന്നത് വലിയ നഷ്ടം വരുത്തുമെന്നാണ് പറയുന്നത്. 

അതുകൊണ്ടാണ് ഷാങ് ഹായില്‍ മാത്രമായി സര്‍വീസ് ചുരുക്കിയതെന്ന് പറയുന്നു. രാവിലെ 6.45 മുതല്‍ രാത്രി 9.42 വരെ ഓരോ 20 മിനിറ്റിലും ഒരു സര്‍വീസ് വീതം നടത്തുന്നു. സാങ്കേതികവിദ്യകൊണ്ടു ലോകത്തെ വിസ്മയിപ്പിക്കുന്ന ചൈനയെ സംബന്ധിച്ച് മാഗ് ലെവ് ട്രെയിന്‍ സര്‍വീസ് ഒരു അഭിമാനസ്തംഭം കൂടിയാണ്. ചൈനയിലെ ഏറ്റവും വലിയ വാണിജ്യ-വ്യവസായ നഗരമായ ഷാങ് ഹായില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പുതിയൊരു അനുഭവം പകര്‍ന്നു നല്‍കാന്‍ അവര്‍ മാഗ് ലെവ് ട്രെയിനെ നന്നായി ഉപയോഗിക്കുകയും ചെയ്യുന്നു.