മഞ്ഞ് നീങ്ങി ഹിമവാനെ കണ്‍നിറയെ കാണാനാവുമോ... 17 വര്‍ഷങ്ങള്‍ക്കുശേഷം  വീണ്ടും ആദികൈലാസ യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ മനസ്സ് തുടിച്ചു... യാത്രയ്‌ക്കൊരുങ്ങുന്നത് ആദ്യമായെന്നതുപോലെ ഉത്കണ്ഠ നിറഞ്ഞു. 2005 ലും 2007 ലും മാനസസരോവര്‍ യാത്ര നടത്തിയിരുന്നു. അത് പക്ഷേ കാഠ്മണ്ഡുവില്‍ചെന്ന് അവിടെനിന്നാണ് യാത്ര തുടര്‍ന്നത്. ഇത് ഡല്‍ഹിയിലെത്തി ഭാരതത്തിന്റെ അതിര്‍ത്തിയ്ക്കകത്തുകൂടിയുള്ള യാത്രയാണ്- എഴുത്തുകാരന്‍ ആഷാ മേനോന്‍ ആദികൈലാസയാത്രയുടെ നിമിഷങ്ങള്‍ മനസ്സിലേക്കാവാഹിച്ചു.

To advertise here,

2022-ല്‍ കിന്നര്‍ കൈലാസിലെത്തി ദേവദാരുവൃക്ഷങ്ങള്‍ തീര്‍ത്ത സരഹാന്‍ ക്ഷേത്രം ഉള്‍പ്പെടെ സന്ദര്‍ശിച്ചിരുന്നു. പക്ഷേ, ആദികൈലാസത്തിന്റെ കാഴ്ചകള്‍ അനുഭവിക്കുന്ന ജോളിങ് കോം വരെ യാത്രാസൗകര്യമുള്ള പാതയായിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഒരു യാത്ര ആഗ്രഹിച്ചുതുടങ്ങിയതാണ്. 77-ാം വയസ്സിലും  ദീര്‍ഘയാത്രയോ എന്ന് അടുപ്പമുള്ളവരില്‍ ചിലരെങ്കിലും ശങ്കിച്ചു. പക്ഷേ രീതികള്‍ അറിയാവുന്ന മരുമക്കള്‍ ഒന്നും പറഞ്ഞില്ല. സഹോദരി വീട്ടിലുളളതിനാല്‍ അവര്‍ വീട്ടിലെത്തിയാലല്ലേ എനിക്ക് യാത്രതുടങ്ങാനാവൂ. കുട്ടികള്‍ കൃത്യമായി എത്തി. അതുതന്നെ അവരുടെ യാത്രാനുമതിയെന്ന് കണക്കാക്കി- ആഷാ മേനോന്‍ പറഞ്ഞു.

വിഹ്വലമായ സ്വപ്നം
1998-ലാണ് ആദ്യമായി കൈലാസയാത്രയ്ക്ക് ഒരുങ്ങുന്നത്. യാത്രയുടെ 11-ാംഗ്രൂപ്പിലേക്കായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. വൈദ്യപരിശോധന, ട്രെഡ്മില്‍ ടെസ്റ്റ് ഇതൊക്കെ കഴിഞ്ഞു. ഡല്‍ഹിയിലേക്ക് ടിക്കറ്റും ബുക്ക് ചെയ്തു. പക്ഷേ ദിവസങ്ങള്‍ക്കുമുമ്പ് ഒരു ദിവസം രാത്രി വളരെ വിഹ്വലമായ ഒരു സ്വപ്നം കണ്ട് ഞെട്ടിയെഴുന്നേറ്റു. അന്നുവരെ വായിച്ചുമാത്രം അറിഞ്ഞിട്ടുള്ള യാത്രാമാര്‍ഗ്ഗത്തില്‍ വലിയതോതില്‍ മഞ്ഞിടിഞ്ഞുവീഴുന്നതായിരുന്നു സ്വപ്നം.

placeholder
ആഷാ മേനോന്‍
ആഷാ മേനോന്‍

പിറ്റേന്നുതന്നെ യാത്രാ ടിക്കറ്റ് റദ്ദാക്കി. ആ സ്വപ്നമുണ്ടാക്കിയ മാനസിക ആഘാതത്തെക്കാള്‍ കൂടുതല്‍ അധീരനായിപ്പോയോ എന്ന ലജ്ജയായിരുന്നു കീഴടക്കിയതെന്ന് ആഷാമേനോന്‍ ഇന്നും ഓര്‍ക്കുന്നു. 15 ദിവസത്തിനുശേഷം ഞെട്ടിക്കുന്ന വാര്‍ത്ത വന്നു. ഞാനുള്‍പ്പെടേണ്ടിയിരുന്ന യാത്രികര്‍ ''മാള്‍പ്പയില്‍'' നടന്ന മഞ്ഞിടിച്ചിലില്‍ ഇല്ലാതായി എന്നയിരുന്നു ആ വാര്‍ത്ത. പ്രസിദ്ധ നര്‍ത്തകി പ്രൊതിമാ ബേദി ഉള്‍പ്പെടെയുള്ളവരായിരുന്നു ആ അപകടത്തില്‍ അകപ്പെട്ടിരുന്നത്. മാധ്യമങ്ങളിലൊക്കെ ആ വാര്‍ത്ത വന്നത് ഞെട്ടലോടെയാണ് കണ്ടത്.

ആഗ്രഹിച്ച യാത്ര
ജോളിങ്ങ് കോം വരെ യാത്രാ സൗകര്യം ശരിയായെന്ന വിവരം 2022 ല്‍ ശംഭുപോറ്റിയില്‍നിന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മനസ്സ് യാത്രയ്ക്കായി ആഗ്രഹിച്ചു. ശബരിമല മേല്‍ശാന്തിയായിരുന്ന ദാമോദരന്‍ പോറ്റിയുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ പ്രചോദനമായി. ആദ്യഘട്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം മേയ് 30 ന് വീട്ടില്‍ നിന്ന് പുറപ്പെട്ട് തീവണ്ടിയില്‍ ഡല്‍ഹിയിലെത്തി. ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഹിമവാന്റെ മടിത്തട്ടിലുള്ള കാത്‌ഗോതം താഴ്വരയില്‍ ജൂണ്‍ രണ്ടിനാണ് എത്തിയത്. ദര്‍ച്ചുല, നഭിധാങ് ക്യാംപുകളിലൊക്കെ നല്ല അനുഭവങ്ങളായിരുന്നു.

ദര്‍ച്ചുലയില്‍ നിന്ന് നാലുദിവസത്തെക്കാണ് ആദികൈലാസ് യാത്ര. കാലാവസ്ഥയിലുണ്ടാവുന്ന അപ്രതീക്ഷിതമാറ്റങ്ങളാണ് ഈ മേഖലയുടെ സവിശേഷത. ഭാഗ്യത്തിനെന്നു പറയാം തികച്ചും തെളിഞ്ഞ കാലാവസ്ഥ.  

തിരുവനന്തപുരത്തുനിന്ന് അച്ഛനുമമ്മയ്ക്കുമൊപ്പം എത്തിയ ദേവശ്രീ എന്ന ഏഴുവയസ്സുകാരിയായിരുന്നു സംഘത്തിലെ പ്രായംകുറഞ്ഞ അംഗം. പ്രായംകൂടിയ ആള്‍ ആഷാ മേനോനും. ശബരിമല മേല്‍ശാന്തിമാരായിരുന്ന ദാമോദരന്‍പോറ്റി, മുരളീധരന്‍ നമ്പൂതിരി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. പണിക്കര്‍ ട്രാവല്‍സിലെ മുന്‍ മാനേജരായിരുന്ന ചൗഹാന്‍,അവസരം കിട്ടിായലെല്ലാം നല്ല രുചിക്കൂട്ടൊരുക്കാന്‍ തത്പരനായിരുന്ന കോട്ടയം കുറുച്ചിയിലെ ദേവികാ കാറ്ററേഴ്‌സിലെ സുരേഷ്,..ശംഭുപോറ്റി... യാത്ര എപ്പോഴും മറക്കാനാവാത്തതാക്കുന്നത് ഇത്തരം സൗഹൃദങ്ങള്‍ തന്നെ.

ഗിരിശൃംഗങ്ങളിലെ ആദികൈലാസം
ജോളിങ്ങ്‌കോമിലെ ചെറിയ ടൗണ്‍ഷിപ്പില്‍നിന്നുതന്നെ ആദി കൈലാസം കാണാനാവും. പലരും അവിടെ സൂര്യോദയം കാണാന്‍ പോവാറുണ്ട്. സ്വര്‍ണവര്‍ണ്ണത്തിലുള്ള ഉദയസൂര്യനെ ഇവിടെനിന്ന് കാണാനാവുമെന്ന് പറഞ്ഞറിഞ്ഞു. ഞങ്ങളുടെ സംഘം എത്തുമ്പോള്‍ ഒമ്പത് പത്തുമണിയായിരുന്നു.   ആഷാ മേനോന്‍ എന്ന എഴുത്തുകാരനെ വായിച്ചറിഞ്ഞിരുന്ന  തിരുവനന്തപുരം സ്വദേശിനി ലേഖ, ഭര്‍ത്താവ് അജിത്, തൃപ്പൂണിത്തുറയിലെ രമ തമ്പുരാന്‍.... ഈ യാത്ര നല്കിയ പ്രിയസൗഹൃദങ്ങള്‍ക്ക് നന്ദിയുണ്ട്. ജോളിങ്ങ് കോമില്‍ നിന്ന് രണ്ടുകിലോമീറ്ററോളം നടന്നാല്‍  പാര്‍വ്വതീസരോവര്‍ എന്ന സ്ഥലത്തെത്തും. വലിയ കയറ്റമൊന്നുമല്ല. അവിടേക്കുള്ള യാത്ര നല്കുന്ന ആഹ്ലാദം പറഞ്ഞറിയിക്കാനാവില്ല.    

ജോളിങ്ങ് കോമില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഓം പര്‍വ്വതത്തിന്റെ താഴ്വരയിലും   എത്തി. മഞ്ഞുമൂടിയ ഹിമവാന്‍, യാത്രയിലുടനീളം കൂടെയുള്ള കാളീ നദി. കാളീ നദിക്കരയിലെ ശിവന്‍ മുഖ്യ പ്രതിഷ്ഠയായ കാളീ ക്ഷേത്രം, ഇവിടെയൊന്നും ആര്‍ക്കും ഒരു തിരക്കുമില്ല. ശാന്തമായിരുന്ന്  ധ്യാനിക്കാനും സമയം കിട്ടും. യാത്രയ്ക്കിടയില്‍ യാത്രികരെയല്ലാതെ പ്രദേശവാസികളെ കാണാനാവില്ല. ചെറിയ അങ്ങാടികളില്‍  പീടികകളില്‍ മാത്രമാണ് അന്നാട്ടുകാരെ കണ്ടത്. മനസ്സിന് പകരുന്ന അദ്ധ്യാത്മിക ഊര്‍ജം തന്നെയാണ് യാത്രകള്‍.

ആത്മീയം എന്നതിനൊപ്പം ശാരീരികം കൂടിയാണാ ഊര്‍ജ്ജം. മനസ്സിനും ശരീരത്തിനുമുള്ള ശുശ്രൂഷകളാണ് യാത്രകള്‍. ശാരീരികമായ പിഴച്ചില്‍ കൂടിയാവും യാത്രകള്‍. യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ മനസ്സുതന്നെ പ്രധാനം. ഒരു അടിപോലും  പതറാതിരിക്കാന്‍ മനസ്സിനെ ശക്തിപ്പെടുത്തണം. ജൂണ്‍ 11 കൊല്ലങ്കോട്ട് തിരിച്ചെത്തുമ്പോഴും കാഴ്ചകള്‍ മനസ്സ് നിറയെയുണ്ട്. ഇനി ഇതെല്ലാം കുറിച്ചിടണം.

യാത്രകള്‍ നല്കുന്നത് മാനസിക ഊര്‍ജമെന്നതുപോലെ അരക്ഷിതത്വ ബോധം കൂടിയാണ്. ആള്‍ക്കൂട്ടമുണ്ടെങ്കിലും നാം തനിച്ചാണെന്ന ഓര്‍മ്മപ്പെടുത്തല്‍. പ്രതിസന്ധികളെ തരണംചെയ്യേണ്ടത് അവനവന്‍ തനിച്ചാണെന്ന ബോധ്യം.