നേരം സന്ധ്യയായാല്‍ കുമ്പളങ്ങിയിലേക്ക് ജനങ്ങളുടെ ഒഴുക്കാണ്. ഇത്തിരിപ്പോന്ന കുമ്പളങ്ങിയുടെ വഴികളിലെല്ലാം ഒഴുകുന്നത് ചെമ്മീന്‍ പാടങ്ങളിലേക്ക്. രാത്രിയുടെ ഇരുളില്‍ ചെമ്മീന്‍ പാടങ്ങളില്‍ പൂക്കുന്ന കവര് കാണാനുള്ള ഒഴുക്കാണിത്. കൂരിരുട്ടില്‍ പാടങ്ങളില്‍ വിരിയുന്ന നീലവെളിച്ചം ജനത്തിന്റെ ഹൃദയം കവരുകയാണ്.
കടുത്ത വേനല്‍ക്കാലത്ത് ഉപ്പ് നിറഞ്ഞ പാടങ്ങളിലെ വെള്ളത്തിന് തിളങ്ങുന്ന നീല നിറമാകും. ഉപ്പിന്റെ സാന്ദ്രത കൂടുമ്പോള്‍ നീലനിറത്തില്‍ വെള്ളം കൂടുതല്‍ തിളങ്ങും. വെള്ളത്തെ അനക്കുമ്പോഴാണ് ഈ നിറം കാണാനാകുക. വെള്ളത്തിലൂടെ നടന്നാലും, കയ്യില്‍ വെള്ളം കോരിയെടുത്താലുമൊക്കെ ഈ നീലവെളിച്ചത്തെ നമുക്ക് അറിയാനാകും. ഇരുട്ടില്‍ അത് മനോഹരമായ കാഴ്ചയാണ്. പാടങ്ങളുടെ അഴകാണത്. ഈ അഴക് സഞ്ചാരികളെ മാടി വിളിക്കുകയാണ്.
കായലിലെ തണുത്ത വെളിച്ചം

പണ്ട് കാലം മുതല്‍ തന്നെ കുമ്പളങ്ങിയില്‍ കവര് കാണുന്നുണ്ട്. നാട്ടുകാര്‍ക്ക് അത് വലിയ കാഴ്ചയല്ല. വേനല്‍ക്കാലത്തെ സാധാരണ സംഭവം മാത്രം. എന്നാല്‍ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം പുറത്തിറങ്ങിയതോടെ, കവരിന്റെ തലയെഴുത്ത് മാറുകയായിരുന്നു. ചിത്രത്തിലെ പാടവും, നീലവെളിച്ചവുമൊക്കെ പുതുതലമുറ ഏറ്റെടുക്കുകയായിരുന്നു. ആ സമയത്താണ് കവര് കാണാന്‍ കുമ്പളങ്ങിയിലേക്ക് ഒഴുക്ക് തുടങ്ങിയത്. സീസണില്‍ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം കൂടിയായപ്പോള്‍, കവര് വലിയ കാഴ്ചയായി മാറി.
ടൂറിസം വഴിയിലെ നീലവെളിച്ചം
കവര് ഒരു ടൂറിസം പ്രോഡക്ടായി കണ്ട്, കവര് കാണാന്‍ നല്ല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കുമ്പളങ്ങി പഞ്ചായത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ ലക്ഷ്യം നടപ്പായിട്ടില്ല. കവര് കാണാന്‍ ചെറുപ്പക്കാര്‍ രാത്രികാലത്ത് ഒഴുകിയെത്തുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന പാടങ്ങളിലാണ് കവര് കാണുന്നത്. അങ്ങനെയുള്ള സ്ഥലങ്ങളിലൊക്കെ ജനം ഇടിച്ച് കയറുന്നുണ്ട്. എന്നാല്‍ ഇതൊക്കെ പലപ്പോഴും പ്രദേശവാസികള്‍ക്ക് ശല്യമായി മാറുന്നുണ്ട്. അവര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ വരുമാന മാര്‍ഗമാക്കി ഈ പ്രതിഭാസത്തെ മാറ്റേണ്ടതുണ്ട്.

ആളുകളുടെ ഒഴുക്ക് പലപ്പോഴും പോലീസിന് തലവേദനയാകുന്നുണ്ട്. ഇടയ്ക്ക് പോലീസ് ചില നിയന്ത്രണങ്ങള്‍ വച്ചതും, രാത്രികാലത്ത് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കവര് കാണാന്‍ വേണ്ടത്ര സൗകര്യമൊരുക്കലാണ് ആവശ്യം. ആളുകള്‍ വരുന്നത് തടയുന്ന വിധത്തിലുള്ള ഇടപെടലുകള്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കാന്‍ പഞ്ചായത്താണ് ശ്രമിക്കേണ്ടത്. ഇതിനെ ടൂറിസവുമായി ബന്ധപ്പെടുത്തി, ആളുകള്‍ക്ക നല്ല സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ കഴിയണം. അതുപോലെ നാടിന് വരുമാനം ലഭിക്കുന്ന വിധത്തില്‍ കവരിനെ ഉപയോഗപ്പെടുത്തുകയും വേണം. കുമ്പളങ്ങിയുടെ ടൂറിസം വികസനത്തിനുള്ള വഴിയായി മാറും, ഈ നീലവെളിച്ചം.
Content Highlights: bioluminescent nights in kumbalangi kochi
Published: 13 Mar 2024, 11:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented