മാനവസംസ്കാരവും നാഗരികതയും പിറന്നുവീണ് പടർന്ന് പന്തലിച്ച നാടായ ഈജിപ്ത് മഹത്തായ ചരിത്രശേഷിപ്പുകളുടെ ഭൂമികയാണ്. ഇവിടേക്കുള്ള യാത്ര ഒരുപാട് നാളുകളായുള്ള സ്വപ്നമായിരുന്നു. സഹസ്രാബ്‌ദങ്ങളുടെ പഴക്കമുള്ള പിരമിഡുകളും ഫറവോമാരുടെ കാലത്തെ ശില്പകലയും ആഭിജാത്യചിഹ്നങ്ങളും ഗ്രീക്ക് റോമൻ കാലഘട്ടത്തിലെ വാസ്‌തുവിദ്യയും പടയോട്ടങ്ങളും ക്രിസ്ത്യൻ സ്മാരകങ്ങളുടെ പ്രൗഢിയും ഇസ്ലാമിക കലയുടെ ചൈതന്യവും നൈൽ നദിയുടെ അമ്പരപ്പിക്കുന്ന ജൈവപ്രകൃതിയും സമ്പന്നമാക്കുന്ന പ്രദേശം. ഏതൊരു ചരിത്രസ്നേഹിയായ യാത്രികനെയും മോഹിപ്പിക്കുന്ന രഹസ്യകലവറയാണ് പിരമിഡുകൾ നിലനിൽക്കുന്ന ഈ ഭൂമി.
കാഴ്ച്ചയിലെ വിസ്മയങ്ങളെക്കാൾ അറിവുകളുടെ ശേഖങ്ങളാണ് ഈ നിർമിതികളെ കൂടുതൽ മനോഹരവും, ഒപ്പം അത്ഭുതകരവുമാക്കുന്നത്. ലോകാത്ഭുതങ്ങളിൽ ഒന്നായ ഗിസയിലെ 'ദി ഗ്രേറ്റ് പിരമിഡും' മറ്റു പിരമിഡുകളും സന്ദർശിച്ചതിൻറെ വിശേഷങ്ങൾ നോക്കാം. കഴിഞ്ഞ ഈദ് പെരുന്നാൾ അവധിദിവസങ്ങളിൽ ദീർഘകാലമായി ബക്കറ്റ് ലിസ്റ്റിൽ കിടന്നിരുന്ന ഈജിപ്തിലേക്കുള്ള യാത്ര പെട്ടെന്നാണ് തീരുമാനിച്ചത്. ദോഹയിൽ നിന്ന് ഈജിപ്ത് എയറിൽ വൈകീട്ട് അഞ്ച് മണിയോടുകൂടി കെയ്റോ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തി.
ഖത്തർ വിസ ഉള്ളതിനാൽ ഓൺ അറൈവൽ വിസ ലഭിച്ചു. ഗിസയിലെ നൈൽ നദീതീരത്തെ ഹോട്ടലിലെത്തിയ ഉടനെ തന്നെ ടൂർ പാക്കേജിൻറെ ഭാഗമായുള്ള നൈൽ നദിയിലൂടെയുള്ള ക്രൂയിസിന് പുറപ്പെട്ടു. ആദിമ സംസ്കാരം പിറന്നുവീണ, ആഫ്രിക്കയിലെ ഏറ്റവും നീളമുള്ള നദിയായ നൈലിലൂടെയുള്ള രാത്രിയാത്ര മനോഹരമായിരുന്നു. അറബ് സംഗീതത്തിൻറെ അകമ്പടിയും മദിപ്പിക്കുന്ന ബെല്ലി ഡാൻസും തനത് അറബ് ഭക്ഷണവും കൂടിച്ചേർന്ന ഒരു ഉല്ലാസയാത്ര! പത്തുമണിയോടെ തിരികെ ഹോട്ടലിൽ എത്തി. യാത്രാക്ഷീണം കാരണം പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതിവീണു.
അടുത്ത ദിവസം രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം ഒൻപത് മണിയോടെ കാഴ്ചകൾക്ക് കൊണ്ടുപോകുവാനായി ഗൈഡ് തൗഫീഖ് ഹോട്ടലിൽ എത്തി. കെയ്റോ യൂണിവേഴ്സിറ്റിയിൽനിന്ന് ആർക്കിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ള തൗഫീഖ് തങ്ങളുടെ രാജ്യത്തിൻറെ പ്രൗഢമായ ചരിത്രത്തെ പറ്റി ആഴത്തിൽ അവഗാഹമുള്ള വ്യക്തിയായിരുന്നു. ഗിസയിലെ പിരമിഡുകൾ, സ്ഫിങ്‌സ്, വാലി ടെംപിൾ, സഖാറ, മെൻഫിസ് തുടങ്ങിയ പുരാതന ഈജിപ്തിൻറെ ചരിത്രശേഷിപ്പുകൾ നിലനിൽക്കുന്ന സ്ഥലങ്ങളിലേക്കാണ് ഇന്നത്തെ യാത്ര. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടുള്ള വലിയൊരു സ്വപ്നമായിരുന്നു പിരമിഡുകൾ സന്ദർശിക്കണം എന്നുള്ളത്. അവിടേക്ക് എത്തുന്നതിൻറെ ആകാംക്ഷയായിരുന്നു ഉള്ളിൽ.
ആദ്യം ഞങ്ങൾ പോയത് ഗിസ നെക്രോപൊലീസിലേക്കാണ്. ഏകദേശം അരമണിക്കൂറെടുത്തു പുരാതന ലോകാത്ഭുതങ്ങളിൽ ഒന്നായ ദി ഗ്രേറ്റ് പിരമിഡ് ഉൾപ്പെടെ സ്ഥിതിചെയ്യുന്ന പിരമിഡ് കോംപ്ലക്സിലെത്താൻ. പ്രവേശന ടിക്കറ്റെടുത്ത് സുരക്ഷാ പരിശോധനയൊക്കെ കഴിഞ്ഞ് ഞങ്ങൾ പിരമിഡുകളുടെ അടുത്തേക്ക് നടന്നു. ചെറുപ്പത്തിൽ പഠിച്ചതും വായിച്ചതും കാണാൻ അതിയായി ആഗ്രഹിച്ചതുമായ പിരമിഡുകൾ നേരിൽ കണ്ടപ്പോൾ എന്തെന്നില്ലാത്ത ആഹ്ലാദമുണ്ടായി. പൗരാണിക ഈജിപ്തിൻറെ പ്രൗഢവും കൗതുകകരമായ നിർമാണചാരുതയുള്ള ശേഷിപ്പുകൾ കൺമുൻപിൽ!
ഇവിടെ മൂന്ന് വലിയ പിരമിഡുകളും നാല് ചെറിയ പിരമിഡുകളുമാണ് സന്ദർശകരെ അതിശയിപ്പിച്ചുകൊണ്ട് തല ഉയർത്തി നിൽക്കുന്നത്. നാലാമത്തെ രാജവംശത്തിലെ എട്ട് രാജാക്കന്മാരിൽ രണ്ടാമനായ ഫറവോ ഖുഫുവിൻറെ (ഗ്രീക്ക് ഭാഷയിൽ ചിയോപ്സ്) 'ദ ഗ്രേറ്റ് പിരമിഡ്' എന്നറിയപ്പെടുന്ന പിരമിഡാണ് അതിൽ പ്രധാനപ്പെട്ടത്. മകൻ ഫറവോ ഖഫ്രെ, ചെറുമകൻ ഫറവോ മെൻകൗറെ എന്നിവരുടേതാണ് അടുത്ത രണ്ടു പിരമിഡുകൾ.
'ദി ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസാ' എന്ന കൂറ്റൻ പിരമിഡിൻറെ ഭംഗി നന്നായി ആസ്വദിച്ചു. മുകളിൽ കയറി ഫോട്ടോകൾ എടുത്തു. ഏകദേശം 23 ലക്ഷം വലിയ ദീർഘചതുരാകൃതിയിലുള്ള ചുണ്ണാമ്പ് കല്ലുകൾകൊണ്ട് നിർമിച്ചതാണ് 'Pyramid of Cheops' എന്നും 'ഖുഫു' എന്നും അറിയപ്പെടുന്ന ഈ പുരാതന ലോകാത്ഭുതം. 300 മുതൽ 1500 കിലോ വരെ ഭാരം വരുന്ന കല്ലുകൾ ഇക്കൂട്ടത്തിൽ ഉണ്ട്. 147 മീറ്റർ ആണ് ഇതിൻറെ ഉയരം. BC 2580-2560 കാലഘട്ടത്തിലാണ് ഇത് നിർമിച്ചത്. ഏകദേശം 3800 വർഷത്തോളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമിതിയായിരുന്നു ഈ പിരമിഡ്. ഗ്രേറ്റ് പിരമിഡിനുള്ളിൽ അറിയപ്പെടുന്ന മൂന്ന് അറകളുണ്ട്. ഏറ്റവും താഴെ പാറക്കെട്ടിലേക്ക് വെട്ടിമാറ്റിയതും, മുകളിലായി ക്വീൻസ് ചേംബറും കിംഗ്സ് ചേംബറും.
ഖുഫു പിരമിഡിനു തൊട്ട് പിറകിലായി സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ വലിയ പിരമിഡായ ‘ഖഫ്രെ’ പിരമിഡും (Pyramid of Khafre / Chephren) കൂട്ടത്തിലെ ചെറിയ പിരമിഡായ 'മെൻകൗറെ' (Pyramid of Menkaure)യും സമീപമായുള്ള രാജ്ഞിമാരുടെ മൂന്ന് പിരമിഡുകളും കണ്ട് ഏകദേശം രണ്ട് മണിക്കൂറോളം അവിടെ ചിലവഴിച്ചു. പിരമിഡുകളുടെ പുറത്തെ മിനുസമാർന്ന വെളുത്ത ചുണ്ണാമ്പുകല്ല് ആവരണം ഭൂരിഭാഗവും നഷ്ടമായതായി കാണാം. ഒരു കുതിരസവാരിക്കായാണ് പിന്നീട് പോയത്. പിരമിഡുകൾ കാണാൻ പോകുന്നവർ തീർച്ചയായും ആസ്വദിക്കേണ്ട ഒന്നാണ് കുതിരസവാരിയും ഒട്ടകസവാരിയും എന്ന് കേട്ടിട്ടുണ്ടായിരുന്നു. പിരമിഡുകൾക്കടുത്തായി ധാരാളം ഒട്ടകങ്ങളും കുതിരവണ്ടികളും ഇതിനായി ഉണ്ട്. തികച്ചും ആനന്ദകരമായ ഒരു അനുഭവമായിരുന്നു ഇവിടുത്തെ ഏഴ് പിരമിഡുകളും ഒരുമിച്ച് കാണാൻ സാധിച്ച ഈ സവാരി.
4,500 വർഷത്തിലേറെയായിട്ടും ഈജിപ്ഷ്യൻ പിരമിഡുകൾ ഇപ്പോഴും അവയുടെ മഹിമ നിലനിർത്തുന്നു. ഈജിപ്തിൽ മാത്രം നൂറുക്കണക്കിന് പിരമിഡുകൾ ഉണ്ടായിരുന്നു എന്നാണ് ചരിത്രം. പക്ഷെ പലതും കാലഹരണപ്പെട്ടു. പുരാതന ഈജിപ്തുകാരുടെ വിശ്വാസത്തിൽനിന്നാണ് പിരമിഡുകൾ ജന്മം കൊണ്ടത്. ജങ്ങൾക്കും ദൈവത്തിനും ഇടയിലുള്ള ഒരു ഇടനിലക്കാരനായി ദൈവം തിരഞ്ഞെടുത്ത സവിശേഷവ്യക്തിയാണ് ഫറവോയെന്ന് അവർ വിശ്വസിച്ചിരുന്നത്.
രാജാവ് (ഫറവോ) മരിച്ചാൽ അവൻ മരണാനന്തര ജീവിതത്തിൻറെ ദേവനായ ‘ഒസൈറസ്' ആയി മാറും എന്ന വിശ്വാസമാണ് അവർക്കുണ്ടായിരുന്നത്. അതുകൊണ്ടാണ് മരണപ്പെട്ട ഫറവോയെ മമ്മിഫിക്കേഷൻ (സുഗന്ധദ്രവ്യങ്ങൾ കൊണ്ട് സംരക്ഷിച്ച്) നടത്തി മരണാനന്തര ജീവിതത്തിനുവേണ്ടി പിരമിഡിൻറെ ഉള്ളിൽ ഒരുക്കിവെച്ചിരുന്നത്. പിരമിഡിൻറെ മുകളിലെ മിനുസമാർന്ന കോണിൽ സൂര്യദേവൻറെ (Amun Ra) കിരണം പതിച്ച് പിരമിഡിനുള്ളിലെ ആത്മാവ് ദേവനായി മാറും എന്ന വിശ്വാസമാണ് ഈ പിരമിഡ് നിർമ്മാണത്തിന് പിന്നിൽ എന്ന് പറയപ്പെടുന്നു.
4500 വർഷങ്ങൾക്ക് മുൻപുള്ള ഈ അത്ഭുത നിർമിതികളുടെ പുറംകാഴ്ചകൾ മതിവരുവോളം കണ്ടാസ്വദിച്ചതിന് ശേഷം ഞങ്ങൾ മെൻകൗറെ പിരമിഡിനുള്ളിൽ കയറാൻ തീരുമാനിച്ചു. ഇതിനായുള്ള ടിക്കറ്റ് മുൻകൂർ വാങ്ങിയിട്ടുണ്ടായിരുന്നു. ഭീമാകാരമായ കല്ലുകൾക്കിടയിലൂടെ ഫറവോമാരുടെ മൃതിയറകളിലേക്ക് പ്രവേശിച്ചു. സാഹസികവും വ്യത്യസ്തവുമായ അനുഭവമായിരുന്നു അത്.
സഹസ്രാബ്ദങ്ങൾക്കു മുമ്പുള്ള ഈ അത്ഭുത നിർമ്മിതിക്കുള്ളിൽ കയറി കാഴ്ചകൾ കാണുന്നതിൻറെ അനുഭൂതി പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ഇടുങ്ങിയ വഴികൾ, വശങ്ങളിൽ നിരവധി അറകൾ, ചിലയിടങ്ങളിൽ സന്ദർശകർക്ക് അനുമതിയില്ലായിരുന്നു. മിക്കയിടത്തും സീലിങ്ങിന് ഉയരം തീരെ കുറവ്, അത്തരത്തിലുള്ള വഴികളിൽ തല താഴ്ത്തിയും മുട്ട് മടക്കിയും ആയിരുന്നു കയറിയത്. അരണ്ട വെളിച്ചം മാത്രമേ വഴിയിൽ ഉണ്ടായിരുന്നുള്ളു. മുകളിലേക്കും താഴേക്കും ഒരേ വഴി മാത്രമായിരുന്നതിനാൽ ചില ഭാഗങ്ങളിൽ മറ്റുള്ളവർക്ക് വഴിമാറി കൊടുക്കേണ്ടി വന്നു.
ഉള്ളിൽ എത്തിയാൽ 'കിങ് ചേംബർ' അല്ലാതെ ഒന്നും അവിടെ കാണാൻ സാധിക്കില്ല. കാരണം, മമ്മിയും മറ്റു പല നിധികളും മോഷ്ട്ടിക്കപെട്ടതായിട്ടാണ് പറയപ്പെടുന്നത്. ഈ കിങ് ചേംബറിലാണ് മമ്മിഫിക്കേഷൻ കഴിഞ്ഞ ഫറവോയെ മരണാനന്തര ജീവിതത്തിന് വേണ്ടി ഒരുക്കികിടത്തുന്നത്. കൂടാതെ മരണാനന്തര ജീവിതത്തിന് വേണ്ട എല്ലാ ആവശ്യസാധനങ്ങളും ഈ പിരമിഡിൽ ഫറവോയ്ക്ക് വേണ്ടി സൂക്ഷിക്കുമായിരുന്നു. അതിൽ വിലപടിപ്പുള്ള പല സാധനങ്ങളും ഉൾപ്പെടും. പിരമിഡിൻറെ ഇരുട്ടറകളിൽ മരുഭൂമിയുടെ ചൂടും ഓക്സിജൻറെ അളവ് കുറഞ്ഞതുമെല്ലാം കാരണം പുറത്തിറങ്ങിയപ്പോൾ നന്നായി ക്ഷീണിച്ചിരുന്നു.
പിരമിഡിനുള്ളിൽനിന്നും ഇറങ്ങിയതിനു ശേഷം ഞങ്ങൾ ‘സ്ഫിങ്സ്’ എന്ന പ്രശസ്ത പ്രതിമയുടെ അടുത്തേക്കാണ് പോയത്. മനുഷ്യശരീരവും സിംഹത്തിന്റെ ഉടലും ചിറകുകളുമുള്ള ഈ പ്രതിമ, ഒറ്റക്കല്ലിൽ തീർത്ത ലോകത്തെ ഏറ്റവും വലിയ ശിൽപങ്ങളിലൊന്നാണ്. ഖഫ്രെ പിരമിഡ് നിർമിച്ച നാലാം സാമ്രാജ്യത്തിലെ ഫറവോയായ ഖഫ്രെയുടെ മുഖമാണ് സ്ഫിങ്സിനുള്ളതെന്ന് കരുതിപ്പോരുന്നു. ഈജിപ്തിൽ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പുരാതനമായ ശിൽപമാണ് സ്ഫിങ്സ്.
പിരമിഡ് നിർമാണത്തിൽ ഒരുപാട് പരീക്ഷങ്ങളിലൂടെ കടന്നുപോയതിന് ശേഷമാണ് ഈജിപ്തുകാർ ശരിയിലേക്ക് എത്തിച്ചേർന്നത് എന്ന് തൗഫീഖ് പറഞ്ഞു. സ്റ്റെപ്പ് പിരമിഡ്, ബെൻഡ് പിരമിഡ്, റെഡ് പിരമിഡ്, ദി ഗ്രേറ്റ് പിരമിഡ് എന്നീ നാല് വ്യത്യസ്ത തരം പിരമിഡുകൾ ഇതിന് തെളിവുകളാണ്. പ്രധാനപ്പെട്ട പിരമിഡുകളെല്ലാം നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്തായി സഖാറ, മൈദം, ദഹ്ഷൂർ, ഗിസ എന്നിവിടങ്ങളിലാണ് നിർമിച്ചിരിക്കുന്നത്.
മസ്തബകൾ എന്ന് അറിയപ്പെടുന്ന ചെറിയ ശവകുടീരങ്ങളാണ് അവർ ആദ്യം നിർമിച്ചത്. ചരിഞ്ഞ വശങ്ങളൊടെ, ദീർഘചതുരാകൃതിയിൽ പരന്ന മേൽക്കൂരയോടെ ഇവ കാണപ്പെടുന്നു. ആദ്യകാല രാജവംശ കാലഘട്ടത്തിലാണ് ഈ ഘടനയിൽ ഇവ നിർമിച്ച് തുടങ്ങിയത്. പിരമിഡുകൾക്ക് മുൻപാണ് മസ്തബകൾ സൃഷ്ടിച്ചത്. മസ്തബയുടെ മോഡലായ സ്റ്റെപ്പ് പിരമിഡാണ് ആദ്യത്തെ പിരമിഡായി കണക്കാക്കുന്നത്.
ഗിസയുടെ തെക്കുഭാഗത്ത് സഖാറയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഞങ്ങൾ അവിടെ എത്തി. ഔദ്യോഗിക സെമിത്തേരിയായി രൂപപ്പെട്ട ഒരു പുരാതന ശവസംസ്കാര പ്രദേശമാണ് 'സഖാറ'. ഈജിപ്തിലെ ഏറ്റവും പുരാതനമെന്നു കരുതപ്പെടുന്നതും വലിയ പടവുകൾ പോലെ പണിതിരിക്കുന്നതുമായ ഈ പിരമിഡ് 'Pyramid of Djoser' എന്നും അറിയപ്പെടുന്നു. സ്റ്റെപ്പ് പിരമിഡുകൾക്ക് അവയുമായി ബന്ധപ്പെട്ട പ്രത്യേക വിശ്വാസങ്ങളുണ്ട്. നക്ഷത്രങ്ങളിലേക്കുള്ള ഒരു പടിയായിട്ടാണ് അവർ ഇതിനെ കണ്ടിരുന്നത്. നക്ഷത്രങ്ങളിൽ സ്ഥാനം പിടിക്കുന്നതിലൂടെ സൂര്യദേവനായ റായുടെ അടുത്തേക്ക് ആത്മാവ് എത്തിച്ചേരുമെന്ന് അവർ വിശ്വസിച്ചിരുന്നു. സ്റ്റെപ്പ് പിരമിഡിനുള്ളിലും സമീപമായുള്ള ഉനാസ് പിരമിഡിനുള്ളിലും ഞങ്ങൾ കയറി. കൂടാതെ നിരവധി ശവകുടീരങ്ങളും അവിടെ കാണാൻ സാധിച്ചു.
പുരാതന ഈജിപ്തിലെ എഴുത്ത് ലിപിയായ ഹൈറോഗ്ലിഫുകൾ ഇവിടങ്ങളിൽ കാണാമായിരുന്നു. അത് വായിക്കാൻ അറിയുന്ന തൗഫീഖ് ഞങ്ങൾക്ക് അതെല്ലാം വിശദീകരിക്കുകയും ചെയ്തു. സ്റ്റെപ്പ് പിരമിഡിന് ശേഷം ഏകദേശം 2600 ബിസിയിൽ സ്‌നെഫ്രു രാജാവ് പണികഴിപ്പിച്ചതാണ് ബെന്റ് പിരമിഡ്. ഒരു യഥാർത്ഥ പിരമിഡായി ആസൂത്രണം ചെയ്ത ആദ്യത്തെ പിരമിഡായിരുന്നു ഇത്. പക്ഷെ പിരമിഡിൻറെ മുകൾഭാഗത്തെ ആംഗിളിൽ അവർ പരാജയപ്പെട്ടു. മുകളിലേക്ക് കെട്ടി വന്നപ്പോൾ ഭാരം താങ്ങാൻ കഴിയത്തതിനാൽ പിരമിഡിൻറെ രൂപത്തിൽ മാറ്റം വരുത്തിയതായാണ് കരുതപ്പെടുന്നത്.
ഈ തെറ്റിൽനിന്നും അവർ കൂടുതൽ പാഠങ്ങൾ പഠിച്ചു എന്നുവേണം മനസ്സിലാക്കാൻ. റെഡ് പിരമിഡ് ആണ് അടുത്തതായി നിർമിച്ചത്. ചുവന്ന കല്ലുകൾകൊണ്ട് നിർമിച്ചിരിക്കുന്ന റെഡ് പിരമിഡ് രൂപകൽപ്പന ചെയ്തതും സ്നെഫ്രു ആണ്. ഇതിനെ നോർത്ത് പിരമിഡ് എന്നും അറിയപ്പെടുന്നു. ദഹ്ഷുർ എന്ന പ്രദേശത്താണ് ബെന്റ് പിരമിഡും റെഡ് പിരമിഡും സ്ഥിതിചെയ്യുന്നത്. നിഗൂഡതകൾ നിറഞ്ഞ മരുഭൂമിയിലെ വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളായ പിരമിഡുകളുടെ നിർമാണത്തെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ നിലനിൽക്കുന്നുണ്ട്. അത് എങ്ങനെ നിർമിച്ചു എന്നത് ഇപ്പോഴും ഒരു പ്രഹേളികയാണ്.
ആയിരക്കണക്കിന് തൊഴിലാളികളുടെ വർഷങ്ങളോളമുള്ള കഠിനമായ അദ്ധ്വാനഫലം, സാങ്കേതികവിദ്യകൾ ഒന്നുമില്ലാതിരുന്ന 4500 വർഷങ്ങൾക്ക് മുൻപുള്ള നിർമ്മാണരീതി, നമുക്ക് വിശ്വസിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. പ്രാകൃതാനന്തര ശിലായുഗത്തിൽനിന്ന് ഈജിപ്ത് പുറത്തുവരുന്ന കാലത്ത് ചക്രങ്ങളും ഇരുമ്പുമൊക്കെ കണ്ടുപിടിക്കുന്നതിനും മുൻപ്, കൃത്യമായ മികവോടെ, സങ്കീർണമായി രൂപകൽപ്പന ചെയ്ത, അസാധാരണമായ ഘടനയുള്ള പിരമിഡുകൾ ഇത്രയും കണിശമായി എങ്ങനെ നിർമിക്കാൻ സാധിച്ചു എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്. ആയിരക്കണക്കിന് കിലോയ്ക്ക് മുകളിൽ ഭാരമുള്ള കല്ലുകളും ഗ്രാനൈറ്റുകളും ഉപയോഗിച്ച് ഗണിതശാസ്ത്ര സവിശേഷതകൾ എല്ലാം കൃത്യമാക്കി പിരമിഡുകൾ നിർമിച്ചിരിക്കുന്നു.
എന്നാൽ ഇത് അന്യഗ്രഹജീവികളുടെ നിർമിതികൾ ആണെന്ന് ഉറച്ച് വിശ്വസിക്കുന്നവരുമുണ്ട്. ഇവയുടെ നിർമാണത്തെ കുറിച്ച് വിശദീകരിക്കാൻ ഈജിപ്റ്റോളജിസ്റ്റുകൾ ബുദ്ധിമുട്ടുമ്പോൾ അന്യഗ്രഹജീവികളുടെ രൂപവും പേടകവുമൊക്കെ പിരമിഡിനുള്ളിലെ ചിത്രപ്പണികളിലും ഹൈറോഗ്ലിഫുകളിലും കൊത്തിവച്ചിരിക്കുന്നതായി ഇവർ വാദിക്കുന്നു. മൂന്ന് പിരമിഡുകൾക്കും അനുപാതമായി ആകാശത്ത് തെളിയുന്ന മൂന്ന് നക്ഷത്രങ്ങളെ ഉദാഹരണമാക്കി, അന്യഗ്രഹജീവികൾക്ക് ഭൂമിയുമായി സിഗ്നലുകൾ കൈമാറാൻ വേണ്ടിയാണ് പിരമിഡുകൾ നിർമിച്ചതെന്നും പറയപ്പെടുന്നു.
പിരമിഡുകൾ ഭൂമധ്യരേഖയുടെ നടുക്കായി വരുന്നതുകൊണ്ട്, ഭൂമധ്യരേഖയിലൂടെ കടന്നുപോകുന്ന ഭൂമിയിലെ എല്ലാ നിർമ്മിതികൾക്കും ഈജിപ്ത് പിരമിഡുമായി ബന്ധമുണ്ട് എന്ന സിദ്ധാന്തങ്ങളും ഇവർ നിരത്തുന്നുണ്ട്. ഇൻഡ്യയിലും, ഓസ്ട്രേലിയയിലും മറ്റ് പല ദ്വീപുകളിലേയും നിർമ്മിതികളിലെ സമാനതകൾ ഇതുമായി കൂട്ടിച്ചേർത്ത് ഇവർ വിവരിക്കുന്നു.
ഗിസയിലെ പിരമിഡുകൾക്ക് സമീപം ബൃഹത്തായ ഭൂഗർഭഘടനകൾ കണ്ടെത്തിയെന്ന് അടുത്തിടെ മാധ്യമങ്ങളിൽ വായിച്ചിരുന്നു. റഡാർ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗവേഷകർ ഈ കണ്ടെത്തൽ നടത്തിയത് എന്ന് അവകാശപ്പെടുന്നു. ഇറ്റലിയിലെ സർവകലാശാലയിൽ നിന്നുള്ളവരാണ് ഗവേഷണം നടത്തിയത്. ഗിസയിലെ ഗ്രേറ്റ് പിരമിഡ്, ഖഫ്രെ പിരമിഡ്, മെൻകൗറെ പിരമിഡ് എന്നിവയുടെ താഴെയായിട്ടാണു 6500 അടിയിൽ വ്യാപിച്ചിരിക്കുന്ന ഒരു വലിയ ഭൂഗർഭഘടനാ സമുച്ചയം കണ്ടെത്തിയത്. ഖഫ്രെ പിരമിഡിനു താഴെയായി, അഞ്ച് സമാനരൂപമുള്ള ഘടനകളുണ്ടെന്നും ഈ ഘടനകൾ തമ്മിൽ പ്രത്യേക ഇടനാഴികളാൽ ബന്ധിക്കപ്പെട്ടിരുന്നുവെന്നും, ഈ പഥങ്ങൾക്ക് താഴെ എട്ട് കിണറുകളും വീണ്ടും താഴേക്കുപോകുമ്പോൾ ക്യൂബ് ആകൃതിയിലുള്ള ഘടനകൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതായും കണ്ടെത്തിയെന്നും അവകാശപ്പെടുന്നു.
പിരമിഡുകൾ ഈജിപ്ഷ്യൻ ചക്രവർത്തിമാരുടെ മൃതികുടീരങ്ങൾ എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകളുള്ള നിർമിതികളാണോയെന്ന സംശയം ഈ കണ്ടെത്തൽ ഉയർത്തുന്നു. ക്രിസ്റ്റഫർ ഡൻ എന്ന എൻജിനീയർ പിരമിഡുകൾ മെഷീനുകളാണെന്നും ശാസ്ത്രജ്ഞനായ നിക്കോള ടെസ്‌ല പിരമിഡുകൾ ഭൂമിയിൽനിന്നുള്ള ഊർജം ശേഖരിക്കുന്ന സംവിധാനങ്ങളാണെന്നും വിശ്വസിച്ചിരുന്നു. ഈ വാദങ്ങളൊക്കെ പുതിയ കണ്ടെത്തലോടെ ബലവത്തായിട്ടുണ്ട്. എന്നാൽ ഇങ്ങനെയുള്ള പരീക്ഷണങ്ങൾ ഒന്നും ഇവിടെ നടന്നതായി അറിയില്ലെന്നും, പശ്ചാത്യലോകത്തിൻറെ പ്രൊപഗണ്ടയാണിതെന്നുമാണ് തൗഫീഖിൻറെ വാദം.
പുരാതന ഈജിപ്തുകാർ നമുക്കായി ഒരുക്കിവെച്ച ആശ്ചര്യപ്പെടുത്തുന്ന നിർമിതികൾ അവരുടെ ആത്മാവിനെ അനശ്വരമാക്കി ഈ ഭൂമിയിൽ നിലനിർത്തുന്നു. പിരമിഡുകളെ നേരിട്ട് കാണുന്ന ഒരാൾക്ക് ഈ നിർമിതികളുടെ ചരിത്രം കൂടി മനസ്സിലാക്കുമ്പോൾ ഈ മരുഭൂമിയിൽ 5000 വർഷത്തിലേറെ പഴക്കമുള്ള മാനവരാശിയുടെ ഉറങ്ങികിടക്കുന്ന ചരിത്രം ആശ്ചര്യപ്പെടുത്തും. പിരമിഡിനെ കുറിച്ച് പറയുവാൻ ഇനിയും ഏറെയുണ്ട്. നൂറ്റാണ്ടുകളായി ആക്രമണങ്ങളെയും, ഭൂകമ്പങ്ങളേയുമെല്ലാം അതിജീവിച്ച് തല ഉയർത്തി നിൽക്കുന്ന ലോകാത്ഭുതമായ ഗിസയിലെ 'ദി ഗ്രേറ്റ് പിരമിഡും' മറ്റു പിരമിഡുകളും സന്ദർശിക്കാൻ സാധിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു.
Content Highlights: Travel Story Egypt Pyramids
Published: 16 Apr 2025, 03:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented