
എന്നും വൈകീട്ട് മലകയറി ക്ഷേത്രമുറ്റത്തെത്തുന്ന കാട്ടാന. കാക്കകള്‍ ഇല്ലാതായിപ്പോയ മലയോരം. വര്‍ഷം മുഴുവന്‍ മഞ്ഞ് പെയ്യുന്ന കര്‍ണാടകയുടെ ഹിമാവദ്. അതിനുള്ളിലൊരു ശ്രീകൃഷ്ണ പ്രതിഷ്ഠ. ഐതിഹ്യങ്ങളും യാഥാര്‍ഥ്യങ്ങളും കൂട്ടുചേര്‍ന്ന വിസ്മയകഥകളുടെ ലോകമായിരുന്നു ഗോപാല്‍സ്വാമി ബെട്ടയിലേക്കുള്ള യാത്രാവഴി തുറന്നത്. ബൈക്കില്‍ കോഴിക്കോട്ട് നിന്നും മൂന്ന് മണിക്കൂര്‍ 57 മിനുറ്റെന്ന ദീര്‍ഘയാത്രയെക്കുറിച്ച് ഗൂഗിള്‍ ഓര്‍മിപ്പിച്ചിരുന്നുവെങ്കിലും യാത്രാകാഠിന്യത്തെ അലിയിച്ചുകളയുന്ന എന്തെങ്കിലുമൊക്കെ ഗോപാല്‍സ്വാമി മലനിരകള്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാകുമെന്ന ചിന്തയാണ് യാത്രയ്ക്ക് തുടക്കമിട്ടത്. കതിരുപൊട്ടാന്‍ തുടങ്ങിയ വയനാടന്‍ നെല്‍പ്പാടങ്ങള്‍ കോടമഞ്ഞില്‍ പൊതിഞ്ഞ് വഴി നീളെ മാദകഗന്ധമുയര്‍ത്തി കൂടെക്കൂടി. മഞ്ഞുതള്ളികള്‍ പലപ്പോഴും കാഴ്ചയെ മറച്ചുകളഞ്ഞു. കേരളം പിന്നിട്ട് തുടങ്ങിയതോടെ വിസ്മയങ്ങളുടെ ചെപ്പുതുറന്നു. മുത്തങ്ങയും നീണ്ട് നിവര്‍ന്ന ബന്ദിപ്പുര്‍ കാടും കടന്ന് ടിപ്പിക്കല്‍ കന്നഡ ഗ്രാമങ്ങളുടെ ഹൃദയം തൊട്ടൊരു യാത്ര.
മിനുക്കിയൊരുക്കിയ കുഞ്ഞുവീടുകള്‍ കര്‍ണാടകയുടെ കാര്‍ഷിക പാരമ്പര്യത്തെ കൊത്തിവെച്ചിരിക്കുന്നു. പശുക്കളും തൊഴുത്തുകളും ട്രാക്ടറുകളുമില്ലാത്ത വീടുപോലും ചുരുക്കം. കാളവണ്ടികളും ആട്ടിടയന്‍മാരുടെ കൂട്ടങ്ങളും വഴി തടസ്സപ്പെടുത്തികൊണ്ടുള്ള ദീര്‍ഘനേരത്തെ യാത്ര നല്‍കിയ ക്ഷീണത്തെ ഒരു മലകയറ്റം അപ്പാടെയില്ലാതാക്കി കളയുകയായിരുന്നു. നോക്കത്താ ദൂരത്തോളമുള്ള കര്‍ണാടക പാടങ്ങളുടേയും കുന്നിന്‍ തലപ്പുകളുടേയും ആകാശദൃശ്യങ്ങളാണ് ഹിമാവദ് ഗോപാല്‍സ്വാമി ബെട്ടയിലേക്കുള്ള യാത്ര മുന്നില്‍ ഒരുക്കി വെച്ചിരുന്നത്. മലകയറി നേരെ ഗോപാല്‍സ്വാമിയുടെ സവിധത്തിലേക്ക്.

മലകയറ്റത്തിനിടെ താഴ്‌വര ഗ്രാമങ്ങളിലെ തഴച്ചുവളര്‍ന്ന നെല്ലും ചോളവും ചെണ്ടുമല്ലിയുമെല്ലാം ഒരു ചിത്രകാരന്റെ ഭാവനയില്‍ വരച്ചിട്ടിരിക്കുന്ന പോലെ പല നിറങ്ങളില്‍ പല രൂപത്തില്‍ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം കടന്ന് ബന്ദിപ്പുര്‍ ടൈഗര്‍ റിസര്‍വിനുള്ളിലെ മഞ്ഞുകുന്നുകള്‍ കയറിയെത്തിയാല്‍ സമുദ്രനിരപ്പില്‍നിന്ന് 4757 അടി ഉയരത്തിലുള്ള ഹിമാവാദ് ഗോപാല്‍സ്വാമിയുടെ മടിത്തട്ടിലെത്തി. അവിടെ ഗോപാല്‍സ്വാമിക്ക് ചുറ്റും പ്രകൃതിയൊരുക്കിയ ചുറ്റുമതില്‍ പോലെ അതിമനോഹരമായ കുന്നുകൾ തലയുയർത്തി നിൽക്കുന്നു.
നിങ്ങൾക്ക് മുന്നിലിതാ എന്റെ എല്ലാം സമർപ്പിക്കുന്നുവെന്ന് തോന്നിക്കുമാറ് ഗോപാലസ്വാമിയെ നോക്കി കുന്നുകൾ നിറഞ്ഞ് ചിരിക്കുന്നുണ്ട്. അതിന്റെ ഓരോ ഇലയനക്കനവും ക്ഷേത്രമുറ്റത്ത് നിന്ന് തെളിഞ്ഞ് കാണാം. മറക്കാനാവാത്ത കാഴ്ചകള്‍. കോടമഞ്ഞ് തൊട്ടടുത്തുയാളെ പോലും ഒരു നിമിഷം മായ്ച്ചുകളയും. വര്‍ഷം മുഴുവന്‍ മഞ്ഞുമൂടുന്ന മലകളും ഗോപാല്‍സ്വാമിക്ക് അടുത്തേക്കുള്ള മലകയറിയുള്ള യാത്രയും തണുത്ത കാറ്റുമാണ് യാത്രയുടെ ഹൈലൈറ്റ്‌സ്. ഓര്‍ത്തുവെക്കാന്‍ ഒത്തിരി ഓര്‍മകളുമായി മലയിറങ്ങാം.

കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിനടുത്താണ് ഗോപാല്‍സ്വാമി മലനിരകള്‍. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് മുത്തങ്ങ വഴി ബന്ദിപ്പൂര്‍ വനമേഖല കടന്ന് വേണം ഗോപാല്‍സ്വാമി ഹില്‍ റോഡിലെത്താന്‍. പിന്നെ സ്വാഗതം ചെയ്യുന്നത് നോക്കത്താ ദൂരത്തോളമുള്ള പാടങ്ങളാണ്. കരിമ്പും ചോളവും വാഴയും പൂപ്പാടങ്ങളും നിറഞ്ഞ പാടങ്ങള്‍ക്ക് നടുവിലൂടെ സഞ്ചരിച്ചാല്‍ ഗോപാല്‍സ്വാമി മലനിരയുടെ താഴ്‌വാരത്തെത്താം. അവിടെനിന്ന് കര്‍ണാടക ആര്‍.ടി.സിയുടെ പ്രത്യേക ടിക്കറ്റ് കൗണ്ടറില്‍നിന്ന് ബസ് ടിക്കറ്റെടുത്തു വേണം യാത്ര തുടരാന്‍. മറ്റ് വാഹനങ്ങള്‍ക്ക് ചെക്ക് പോസ്റ്റിനപ്പുറം പ്രവേശനമില്ല.
അപ് ആന്‍ഡ് ഡൗണ്‍ അറുപത് രൂപ ടിക്കറ്റാണ് ഒരാള്‍ക്ക്. പിന്നീടാണ് വിസ്മയിപ്പിക്കുന്ന ബസ് യാത്ര. പ്രത്യേക ദിവസങ്ങളിലും അവധി ദിവസങ്ങളിലും ടിക്കറ്റ് കൗണ്ടറിലേക്ക് ഒന്നും രണ്ടും മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടതായി വരും. മറ്റ് ദിവസങ്ങളിലും തിരക്കുണ്ടാവുമെങ്കിലും അധികം വൈകാതെ ബസ്സില്‍ കയറിപ്പറ്റാം. പക്ഷെ, ഈ മടുപ്പിനെയൊക്കെ മഞ്ഞുപോലെ അലിയിച്ച് കളയുന്നതായിരിക്കും ഇരുപത് മിനുറ്റോളമുള്ള ബസ് യാത്ര. വളഞ്ഞ് പുളഞ്ഞ് മലമുകളിലേക്ക് കയറിപ്പോവുന്ന ബസ് കാത്തുവെച്ചിരിക്കുന്നത് മറക്കാനാവാത്ത കാഴ്ചയാവും. കാടിനെ വകഞ്ഞ് മുറിച്ചുള്ള റോഡായതിനാല്‍ യാത്രയില്‍ വന്യമൃഗങ്ങളുടെ കാഴ്ചയെത്തും. ആനകളുടേയും കാട്ടികളുടേയും സ്ഥിരം വിഹാരകേന്ദ്രം.

ബന്ദിപ്പൂര്‍ ദേശീയോധ്യാനത്തിലെ ഏറ്റവും ഉയരമുള്ള മലനിരകളാണ് ഗോപാല്‍സ്വാമി ഹില്‍സ്. വര്‍ഷം മുഴുവന്‍ ഇവിടം മഞ്ഞ് മൂടുന്നതിനാല്‍ ഹിമാവന്‍ എന്ന് പേര് വന്നു. മലകയറിപ്പോവുന്ന ബസ് യാത്ര അവസാനിപ്പിക്കുന്നത് ഹിമാവന്‍ ഗോപാല്‍സ്വാമി ക്ഷേത്രത്തിന് മുന്നിലാണ്. ഒരു പക്ഷെ ഏറ്റവും ഉയരത്തിലുള്ള പുരാതന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്ന്. എ.ഡി 1315 -ല്‍ ചോളരാജാക്കന്‍മാര്‍ നിര്‍മിച്ചിട്ടുള്ള ഈ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി സഞ്ചാരികളാണ് വര്‍ഷാവര്‍ഷമെത്തുന്നത്.
രാവിലെ തുടങ്ങുന്ന ബസ് സര്‍വീസ് വൈകുന്നേരം 4.30 വരെ തുടരും. തന്നെ കാണാനെത്തുന്നവര്‍ക്കായുള്ള പ്രത്യേകം തയ്യാറാക്കിവെച്ച അരിയും മത്തനും ഉരുളക്കിഴങ്ങുമിട്ട പ്രസാദക്കഞ്ഞിയും പായസവും സന്ദര്‍ശകരുടെ വിശപ്പകറ്റുകയും ചെയ്യും. ഗോപാല്‍സ്വാമിയെ കാണാന്‍ എന്നും വൈകുന്നേരമെത്തുന്ന കാട്ടാനയും ഇവിടത്തെ പ്രത്യേകതയാണ്.
സന്ദര്‍ശകരുടെ തിരക്കൊഴിഞ്ഞാല്‍ ക്ഷേത്രപരിസരം പിന്നീട് ഈ കാട്ടാനയ്ക്കും ശ്രീകൃഷ്ണ സ്വാമിക്കും മാത്രമുള്ളതാണ്. മുതുമല വന്യജീവി സങ്കേതവും സത്യമംഗലം കാടും ഇതിനപ്പുറമാണ്. അതുകൊണ്ടു തന്നെ തൊട്ടടുത്ത കുന്നില്‍ ആനകള്‍ വിഹരിക്കുന്നതും സ്ഥിരം കാഴ്ച. കര്‍ണാടക ആര്‍.ടി.സി യുടെ കൗണ്ടറില്‍ ഒരിക്കല്‍ ടിക്കറ്റെടുത്ത് മുകളില്‍ കയറിയാല്‍ വൈകുന്നേരം ബസ് സര്‍വീസ് അവസാനിക്കുന്നത് വരെ എത്രസമയം വേണമെങ്കിലും ഇവിടെ ചെലവിടാം. തിരിച്ചുവരാന്‍ ഏത് ബസ്സിലും കയറാമെന്നത് കൊണ്ട് തന്നെ വന്ന ബസ്സിനെ നോക്കിയിരിക്കുകയും വേണ്ട.
കോടമഞ്ഞ് അതിശക്തമായി ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നീട് യാത്ര ദുഷ്‌ക്കരമാവും. ഒപ്പം വന്യമൃഗങ്ങളുമുണ്ടാവും. അതുകൊണ്ടാണ് 4.30-ന് ബസ് സര്‍വീസ് അവസാനിപ്പിച്ചുകൊണ്ട് സമയം നിയന്ത്രിച്ചിട്ടുള്ളത്. മൈസൂരില്‍നിന്ന് 80 കിലോ മീറ്റർ യാത്രയാണ് ഇവിടേക്ക്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് 53 കിലോ മീറ്റർ സഞ്ചരിച്ച് ഇവിടെയെത്താം. കേരളത്തില്‍നിന്ന് വയനാട് വഴി പോവുമ്പോള്‍ ബന്ദിപ്പൂര്‍ വനമേഖല പിന്നിട്ട് ചാമരാജ് നഗര്‍ കഴിഞ്ഞ് വലതുവശത്തേക്കുള്ള ഹിമവാദ് ഗോപാല്‍സ്വാമി ഹില്‍സ് റോഡിലൂടെ ബേരമ്പാടിയില്‍നിന്ന് ഇടത്തോട്ടേക്ക് പോവുന്ന റോഡ് ചെന്നെത്തുന്നത് നേരത്തെ പറഞ്ഞ ചെക്ക് പോസ്റ്റിലേക്കാണ്. ചെറുവാഹനങ്ങള്‍ക്ക് ഈ വഴി പോവാമെങ്കിലും വലിയ വാഹനങ്ങള്‍ ഗുണ്ടല്‍പേട്ടിലെത്തി ഊട്ടിറോഡിലൂടെ പോയാല്‍ ചെക്ക് പോസ്റ്റിലെത്താം. ഈ വഴിയും മനംമയക്കും കാഴ്ചകളുടേതാണ്.
കേരളത്തില്‍നിന്നു വയനാട് ചുരത്തിന് പുറമെ നാടുകാണി ചുരം വഴിയും ഇങ്ങോട്ടെത്താം. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ - വഴിവക്കടവ് വഴി സഞ്ചരിച്ച് നാടുകാണി ചുരം കയറി ഗൂഡല്ലൂര്‍ വഴിയാണ് റൂട്ട്. ഗുണ്ടല്‍പേട്ടില്‍നിന്ന് 16 കിലോ മീറ്റർ യാത്രയാണുള്ളത്. ബെംഗളൂരുവില്‍നിന്ന് 220 കിലോ മീറ്റർ ദൂരവും മൈസൂരുവില്‍നിന്ന് 75 കിലോ മീറ്റർ ദൂരവുമുണ്ട്. രാവിലെ എട്ടരയോടെയാണ് ബസ് യാത്ര ആരംഭിക്കുക. ഇത് വൈകുന്നേരം 4.30 മണിവരെ തുടരും. ഒമ്പത് മണിക്കാണ് ക്ഷേത്രനട തുറക്കുക. ഉച്ചയ്ക്ക് ക്ഷേത്രത്തില്‍നിന്ന് ലഭിക്കുന്ന പ്രസാദവും കുടിവെള്ളവും മാത്രമാണ് മലമുകളില്‍ ലഭിക്കുക. മറ്റ് ചെറുകിട ഭക്ഷണ കൗണ്ടറുകളെല്ലാം ക്ഷേത്രത്തിന് താഴെ ചെക്ക് പോസ്റ്റിനടുത്ത് മാത്രമാണ് ലഭിക്കുക. പ്ലാസ്റ്റിക് ബോട്ടിലുകളടക്കമുള്ളവയ്ക്ക് കര്‍ശന നിയന്ത്രണവുമുണ്ട്.
മനോഹരമായ പുരാതന കോട്ടയാണ് കുന്നിന്‍ മുകളിലുള്ളത്. ഇതിനുള്ളിലാണ് ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ഗോപാലസ്വാമി ക്ഷേത്രം. ക്ഷേത്രത്തിന്റെ ഗോപുരം ഒറ്റത്തടിയുള്ളതും ചുറ്റുമതിലിന്റെ ചുവരില്‍ കിടക്കുന്നതുമായിട്ടുള്ളതാണ്. മുഖമണ്ഡപത്തിന്റെ മുന്‍ഭാഗത്തെ ഭിത്തിയില്‍ ദശാവതാരത്തിന്റെ (വിഷ്ണുവിന്റെ അവതാരങ്ങള്‍) ശില്‍പം അടങ്ങിയിരിക്കുന്നു. ഒരു മരത്തിന്റെ ചുവട്ടില്‍ ഓടക്കുഴല്‍ വായിക്കുന്ന തരത്തിലുള്ളതാണ് ശ്രീകൃഷ്ണ പ്രതിഷ്ഠ. ഇടത്തെ കാല്‍വിരല്‍ വലതുവശത്ത് ചാഞ്ഞുകിടക്കുന്ന വിധത്തിലാണ് ശ്രീകൃഷ്ണവിഗ്രഹം മനോഹരമായി കൊത്തിവച്ചിരിക്കുന്നത്.
ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ കര്‍ണാടകത്തില്‍ നിന്നെത്തുന്ന സ്ത്രീകള്‍ക്ക് ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്. അതുകൊണ്ടു തന്നെ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവരില്‍ ഭൂരിഭാഗവും സത്രീകളുമാണ്. ബസ്സില്‍ സൈഡ് സീറ്റ് ലഭിക്കുക എന്നതാണ് ആദ്യം ലഭിക്കേണ്ട ഭാഗ്യം. അങ്ങനെ കിട്ടിയാല്‍ അവിസ്മരണീയമായ കാഴ്ചകള്‍ക്ക് മനസ്സുകൊണ്ട് തയ്യാറെടുക്കാം. പക്ഷെ, നിന്നടക്കം യാത്രചെയ്യുന്നവരെ കൊണ്ട് ബസ് എപ്പോഴും നിറഞ്ഞിരിക്കും. രാവിലെ ആരംഭിക്കുന്ന ഫസ്റ്റ് ട്രിപ്പില്‍ തന്നെ ടിക്കറ്റ് കരസ്ഥമാക്കി യാത്ര തുടരുന്നതാവും ഏറ്റവും ഉചിതം. അങ്ങനെയാവുമ്പോള്‍ കോടമഞ്ഞിന്റെ യഥാര്‍ഥ വിസ്മയങ്ങളെ അടുത്തനുഭവിക്കാം.

മഞ്ഞ് വന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പോവുകയും അതുപോലെ തന്നെ തിരിച്ചുവരികയും ചെയ്ത് പറഞ്ഞറിയാക്കാനാവാത്ത മനോഹാരാതിയാണ് കാഴ്ചക്കാര്‍ക്ക് നല്‍കുക. ഒപ്പം കാറ്റും ഇടയ്‌ക്കെത്തുന്ന ചാറ്റല്‍മഴയും മിഴിവേകും. മൂടല്‍മഞ്ഞ് എന്നര്‍ഥമുള്ള ഹിമാവാദ്, കുന്നുകളാല്‍ മൂടപ്പെട്ട കോട്ടയെന്നര്‍ഥമുള്ള ബെട്ട, ഗോപാലസ്വാമി. ഇത് മൂന്നും ചേര്‍ന്നാണ് ക്ഷേത്രത്തിന് ഹിമാവദ് ഗോപാലസ്വാമി ബെട്ട എന്ന് പേര് ലഭിച്ചിട്ടുള്ളത്. കാക്കളില്ലാത്ത മലയാണ് ഹിമാവാദ് മലനിരകളെന്നും പറയപ്പെടുന്നുണ്ട്. ഇതിന് ആധാരമായി പറയുന്ന ഐതിഹ്യമുണ്ട്. പണ്ട് ഒരു കാക്ക മലമുകളിലെ ഒരു കുളത്തില്‍ മുങ്ങിച്ചത്തെന്നും അതില്‍ പിന്നെ കാക്ക ഹംസമായി മാറിയെന്നും പറയുന്നു. ഇതില്‍ പിന്നെയാണ് ഇവിടെ കാക്കളില്ലാത്ത മലനിരകളായി അറിയപ്പെടാന്‍ തുടങ്ങിയതെന്നും ഐതിഹ്യമാണ്. ഐതിഹ്യം എന്തായാലും ഇവിടെ കാക്കകളില്ല എന്നതാണ് യാഥാര്‍ഥ്യം.
ഒരു ടൂറിസം സ്‌പോട്ടിനെ എങ്ങനെ കര്‍ണാടക സംരക്ഷിക്കുന്നുവെന്നും ഇതിലൂടെ എങ്ങനെയവര്‍ വരുമാനം കണ്ടെത്തുന്നുവെന്നും ഒരു പക്ഷെ കര്‍ണാടകയെ മാതൃകയാക്കുക തന്നെ വേണം. ബസ് സര്‍വീസിലൂടെ മാത്രം കര്‍ണാടക കെ.എസ്.ആര്‍.ടി.സിക്ക് വലിയ വരുമാനമാണ് ലഭിക്കുന്നത്. ഒരാള്‍ക്ക് അറുപത് രൂപയാണ് ടിക്കറ്റ്. മിക്ക ബസുകളിലും ആളുകള്‍ നിന്ന് പോലും യാത്ര ചെയ്യുന്നതിനാല്‍ കര്‍ണാടകത്തിലെ സ്ത്രീകള്‍ക്ക് നല്‍കുന്ന സൗജന്യ ടിക്കറ്റിന്റെ പണം നഷ്ടത്തിലില്ലാത്ത രീതിയില്‍ ഇവര്‍ കൈകാര്യം ചെയ്യുന്നു. ഒരു ബസ് നിറയെ ആളുകളുമായി പോവുമ്പോള്‍ മറ്റൊരു ബസ് എത്തുന്ന രീതിയിലാണ് യാത്രാ ക്രമീകരണം. നാലും അഞ്ചും ബസ്സുകളാണ് ഈ കുന്നിന്‍മുകളില്‍ മാത്രം യാത്ര നടത്തുന്നത്. കൃത്യമായ പരിശോധനയിലൂടെ മാത്രം കടത്തിവിടുന്നതിനാല്‍ പ്ലാസ്റ്റിക്കുകളും മറ്റും മലയിലേക്കെത്തുന്നില്ല. ഇത് പ്രകൃതി സംരക്ഷണത്തിനും വഴിയൊരുക്കുന്നു. ഒപ്പം ഇതിനോട് അനുബന്ധിച്ചുള്ള വലിയൊരു വ്യാപാര ശൃംഖലയും മലയ്ക്ക് താഴെ വളര്‍ന്ന് വരുന്നുണ്ട്. കാഴ്ചകൾ കണ്ട് ദർശനപുണ്യം അനുഭവിച്ച് മലയിറങ്ങി, ഗോപാൽസ്വാമിയെ എന്നും കാണാനെത്തുന്ന കാട്ടാനയെ സമയക്കുറവ് മൂലം കാണാനായില്ല എന്ന ഒറ്റ സങ്കടത്തോടെ.
Content Highlights: Travel To Gopalswami Betta Gundalpet
Published: 25 Oct 2023, 03:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented