
ഏഷ്യയിലെ സാഹസികരായ സൈക്കിള് പോരാളികള് പൊന്മുടിക്കുന്നുകളില് അടുത്തയാഴ്ച്ച പൊന്നുതേടിയിറങ്ങും. ഇന്ത്യയിലാദ്യമായി സംഘടിപ്പിക്കുന്ന ഏഷ്യന് മൗണ്ടന് ബൈക്ക് സൈക്ലിങ് ചാമ്പ്യന്ഷിപ്പ് 26 മുതല് 29 വരെ പൊന്മുടിയിലെ മെര്ക്കിന്സ്റ്റണ് എസ്റ്റേറ്റില് നടക്കും. 20 രാജ്യങ്ങളില്നിന്ന് 250-ലേറെ താരങ്ങള് പങ്കെടുക്കും. 2024 പാരിസ് ഒളിമ്പിക്സിന്റെ യോഗ്യതാമത്സരം കൂടിയാണിത്. 25-ന് ഹോട്ടല് ഹൈസിന്തില് സംഘടിപ്പിക്കുന്ന ചടങ്ങില് മുഖ്യമന്ത്രി പിണറായി വിജയന് ചാമ്പ്യന്ഷിപ്പിന്റെ ഉദ്ഘാടനം നിര്വഹിക്കും.
ചെങ്കുത്തായ മലനിരകളില് തേയിലത്തോട്ടത്തിനു നടുവിലൂടെയാണ് മത്സരത്തിനുള്ള ട്രാക്കുകള് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്, ചൈനീസ് ടീമുകള് ഇവിടെ പരിശീലനവും ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില് പാകിസ്താന്, ജപ്പാന്, ഇന്ഡൊനീഷ്യ, കൊറിയ ടീമുകള് പരിശീലനത്തിനിറങ്ങും. മൂന്നുമാസം മുന്പാണ് പൊന്മുടിയില് സൈക്ലിങ് ചാമ്പ്യന്ഷിപ്പിനുള്ള ട്രാക്ക് നിര്മാണം തുടങ്ങിയത്. സ്പോര്ട്സ് കൗണ്സില് മുന് പരിശീലകന് ചന്ദ്രന് ചെട്ട്യാര്, ഇന്ത്യന് പരിശീലകന് കിഷോര് എന്നിവരുടെ നേതൃത്വത്തിലാണ് മലനിരകളിലെ ട്രാക്കൊരുക്കിയത്. തേയിലത്തോട്ടത്തിന്റെ നടവഴികള് കണ്ടെത്തി നാല് കിലോമീറ്ററോളം ദൂരത്തില് വൃത്താകൃതിയിലാണ് അന്താരാഷ്ട്ര നിലവാരമുള്ള ട്രാക്ക് നിര്മിച്ചത്.
മണ്ണുമാന്തി ഉപയോഗിച്ചാണ് വഴിതെളിച്ചത്. സാഹസികത നിറഞ്ഞ മത്സരയിനമായതിനാല് വലിയ സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ഹോട്ടലുകളില് താമസിക്കുന്ന താരങ്ങളെ പോലീസ് അകമ്പടിയോടെ കോണ്വോയ് അടിസ്ഥാനത്തിലാണ് മത്സരദിവസങ്ങളില് പൊന്മുടിയിലെത്തിക്കുക.
ഏഷ്യന് സൈക്ലിങ് കോണ്ഫെഡറേഷന് സെക്രട്ടറി ജനറല് ഓംകാര് സിങ്, സൈക്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ സെക്രട്ടറി ജനറല് മനിന്ദര്പാല് ട്രഷറര് എസ്.എസ്. സുധീഷ്കുമാര്, കേരള സൈക്ലിങ് അസോസിയേഷന് പ്രസിഡന്റ് ബി.ജയപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചാമ്പ്യന്ഷിപ്പിന് മേല്നോട്ടം വഹിക്കുന്നത്. റൂറല് എസ്.പി. ഡി. ശില്പയുടെ നേതൃത്വത്തിലാണ് സ്വരക്ഷയൊരുക്കുന്നത്. 30 പേരടങ്ങുന്ന ഇന്ത്യന് ടീം പരിശീലകരായ കിരണ്, പുനം എന്നിവരുടെ നേതൃത്യത്തില് ഒരു മാസമായി പൊന്മുടിയില് പരിശീലനത്തിലാണ്. നിലവില് ഏഷ്യന് റാങ്കിങ്ങില് എട്ടാം സ്ഥാനത്താണ് ഇന്ത്യന് ടീം.
1.2 കിലോമീറ്റര് ദൈര്ഘ്യം വരുന്ന ഡൗണ്ഹില് മത്സരങ്ങളും 3.2 കിലോമീറ്റര് ദൈര്ഘ്യം വരുന്ന ക്രോസ് കണ്ട്രി മത്സരവുമാണ്, ചാമ്പ്യന്ഷിപ്പിലുണ്ടാവുക.
ക്രോസ് കണ്ട്രി
3.2 കിലോമീറ്റര് ദൂരത്തില് ഏഴ് ലാപ്പുകള് (മലയുടെ താഴെമുതല് മുകള്ഭാഗം വരെയുള്ള സ്ഥലത്ത് 203 മീറ്റര് ഉയരത്തില് വളഞ്ഞും പുളഞ്ഞുമുള്ള പാതയിലൂടെ 3.2 കിലോമീറ്റര് ട്രാക്ക്). എല്ലാ മത്സരാര്ഥികളും ഒന്നിച്ച് ട്രാക്കിലേക്കെത്തും. ഒരേസമയം 40 പേര് വരെ മത്സരിക്കും. ഏഴ് ലാപ്പുകളും ആദ്യം ഓടിച്ചെത്തുന്നയാള് വിജയി. രണ്ട് ടെക്നിക്കല് ഏരിയ ഉണ്ടാകും. ഇവിടെ മത്സരത്തിനിടെ സൈക്കിളിന്റെ ടയറുകളും പാര്ട്സുകളും മാറ്റാന് സംവിധാനം. നിലവിലെ റെക്കോഡുകള് അനുസരിച്ച് 12 മിനിറ്റിനുള്ളില് ഒരു ലാപ്പ് പൂര്ത്തിയാക്കാനാകും. പുരുഷ, വനിതാ വിഭാഗങ്ങളില് അണ്ടര് 18, അണ്ടര് 23, എലിറ്റ് എന്നീ വിഭാഗങ്ങളിലാണ് മത്സരം.
ഡൗണ്ഹില്
അപകടം നിറഞ്ഞ ചെങ്കുത്തായ മലനിരയില് അതിവേഗം സൈക്കിള് ഓടിച്ച് ഫിനിഷ് ചെയ്യുന്ന മത്സരം. 1.2 കിലോമീറ്റര് ഒറ്റ ലാപ്പ്. (മലയുടെ താഴെമുതല് മുകള്ഭാഗംവരെ കുത്തനെയുള്ള സ്ഥലത്ത് 250 മീറ്റര് ഉയരത്തില് ദീര്ഘവൃത്താകൃതിയില് പാതയിലൂടെ 1.2 കിലോമീറ്റര് ട്രാക്ക്) ഓരോ മത്സരാര്ഥിയും പ്രത്യേകം മത്സരിക്കും. കുറച്ചുസമയത്തിനുള്ളില് പൂര്ത്തിയാക്കുന്നയാള് ജേതാവ്. നിലവിലെ റെക്കോഡുകള് അനുസരിച്ച് മൂന്ന് മിനിറ്റിനുള്ളില് ഒരു ലാപ്പ് പൂര്ത്തിയാക്കാനാകും. മത്സരത്തിനിടെ സൈക്കിളിന്റെ ടയറുകളോ മറ്റു ഭാഗങ്ങളോ കേടായാല് മാറ്റാനാകില്ല. പുരുഷ, വനിതാ വിഭാഗങ്ങളില് അണ്ടര് 18, എലിറ്റ് വിഭാഗങ്ങളിലാണ് മത്സരം.
പ്രത്യേകതകള്
ഇറക്കുമതി ചെയ്യുന്ന സൈക്കിള്, ഇലക്ട്രോണിക്സ് ഗിയര് സംവിധാനം, നിര്മ്മാണ വസ്തു- കാര്ബണ് ഫൈബര്
ചെലവ്
സൈക്കിള്- 10 ലക്ഷം രൂപ
ഹെല്മറ്റ്- 23000 രൂപ
എയ്റോ ഡൈനാമിക് ജഴ്സി- 20000 രൂപ
സണ്ഗ്ലാസ് - 15000 രൂപ
സ്പൈക്സ്- 40000 രൂപ
Content Highlights: asian mountain bike championships 2023
Published: 22 Oct 2023, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented