സമരത്തെത്തുടര്‍ന്ന് അടച്ചിട്ട ബാണാസുര സാഗര്‍ ഡാം, വന്യമൃഗാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന ഇക്കോ ടൂറിസംകേന്ദ്രങ്ങള്‍ നാളുകളായി നിശ്ചലമാണ് ജില്ലയിലെ വിനോദസഞ്ചാര മേഖല. ഡി.ടി.പി.സി.ക്ക് കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തുറക്കുന്നത്.
ഇക്കോ ടൂറിസംകേന്ദ്രങ്ങള്‍ അടയ്‌ക്കേണ്ടിവന്നത് സുരക്ഷ കണക്കിലെടുത്താണെന്ന് ആശ്വസിക്കാം. ബാണാസുര സാഗര്‍ ഡാം ആളനക്കമില്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് 21 ദിവസം കഴിഞ്ഞു. തൊഴിലാളികളുടെ സമരമാണ് കാരണം. സമരം തുടങ്ങി ഇത്രനാള്‍ പിന്നിട്ടിട്ടും തുറക്കാനായി യാതൊരു ഇടപടലും ആരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്നതാണ് മറ്റൊരു വിഷയം. ജില്ലാ ടൂറിസം എംപ്ലോയീസ് യൂണിയന്റെ (സി. ഐ.ടി.യു.) നേതൃത്വത്തില്‍ ഫെബ്രുവരി അഞ്ചിനാണ് സമരംതുടങ്ങിയത്.
രണ്ടുതവണ അധികൃതരും തൊഴിലാളികളും ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. സമരം ഇപ്പോഴും തുടരുന്നു. ഹൈഡല്‍ ടൂറിസത്തിന്റെകീഴിലെ ഇത്രയുംശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രം തുറക്കാന്‍ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുപോലും ഇടപെടലുകള്‍ ഉണ്ടാവുന്നില്ലെന്നാണ് ആക്ഷേപം.
ആളൊഴിഞ്ഞു; കോടികള്‍ നഷ്ടം
പ്രതിദിനം ഒട്ടേറെയാളുകള്‍ വന്നുപോയിക്കൊണ്ടിരുന്ന ബാണാസുര ഇന്ന് വിജനമാണ്. കവാടത്തിനു മുന്നിലെ സമരപ്പന്തലിലും ഇടയ്ക്കിടെ വന്നുമടങ്ങുന്ന വാഹനങ്ങളുമൊഴിച്ചാല്‍ മറ്റു ശബ്ദകോലാഹലങ്ങളൊന്നുമില്ല. സാധാരണദിവസങ്ങളില്‍ 3000 മുതല്‍ 4000 വരെയും അവധിദിവസങ്ങളില്‍ 10,000 മുതല്‍ 12,000 വരെയും സഞ്ചാരികള്‍ ഡാമിലെത്താറുണ്ടെന്നാണ് കണക്ക്. ഫെബ്രുവരി അഞ്ചുമുതല്‍ ഇതുവരെ ഒന്നരക്കോടിയോളം രൂപയാണ് വരുമാനനഷ്ടമായി കണക്കാക്കുന്നത്. ചെറുകിട കച്ചവടക്കാര്‍, ഹോട്ടല്‍, ഹോംസ്റ്റേ അങ്ങനെ ഡാം കേന്ദ്രീകരിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തിയവര്‍ക്കും ഇപ്പോള്‍ കഷ്ടപ്പാടിന്റെ കണക്കുകള്‍മാത്രമാണ് പറയാനുള്ളത്.
ഓട്ടോറിക്ഷാ തൊഴിലാളികള്‍വരെ ഡാമിന്റെ ഭാഗമാണ്. ബാണാസുരയുടെ അടച്ചിടല്‍ സാധാരണക്കാരുടെ ജീവിതംകൂടിയാണ് നിശ്ചലമാക്കിയത്. എന്നിട്ടുപോലും ഇടയ്ക്കിടെ ചര്‍ച്ച നടത്തുകയല്ലാതെ ഡാം പഴയപോലെ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടിയുള്ള ഇടപെടലിന് ആരും മുന്‍കൈയെടുക്കുന്നില്ലെന്നാണ് പരാതി.
ഒന്നില്‍നിന്ന് തുടങ്ങേണ്ടി വരും
പരീക്ഷാക്കാലമൊക്കെയായതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ നേരിയ കുറവ് സാധാരണമാണ്. എന്നാല്‍ ബാണാസുര സാഗര്‍ഡാം ഉള്‍പ്പെടെ അടഞ്ഞുകിടക്കുന്നത് വലിയ നഷ്ടമുണ്ടാക്കിയതായാണ് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ (ഡബ്ല്യു.ടി.ഒ.) വിലയിരുത്തല്‍. ബാണാസുരഡാം അടച്ചതിനെത്തുടര്‍ന്ന് റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവയില്‍ ബുക്കിങ് റദ്ദാക്കല്‍വരെ ഉണ്ടായി.
വന്യമൃഗാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വേഗത്തില്‍ തുറക്കാന്‍ സമ്മര്‍ദം ചെലുത്തുക പ്രായോഗികമല്ല. പക്ഷേ, ബാണാസുര സാഗര്‍ ഡാം തുറക്കാന്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഡബ്ല്യു.ടി.ഒ. പ്രസിഡന്റ് കെ.ആര്‍. വാഞ്ചീശ്വരന്‍ പറഞ്ഞു. തുടര്‍ച്ചയായുള്ള വന്യമൃഗാക്രമണങ്ങള്‍, അടച്ചിടല്‍ എന്നിവ സഞ്ചാരികളുെട വരവിനെ ബാധിച്ചു. അവധിക്കാലമായ ഏപ്രില്‍, മേയ് മാസങ്ങളില്‍ കൂടുതല്‍ സഞ്ചാരികളെത്താന്‍ പ്രചാരണപരിപാടികള്‍ നടത്തേണ്ടിവരുമെന്നും കെ.ആര്‍. വാഞ്ചീശ്വരന്‍ പറഞ്ഞു.

പട്ടിണിയിലേക്കാണ് പോക്ക്
സമരം ഇന്നല്ലെങ്കില്‍ നാളെ തീരുമെന്ന് കരുതി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. വരുമാനംനിലച്ച് കൈയിലുള്ള പണമൊക്കെ തീര്‍ന്ന് പട്ടിണിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്- ഡാമിന്റെ പരിസരത്ത് ചായക്കടയും ഐസ്‌ക്രീം കച്ചവടവും നടത്തുന്ന കെ.എം. അനീഷ് പറഞ്ഞു.
ഇതുപോലെ ഒട്ടേറെ കച്ചവടക്കാരുടെ കടകളാണ് ഡാമിന്റെ മുന്നിലൂടെയുള്ള റോഡരികില്‍ മൂടിക്കെട്ടിവെച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ സമരംതീരുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ കണക്കുകൂട്ടലുകളൊക്കെ തെറ്റി. കച്ചവടം നടക്കാത്തത് കാരണം വരുമാനമില്ല. കടയിലെ സാധനങ്ങള്‍ നശിച്ചവകയില്‍ വേറെ നഷ്ടം-കച്ചവടക്കാരനായ അബ്ദുള്‍ മുനീര്‍ പറഞ്ഞു.
ന്യായമായ ആവശ്യങ്ങളൊന്നും നടപ്പിലാക്കിയില്ല
കാലങ്ങളായി ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കാതെ വന്നതോടെയാണ് തൊഴിലാളികള്‍ക്ക് ഡാം അടച്ചിട്ട് സമരം ചെയ്യേണ്ടിവന്നതെന്ന് ജില്ലാ ടൂറിസം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) ജില്ലാ ജനറല്‍സെക്രട്ടറി വി.വി. ബേബി പറഞ്ഞു. അന്യായമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, ബാണാസുര സാഗര്‍ ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പല ആവശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും സൂചനാ പണിമുടക്ക് നടത്തുകയും ചെയ്‌തെങ്കിലും പരിഗണിച്ചില്ലെന്നും അതാണ് അടച്ചിടല്‍ സമരത്തിലേക്ക് എത്തിയതെന്നുമാണ് സമരക്കാരുടെ വാദം.
എന്ന് തുറക്കും ഒരു സൂചനയുമില്ല
സമരം തുടങ്ങിയ ആദ്യവാരത്തില്‍ ഒട്ടേറെ വിനോദസഞ്ചാരികളാണ് ഡാമില്‍വന്ന് നിരാശയോടെ മടങ്ങിയത്. സമരം നീണ്ടുപോകുന്നതിനനുസരിച്ച് എത്തുന്ന സഞ്ചാരികളുടെ എണ്ണവുംകുറഞ്ഞു. ഇക്കോ ടൂറിസംകേന്ദ്രങ്ങളുടെ കൂട്ടത്തില്‍ മീന്‍മുട്ടികൂടി അടച്ചതോടെ ഇപ്പോള്‍ ടൂറിസ്റ്റ് ബസുകളൊന്നും ഡാം പരിസരത്തേക്ക് പോകുന്നില്ല. ബാണാസുര ഡാം ഉള്‍പ്പെടെ അടഞ്ഞു കിടക്കുകയാണെന്ന് എല്ലായിടത്തും അറിഞ്ഞു.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായിട്ടും സമരം പരിഹരിക്കപ്പെടാതെ അനിശ്ചിതമായി അടച്ചിടേണ്ടിവന്നത് വിനോദസഞ്ചാര മേഖലയ്ക്ക് തന്നെ പേരുദോഷമുണ്ടാക്കിയെന്ന് വിനോദസഞ്ചാര മേഖലയിലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തന്നെ അഭിപ്രായപ്പെടുന്നുണ്ട്. ഇത്രയൊക്കെ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ഡാം എന്നു തുറക്കും....? തുറക്കാനായി എന്തെങ്കിലും നടപടികളുണ്ടോ..? ഒന്നും ആര്‍ക്കും അറിയില്ല.
Content Highlights: wayanad tourism, Banasura hydel tourism, Banasura sagar dam, eco tourism wayanad
Published: 26 Feb 2024, 11:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented