യാത്രകളെക്കുറിച്ചുള്ള ഇന്ത്യക്കാരുടെ സംഭാഷണങ്ങളിൽ ഒരു പുതിയ സ്ഥലപ്പേരാണ് ഇപ്പോൾ സ്ഥിരമായി കേൾക്കുന്നത്. അത് ബാലിയോ ബാങ്കോക്കോ അല്ല. സിങ്കപ്പുരിന് തെക്ക് ഭാഗത്തുള്ള ഇൻഡൊനീഷ്യയിലെ താരതമ്യേന ചെറിയ ഒരു ദ്വീപ്. പേര് ബിന്റൻ. 2025 ജനുവരിക്കും നവംബറിനും ഇടയിൽ 13,000-ത്തിൽ അധികം ഇന്ത്യൻ യാത്രക്കാരെയാണ് ഈ ദ്വീപ് സ്വാഗതം ചെയ്തത്. അഞ്ചു വർഷം മുൻപ് ഭൂരിഭാഗം ഇന്ത്യൻ യാത്രികരും ബിന്റനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലായിരുന്നു എന്ന് പരിഗണിക്കുമ്പോൾ ഇത് വലിയ സംഖ്യയാണ്. കടൽത്തീരങ്ങൾ, ലക്ഷ്വറി റിസോർട്ടുകൾ, ദീർഘദൂര വിമാനയാത്രയുടെ ക്ഷീണമില്ലാതെ, മുടക്കുന്ന പണത്തിന് ന്യായമായ മൂല്യം എന്നിവ നൽകുന്ന ഒരു ചെറിയ അന്താരാഷ്ട്ര യാത്രയാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ബിന്റൻ നിങ്ങളെ നിരാശപ്പെടുത്തില്ല.
എവിടെയാണ് ബിന്റൻ
ഇൻഡൊനീഷ്യയിലെ റിയാവു ദ്വീപുകളുടെ ഭാഗമാണ് ബിന്റൻ. ഇത് ദക്ഷിണ ചൈനാ കടലിൽ സിങ്കപ്പുരിന് ഏകദേശം 45 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നു. പ്രതീക്ഷിക്കുന്നതിലും വളരെ വലുതാണ് ഇത്. ഏകദേശം 1,100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ദ്വീപ് സിങ്കപ്പുരിനേക്കാൾ വലുതാണ്. സിങ്കപ്പുരിലെ താന മെറ ഫെറി ടെർമിനലിൽ നിന്നോ മലേഷ്യയിലെ ജോഹോർ ബെഹ്റുവിൽ നിന്നോ ഫെറി വഴിയാണ് ദ്വീപിൽ എത്തുന്നത്. സിങ്കപ്പുരിൽ നിന്നുള്ള ഫെറി വഴിയുള്ള യാത്രയ്ക്ക് ഏകദേശം 55 മിനിറ്റ് എടുക്കും. ജോഹോർ ബെഹ്റുവിൽ നിന്ന് ഏകദേശം 45 മിനിറ്റാണുള്ളത്.
ബിന്റൻ എന്തുകൊണ്ട് ഇന്ത്യക്കാർക്ക് പ്രിയപ്പെട്ടതാകുന്നു
ഭൂമിശാസ്ത്രപരമായ കാരണങ്ങളാണ് ഇതിൽ പ്രധാനം. ഇന്ത്യക്കാരുടെ യാത്രാ രീതികൾ കൂടുതലും ഹ്രസ്വവും ഇടയ്ക്കിടെയുള്ളതുമായ അന്താരാഷ്ട്ര യാത്രകളിലേക്ക് മാറിയിരിക്കുന്നു. ബിന്റൻ ഇതിന് ഏറ്റവും അനുയോജ്യമാണ്. മിക്ക ഇന്ത്യൻ മെട്രോ നഗരങ്ങളിൽ നിന്നും സിങ്കപ്പുരിലേക്കുള്ള ആകെ യാത്രാ സമയം ആറ് മുതൽ ഏഴ് മണിക്കൂർ വരെയാണ്. സിങ്കപ്പുരിൽ നിന്നുള്ള ഫെറിക്ക് ഒരു മണിക്കൂറിൽ താഴെ സമയമേ എടുക്കൂ. ഒരു ദീർഘ വാരാന്ത്യം അല്ലെങ്കിൽ നാല് ദിവസത്തെ യാത്രയ്ക്ക്, ബാലി അല്ലെങ്കിൽ മാലദ്വീപ് പോലെ സങ്കീർണമായ ഒരു യാത്രയല്ല ഇത്.
മറ്റുള്ളവയെ അപേക്ഷിച്ച് ബിന്റൻ വളരെ ലളിതമാണ്. എന്നാൽ മാലദ്വീപ് വളരെ ചെലവേറിയതാണ്. ബിന്റൻ വളരെ ചെലവ് കുറഞ്ഞതല്ലെങ്കിലും നിയന്ത്രണവിധേയമാണ്.
ബിന്റനിൽ എന്തെല്ലാം ചെയ്യാം
ബിന്റനിലെ അനുഭവം കൂടുതലും റിസോർട്ട് കേന്ദ്രീകൃതമാണ്. എന്നാൽ നിങ്ങൾക്ക് ചുറ്റിക്കറങ്ങണമെങ്കിൽ അതും വേണ്ടുവോളം ആകാം. കടൽത്തീരങ്ങളാണ് തുടക്കം. ബാലിയിലെ ജനപ്രിയ കടൽത്തീരങ്ങളെ അപേക്ഷിച്ച് വളരെ തിരക്ക് കുറഞ്ഞ വിശാലമായ മണൽപ്രദേശങ്ങൾ ലഗൂയ് ബേയിൽ ഉണ്ട്. വെള്ളം ശാന്തവും തെളിഞ്ഞതും ചൂടുള്ളതുമാണ്. മിക്ക പ്രധാന റിസോർട്ടുകൾക്കും നേരിട്ട് കടൽത്തീരത്തേക്ക് പ്രവേശനമുണ്ട്. കൂടാതെ സ്വകാര്യ ബീച്ചിനൊപ്പം മികച്ച സൗകര്യങ്ങളുള്ള റിസോർട്ടും ബിന്റനിലെ പ്രധാന അനുഭവമാണ്.
എല്ലാ റിസോർട്ടുകളിലും പ്രധാന ബീച്ച് പ്രദേശങ്ങളിലും വാട്ടർ സ്പോർട്സ് ലഭ്യമാണ്. കയാക്കിങ്, പാഡിൽബോർഡിങ്, ജെറ്റ് സ്കീയിങ്, വിൻഡ്‌സർഫിങ്, സ്നോർക്കെല്ലിങ് എന്നിവയെല്ലാം ഉണ്ട്. റിസോർട്ട് സോണിനപ്പുറം സഞ്ചരിക്കുന്നവർക്ക് സാംസ്കാരികവും പ്രാദേശികവുമായ രുപാട് കാര്യങ്ങളും ആസ്വദിക്കാം. ദ്വീപിന്റെ കിഴക്ക് ഭാഗത്തുള്ള തൻജങ് പിനാങ് പട്ടണം, ബിന്റന്റെ പ്രധാന നഗര കേന്ദ്രമാണ്. കൂടാതെ മലായ്, ചൈനീസ്, ഇൻഡൊനീഷ്യൻ പൈതൃകത്താൽ രൂപപ്പെട്ട ഒരു പ്രത്യേക സ്വഭാവവുമുണ്ട്. തൻജങ് പിനാങ്ങിൽ നിന്നുള്ള പെൻഗ്യേറ്റ് ദ്വീപ് ഡേ ട്രിപ്പ് ഇതിൽ പ്രധാനമാണ്. ചരിത്ര പ്രാധാന്യമുള്ള രാജകൊട്ടാരവും പള്ളിയുമുള്ള ഒരു ചെറിയ ദ്വീപാണിത്.
എത്തിച്ചേരാൻ: സിങ്കപ്പുരിലെ ചാങ്കി എയർപോർട്ടിലേക്ക് വിമാനത്തിൽ പറക്കുക. മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊൽക്കത്ത, കൊച്ചി എന്നിവിടങ്ങളിൽനിന്ന് നേരിട്ടുള്ള കണക്ഷനുകളുണ്ട്. ചാങ്കിയിൽ നിന്ന്, എംആർടിയിൽ താന മെറ സ്റ്റേഷനിലേക്ക് പോകുക. ശേഷം ഒരു ചെറിയ ടാക്സി അല്ലെങ്കിൽ ബസ് യാത്രയിലൂടെ താന മെറ ഫെറി ടെർമിനലിൽ എത്തുക. ബിന്റനിലെ റിസോർട്ട് ഭാഗത്തുള്ള ബന്ദർ ബെന്റൻ ടെലാനി ഫെറി ടെർമിനലിലേക്ക് ദിവസവും ഒന്നിലധികം ഫെറികൾ ഓടുന്നുണ്ട്. ഫെറി ഓപ്പറേറ്റർമാരിൽ സിൻഡോ ഫെറിയും മാജസ്റ്റിക് ഫാസ്റ്റ് ഫെറിയും ഉൾപ്പെടുന്നു. ഇന്ത്യൻ സ്കൂൾ അവധി ദിനങ്ങളിലും ദീർഘ വാരാന്ത്യങ്ങളിലും ഫെറി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുക.
വിസ: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഇൻഡൊനീഷ്യൻ വിസ ആവശ്യമാണ്. 2025 മുതൽ, ഫെറി ടെർമിനലിൽ ബിന്റനിൽ വിസ ഓൺ അറൈവൽ (VoA) ലഭ്യമാണ്. യാത്രയ്ക്ക് മുൻപ് നിലവിലെ VoA ക്രമീകരണങ്ങൾ പരിശോധിക്കുക. കാരണം ഇവ മാറാം.
കറൻസി: ഇൻഡൊനീഷ്യൻ റുപിയ (IDR) ആണ് പ്രാദേശിക കറൻസി. സംയോജിത റിസോർട്ട് സോണിനുള്ളിലെ മിക്ക റിസോർട്ട് ഇടപാടുകളും സിങ്കപ്പുർ ഡോളറിലോ കാർഡിലോ നടത്താം. പക്ഷെ പ്രാദേശിക വിപണികളിലോ പ്രധാന റിസോർട്ട് പ്രദേശങ്ങൾക്ക് പുറത്തോ ഉള്ള പർച്ചേഴ്സുകൾക്ക് കുറച്ച് പണം കരുതുക.
സന്ദർശിക്കാൻ ഏറ്റവും നല്ല സമയം: ബിന്റനിൽ വർഷം മുഴുവനും 28 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവുള്ള ഒരു ഉഷ്ണമേഖലാ കാലാവസ്ഥയാണുള്ളത്. ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ് സാധാരണയായി വരണ്ട മാസങ്ങൾ. നവംബർ മുതൽ ജനുവരി വരെയാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുക.
Content Highlights: Perfect short-haul alternative to Bali for Indian travelers., Seamless connectivity via Singapore with under 1-hour ferry rides., Integrated resort model offering luxury at a better value than the Maldives., Family-friendly infrastructure with diverse activities like golf and spa., Visa on Arrival convenience for Indian passport holders.
Published: 26 Mar 2026, 05:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented